

ഏഷ്യന്‍ ഓഹരികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ സൂചികകള്‍ ഇന്ന് നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് അല്പം ഇടിഞ്ഞെങ്കിലും ഉടന്‍ തിരിച്ചുകയറി. ഐ.ടി, ഫാര്‍മ ഓഹരികളാണ് സൂചികകളുടെ കയറ്റത്തിന്റെ വേഗം കുറച്ചത്. ബാങ്ക് ഓഹരികള്‍ നേട്ടത്തിലാണ്. മാന്ദ്യം കമ്പനികളുടെ ഐ.ടി ബജറ്റ് ചുരുക്കുമെന്ന ആശങ്കയുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ചയിലായിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ന് ഒരു ശതമാനത്തിലധികം ഉയര്‍ന്നു. അദാനി ഗ്രൂപ്പ് ഓഹരികളും തുടക്കത്തില്‍ നേട്ടത്തിലായിരുന്നു.
ഉറ്റുനോട്ടം അമേരിക്കയില്‍
അമേരിക്കയില്‍ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ രക്ഷിക്കാന്‍ ജെ.പി മോര്‍ഗന്‍ ചേയ്‌സ് ബാങ്ക് പുതിയ പദ്ധതി തയ്യാറാക്കുന്നുണ്ട്. അത് വിജയിച്ചില്ലെങ്കില്‍ വിപണി വീണ്ടും കുഴപ്പത്തിലാകും.
രൂപ ഇന്നു തുടക്കത്തില്‍ ചെറിയ നേട്ടമുണ്ടാക്കി. ഡോളര്‍ 10 പൈസ താഴ്ന്ന് 82.53 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 82.62 രൂപയിലേക്കു കയറി.
സ്വര്‍ണം മുന്നോട്ട്
സ്വര്‍ണം ആഗോളവിപണിയില്‍ ഔണ്‍സിന് 1984 ഡോളറിലാണ്. കേരളത്തില്‍ പവന് 160 രൂപ വര്‍ധിച്ച് 44,000 രൂപയായി. കഴിഞ്ഞ ദിവസം 2000 ഡോളര്‍ കടന്ന അന്താരാഷ്ട സ്വര്‍ണവില വീണ്ടും 2000 കടന്നേക്കുമെന്ന് വ്യാപാര മേഖലയിലുള്ളവര്‍ കരുതുന്നു. 2150 ഡോളര്‍ വരെ സ്വര്‍ണം കയറുമെന്നു സൂചനയുണ്ട്. യു.എസ് ഫെഡിന്റെ പലിശ തീരുമാനവും ബാങ്കിംഗ് പ്രശ്‌നങ്ങളുടെ ഗതിയും അനുസരിച്ചാകും വില നീങ്ങുക.
Read DhanamOnline in English
Subscribe to Dhanam Magazine