

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വന്‍ ഇടിവ്. ആഗോള വിപണിയിലെ തിരിച്ചടികളും ഐടി ഓഹരികളിലെ കനത്ത വില്‍പനയും മൂലം സെന്‍സെക്‌സ് 500 പോയിന്റിലധികം ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റി (Nifty) 25,800 നിലവാരത്തിന് താഴേക്ക് പോയി. വിപണിയിലെ ഈ തകര്‍ച്ചയോടെ നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് ഏകദേശം 3 ലക്ഷം കോടി രൂപയുടെ ആസ്തി നഷ്ടമാണ് സംഭവിച്ചത്.
വ്യാപാരത്തിനിടെ സെന്‍സെക്‌സ് 500 പോയിന്റിലധികം ഇടിഞ്ഞ് 83,500 നിലവാരത്തിന് താഴെയെത്തി. നിഫ്റ്റി 150 പോയിന്റോളം താഴ്ന്ന് 25,820-ല്‍ വ്യാപാരം തുടരുന്നു.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം ഇടിഞ്ഞതോടെ നിക്ഷേപകരുടെ സമ്പത്തില്‍ 3 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി.
യുഎസ് ടെക് വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യന്‍ ഐടി ഓഹരികള്‍ കൂപ്പുകുത്തി. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ ഓഹരികള്‍ 5 ശതമാനം വരെ ഇടിഞ്ഞു. ആന്ത്രോപിക് (Anthropic) പോലുള്ള കമ്പനികളുടെ മുന്നേറ്റം പരമ്പരാഗത ഐടി സേവന മേഖലയെ ബാധിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ സ്വാധീനിച്ചത്
അമേരിക്കയിലെ ശക്തമായ തൊഴില്‍ വിപണി കണക്കുകള്‍ പലിശ നിരക്ക് കുറയാന്‍ വൈകുമെന്ന സൂചന നല്‍കിയത് വിദേശ നിക്ഷേപകരെ (FIIs) ജാഗ്രതയിലാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ നേട്ടത്തിന് ശേഷം നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പ് നടത്തിയത് വിപണിയെ താഴേക്ക് നയിച്ചു. ഡോളര്‍ ഇന്‍ഡക്‌സ് ഉയര്‍ന്നത് രൂപയുടെ മൂല്യത്തെയും വിപണിയിലെ പണലഭ്യതയെയും ബാധിച്ചു.
പ്രധാന സൂചികകള്‍ക്കൊപ്പം മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഇന്‍ഡക്‌സുകളും ഒരു ശതമാനത്തോളം ഇടിവ് നേരിട്ടു. വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വില്‍പനക്കാരായത് വിപണിയിലെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു.
പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റെ ലാഭത്തില്‍ 30 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയത് വിപണി സെന്റിമെന്റിനെ ബാധിച്ചു. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, എസ്ബിഐ തുടങ്ങിയ ചില ഓഹരികള്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും വിപണിയെ ആകെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായില്ല. വിപണി തകര്‍ച്ചയിലും ബാങ്കിംഗ്, ഓട്ടോമൊബൈല്‍ മേഖലകളിലെ ചില ഓഹരികള്‍ നാമമാത്രമായ നേട്ടമുണ്ടാക്കി.
യുഎസ് പണപ്പെരുപ്പ കണക്കുകള്‍ വരാനിരിക്കുന്നതിനാല്‍ വരും ദിവസങ്ങളിലും വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine