ഓഹരികളില്‍ ചാഞ്ചാട്ടം, എല്‍ ആന്‍ഡ് ടിയും എം.എം.ടി.സിയും ഇടിഞ്ഞു

ചെറിയ നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി കൂടുതല്‍ താഴ്ന്ന ശേഷം തിരിച്ചുകയറി. ബാങ്ക് ഓഹരികളാണ് ഇന്ന് കൂടുതല്‍ താഴ്ചയിലായത്.

ചൈനയുടെ മൂന്നാംപാദ ജി.ഡി.പി പ്രതീക്ഷിച്ചതിലും മെച്ചമായ 4.9 ശതമാനം വളര്‍ച്ച നേടിയത് ഏഷ്യന്‍ വിപണികളെ താഴ്ചയില്‍ നിന്ന് ഉയര്‍ത്തിയെങ്കിലും നേട്ടം നിലനിറുത്താനായില്ല; ചൈനയില്‍ വിപണി കൂടുതല്‍ താഴുകയും ചെയ്തു.
അറ്റാദായത്തില്‍ 27.7 ശതമാനം വളര്‍ച്ചയുണ്ടെങ്കിലും ബജാജ് ഫിനാന്‍സ് ഓഹരി റിസല്‍ട്ട് വന്ന ശേഷം ഒന്നര ശതമാനം ഇടിഞ്ഞു. എല്‍ ആന്‍ഡ് ടി ടെക്‌നിക്കല്‍ സര്‍വീസസ് ലാഭം പ്രതീക്ഷയിലും മെച്ചമായെങ്കിലും ഓഹരി മൂന്നര ശതമാനം താഴ്ന്നു. അടുത്ത പാദങ്ങളിലെ വരുമാന വളര്‍ച്ച നേരത്തേ പ്രതീക്ഷിച്ചതിനേക്കാളും കുറവായേക്കുമെന്ന് കമ്പനി പറഞ്ഞു. മൂന്നാംപാദത്തില്‍ പുതിയ ബിസിനസ് കുറഞ്ഞത് ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ഓഹരിയെ മൂന്ന് ശതമാനം താഴ്ത്തി.
വഷളായി ബാങ്ക് ഓഫ് ബറോഡയുടെ ആപ്പ് പ്രശ്‌നം
ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേള്‍ഡ് ആപ്പ് വിഷയവുമായി ബന്ധപ്പെട്ട് ബാങ്ക് 11 അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാര്‍ അടക്കം 60 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ബാങ്കിലെ ആപ്പ് പ്രശ്‌നം നേരത്തേ കരുതിയതിലും വ്യാപകവും ഗുരുതരവുമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറിയ എം.എം.ടി.സി ഇന്ന് ഒന്‍പത് ശതമാനം ഇടിഞ്ഞു. ക്രൂഡ് ഓയിലിന്റെയും ഇന്ധനങ്ങളുടെയും അമിതലാഭ നികുതി കുറച്ചത് എം.ആര്‍.പി.എല്‍., ചെന്നൈ പെട്രോളിയം, ഓയില്‍ ഇന്ത്യ, റിലയന്‍സ്, ഒ.എന്‍.ജി.സി ഓഹരികളെ മൂന്ന് ശതമാനം വരെ ഉയര്‍ത്തി.
ഓഹരി വില്‍പനയ്ക്ക് കേന്ദ്രം
ഏഴ് ശതമാനം ഓഹരി കൂടി കേന്ദ്ര സര്‍ക്കാര്‍ ഓഫര്‍-ഫോര്‍-സെയില്‍ ആയി വില്‍ക്കുമെന്ന വാര്‍ത്തകള്‍ ഹഡ്‌കോയുടെ ഓഹരി വില എട്ട് ശതമാനം വരെ താഴ്ത്തി.
പ്രതിരോധ, റെയില്‍വേ മേഖലകളിലടക്കം പൊതുമേഖലാ സ്ഥാപനങ്ങളിലെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 25 ശതമാനം ഓഹരി വിപണിയില്‍ ലഭ്യമാക്കണമെന്ന വ്യവസ്ഥ പാലിക്കാനാണിത്. ചില ഓഹരികള്‍ ഉയരാനും മറ്റു ചിലതു താഴാനും ഇതു കാരണമായി. കൂടുതല്‍ ഓഹരികള്‍ വിപണിയില്‍ ഉണ്ടാകുന്നത് പൊതുവേ നല്ലതാണ്.
രൂപയ്ക്ക് നേട്ടം, ക്രൂഡോയിലും മുന്നോട്ട്
രൂപ ഇന്ന് നേട്ടത്തോടെ ആരംഭിച്ചു. ഡോളറിനെതിരെ നാല് പൈസ കുറഞ്ഞ് 83.22ലാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. സ്വര്‍ണം ലോക വിപണിയില്‍ , ഡോളറിലാണ്. രാവിലെ 1,942 വരെ കയറിയിട്ട് അല്‍പം താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 400 രൂപ കൂടി 44,360 രൂപ ആയി.
ക്രൂഡ് ഓയില്‍ വില ചാഞ്ചാട്ടത്തിന് ശേഷം വീണ്ടും ഉയരുകയാണ്. നിലവില്‍ ബ്രെന്റ് ഇനം ബാരലിന് വില 1.91 ശതമാനം ഉയര്‍ന്ന് 91.62 ഡോളറിലാണുള്ളത്.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it