

ഇന്ത്യന്‍ ഓഹരി നിക്ഷേപങ്ങള്‍ക്ക് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ലഭിച്ചത് ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാള്‍ കുറഞ്ഞ റിട്ടേണ്‍ എന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മികച്ച വരുമാനം നല്‍കിയിരുന്ന ഇന്ത്യന്‍ ഓഹരി വിപണി സൂചികകളുടെ പ്രകടനം അടുത്ത കാലത്തായി അത്ര ആശാവഹമല്ല. സെന്‍സെക്‌സിലും നിഫ്റ്റിയും നിക്ഷേപിച്ചവര്‍ക്ക് വലിയ വരുമാനമൊന്നും തിരികെ ലഭിച്ചിട്ടില്ലെന്നാണ് ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മ്യൂച്വല്‍ ഫണ്ട്, എസ്.ഐ.പി എന്നിവയിലൂടെ പ്രാദേശിക നിക്ഷേപകരാണ് വിപണിയെ വലിയ നഷ്ടത്തില്‍ നിന്ന് പിടിച്ചുനിറുത്തുന്നത്. എന്നാല്‍ വിദേശനിക്ഷേപകരുടെ ഓഹരി വിറ്റൊഴിക്കല്‍ നിര്‍ബാധം തുടരുകയാണ്. ഫലമോ ഒരു പരിധിവിട്ട് മുകളിലേക്ക് ഉയരാനോ താഴാനോ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് ഇരുസൂചികകളും.
മുഖ്യസൂചികയായ സെന്‍സെക്‌സ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ (2024 ഓഗസ്റ്റ് 26 മുതല്‍ 2025 ഓഗസ്റ്റ് 26 വരെ) 912 പോയിന്റുകള്‍ (1.12%) നഷ്ടത്തിലായെന്നാണ് കണക്ക്. ഐ.ടി, ഓട്ടോ കമ്പനികളുടെ ചുവടുപിടിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ 85,571 പോയിന്റുകള്‍ ഉയര്‍ന്നതാണ് വിപണി അടുത്തിടെ നേടിയ ഏറ്റവും വലിയ നേട്ടം. നിഫ്റ്റി 145 പോയിന്റുകള്‍ ഉയര്‍ന്നെങ്കിലും നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.5 ശതമാനവും സ്‌മോള്‍ക്യാപ് 6 ശതമാനവും നഷ്ടമുണ്ടാക്കി. നിഫ്റ്റി നെക്സ്റ്റ് 50 9 ശതമാനത്തോളവും നഷ്ടത്തിലായി.
ബാങ്ക് സ്ഥിരനിക്ഷേപങ്ങളെപ്പോലെ കൃത്യമായ റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപമല്ല ഓഹരി വിപണിയിലേത്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ പെട്ടെന്ന് വിപണിയെ സ്വാധീനിക്കും. യു.എസ് താരിഫ് സംബന്ധിച്ച തര്‍ക്കങ്ങളും റഷ്യ-യുക്രെയിന്‍ യുദ്ധവും ആഗോളതലത്തില്‍ തന്നെ ഓഹരി വിപണികളില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ഇത് ഇന്ത്യയിലേക്കും വ്യാപിച്ചതായാണ് വിലയിരുത്തല്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ നിന്നും ചെലവഴിക്കലിലേക്ക് സര്‍ക്കാര്‍ ചുവടുമാറ്റിയത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിലയും ഇടിച്ചു. പി.എസ്.യു ഇന്‍ഡെക്‌സ് 16 ശതമാനമാണ് ഇടിഞ്ഞത്. കമ്പനികളുടെ മൂല്യനിര്‍ണയം സംബന്ധിച്ച പ്രശ്‌നങ്ങള്‍, കോര്‍പറേറ്റുകളുടെ പ്രവര്‍ത്തന ഫലം പ്രതീക്ഷിച്ചത് പോലെ മികച്ചതല്ലാത്തത് തുടങ്ങിയ കാര്യങ്ങള്‍ നിക്ഷേപകരുടെ മനസ് മാറ്റിയെന്നും വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ 12 മാസത്തിനിടെ മാത്രം വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിറ്റൊഴിച്ചത് 40 ബില്യന്‍ ഡോളറെന്നാണ് ഐ.സി.ഐ.സി.ഐ സെക്യുരിറ്റീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, പ്രാദേശിക നിക്ഷേപകര്‍ ഇതിന്റെ ഇരട്ടി, ഏതാണ്ട് 80 ബില്യന്‍ ഡോളര്‍, വിപണിയിലേക്ക് ഒഴുക്കി. ഇന്ത്യ പോലുള്ള എമേര്‍ജിംഗ് വിപണികളില്‍ (Emerging market) വിദേശനിക്ഷേപകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതാണ് ഇതിനുള്ള കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ ഓഹരികളില്‍ വിദേശികളുടെ നിക്ഷേപം 15 വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയിട്ടുണ്ട്.
ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് ഈ സാഹചര്യത്തില്‍ മികച്ച തീരുമാനമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൃത്യമായ ലക്ഷ്യങ്ങളോടെ വിപണിയെ സമീപിക്കണം. ദീര്‍ഘകാല നിക്ഷേപമാണ് ലക്ഷ്യമെങ്കില്‍ ഇടക്കാലത്തുണ്ടാകുന്ന വിപണി പ്രകടനങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. മറ്റ് വിപണികളെ അപേക്ഷിച്ച് ഇന്ത്യക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ മികച്ച സാധ്യതകളാണുള്ളത്. ഇങ്ങനെയുള്ള നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന റിട്ടേണ്‍ ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാള്‍ കൂടുതലാണെന്നും മുന്‍കാല കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇടക്കാല നഷ്ടങ്ങള്‍ സഹിക്കാനും ക്ഷമയോടെ കാത്തിരിക്കാനുമുള്ള മനസ് നിക്ഷേപകന് ഉണ്ടാകണം.
സെപ്റ്റംബറില്‍ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജി.എസ്.ടി പരിഷ്‌ക്കരണം വിപണിക്ക് പുതിയ ഊര്‍ജ്ജമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യു.എസ് താരിഫ് സംബന്ധിച്ച വിഷയങ്ങള്‍ വലുതായി വിപണിയെ ബാധിക്കാന്‍ ഇടയില്ലെന്ന് വാദിക്കുന്നവരുമുണ്ട്. വിപണിയിലെ ഇടിവ് ഓഹരി വാങ്ങുന്നതിനുള്ള അവസരമാക്കണമെന്ന് ഉപദേശിക്കുന്നവരുമുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തോടെ കമ്പനികളുടെ പ്രകടനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാല്‍ വിപണിയില്‍ റാലി പ്രതീക്ഷിക്കാം. ഇതിനൊപ്പം ആഗോള സാഹചര്യങ്ങള്‍ കൂടി മെച്ചപ്പെട്ടാല്‍ നിക്ഷേപകര്‍ക്ക് നല്ല റിട്ടേണ്‍ ലഭിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
Disclaimer: Investing in share market involves market risks, including potential loss of principal. Past performance does not guarantee future results. Please read all scheme-related documents carefully before investing.
Sensex and Nifty failed to beat even bank FD returns over the past year. Analysts point to weak earnings, global uncertainty, and sectoral drag.
Read DhanamOnline in English
Subscribe to Dhanam Magazine