നിക്ഷേപകര്‍ക്ക് ദീപാവലി നേരത്തെയെത്തി! മൂന്നാം ദിനത്തിലും വിപണി ലാഭത്തില്‍, മുത്തൂറ്റ് ഫിനാന്‍സിന്‌ കുതിപ്പ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നഷ്ടത്തില്‍

വിദേശനിക്ഷേപകര്‍ വാങ്ങലുകാരായതും ക്രൂഡ് ഓയില്‍ വില കുറഞ്ഞതുമാണ് വിപണിയെ ലാഭത്തിലാക്കിയത്
Stock market update for October 17, 2025 — Sensex closes at 83,952.19 and Nifty at 25,709.85, both ending the day higher as shown by the green upward trend graphs under the Stock Watch heading
Published on

നിക്ഷേപകര്‍ക്ക് ദീപാവലി സമ്മാനമായി മൂന്നാം ദിനത്തിലും വിപണി നേട്ടത്തില്‍. വിദേശനിക്ഷേപകര്‍ വാങ്ങലുകാരായതും ക്രൂഡ് ഓയില്‍ വില കുറഞ്ഞതുമാണ് വിപണിയെ ലാഭത്തിലാക്കിയത്. ഹെവിവെയ്റ്റ് ഓഹരികളുടെ ഡിമാന്‍ഡ് വര്‍ധിച്ചതും അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതും ഇന്നത്തെ കുതിപ്പിന് കാരണമായി.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

മുഖ്യസൂചികയായ സെന്‍സെക്‌സ് 484.53 പോയിന്റുകള്‍ ഉയര്‍ന്ന് 83,952.19ലെത്തി. നിഫ്റ്റിയാകട്ടെ 124.55 പോയിന്റുകള്‍ ഉയര്‍ന്ന്‌ 25,709.85 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ നിഫ്റ്റി മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നഷ്ടത്തിലായി. ഇരുസൂചികകളും യഥാക്രമം 0.57 ശതമാനവും 0.05 ശതമാനവും ഇടിവിലായിരുന്നു.

സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി ഐ.ടി, മീഡിയ, മെറ്റല്‍, പി.എസ്.യു ബാങ്ക് എന്നിവ ചുവപ്പിലായി. ഐ.ടി, മീഡിയ സൂചികകള്‍ ശരാശരി 1.5 ശതമാനത്തോളം താഴ്ന്നു. വലിയ രീതിയില്‍ വാങ്ങല്‍ പ്രകടമായ നിഫ്റ്റി എഫ്.എം.സി.ജി സൂചികയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇന്ന് 1.37 ശതമാനമാണ് സൂചിക ഉയര്‍ന്നത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകളും ഇന്ന് മികച്ച നേട്ടത്തിലായിരുന്നു.

വിദേശ നിക്ഷേപകര്‍

തുടര്‍ച്ചയായ രണ്ടാം ദിവസവും വിദേശ നിക്ഷേപകര്‍ വാങ്ങല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം 997.29 കോടി രൂപക്ക് തുല്യമായ ഓഹരികളാണ് ഇവര്‍ വാങ്ങിയത്. തദ്ദേശീയരായ നിക്ഷേപകരാകട്ടെ 4,076.20 കോടി രൂപയുടെ ഓഹരികളും സ്വന്തമാക്കി. ഇതോടെ വിപണി കൂടുതല്‍ ശക്തമാവുകയും നിക്ഷേപകരുടെ വിശ്വാസം വര്‍ധിച്ചെന്നുമാണ് വിലയിരുത്തല്‍. ഇതിനൊപ്പം ആഗോളതലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതും വിപണിയെ സ്വാധീനിച്ചു. ബ്രെന്റ് ക്രൂഡ് ഓയില്‍ ഇന്ന് 0.25 ശതമാനം കുറഞ്ഞ് ബാരലിന് 60.94 ഡോളറിലാണ്. ക്രൂഡ് ഓയില്‍ വില കുറയുന്നത് പണപ്പെരുപ്പവും രാജ്യത്തിന്റെ ഇറക്കുമതി ഭാരവും കുറക്കും. ഇത് ആഭ്യന്തര വിപണിക്കും ഗുണമാകുമെന്നാണ് കരുതുന്നത്.

ഇതിനൊപ്പം അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറയുകയും ഇന്ത്യന്‍ രൂപ ശക്തമാവുകയും ചെയ്തതും വിപണിക്ക് തുണയായി. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കൂടിയാല്‍ ഇറക്കുതിച്ചെലവ് കുറയുകയും കൂടുതല്‍ വിദേശനിക്ഷേപം എത്തിക്കുകയും ചെയ്യും. കൂടാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ് പോലുള്ള ഹെവിവെയ്റ്റ് ഓഹരികളിലും ബാങ്കിംഗ് ഓഹരികളിലും വാങ്ങല്‍ ശക്തമായി. ലാര്‍ജ് ക്യാപ് ഓഹരികളില്‍ വാങ്ങല്‍ വര്‍ധിക്കുന്നത് വിപണിയുടെ സമ്മര്‍ദ്ദം കുറക്കുകയും സൂചികകളെ മുന്നോട്ടാക്കുകയും ചെയ്യും.

അദാനി കമ്പനിക്ക് കുതിപ്പ്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ താപോര്‍ജ വൈദ്യുതി ഉത്പാദകരായ അദാനി പവറാണ് ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ഭൂട്ടാനില്‍ 570 മെഗാവാട്ടിന്റെ ജലവൈദ്യുതി നിലയം നിര്‍മിക്കാന്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് ഓഹരികള്‍ കുതിച്ചത്. മികച്ച രണ്ടാം പാദ ഫലങ്ങള്‍ പ്രതീക്ഷിക്കുന്ന ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളില്‍ മൂന്നാമത്തെ ദിവസവും വാങ്ങല്‍ ശക്തമായി. ഒരാഴ്ച്ചക്കിടെ എട്ട് ശതമാനത്തോളമാണ് ഓഹരി മുന്നേറിയത്. ഭാരതി എയര്‍ടെല്ലിന്റെ സബ്‌സിഡിയറി കമ്പനിയായ ഭാരതി ഹെക്‌സാകോം ഓഹരികളും ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലുണ്ട്. വാഹന നിര്‍മാതാവായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പുകയില ഉത്പന്ന നിര്‍മാണ കമ്പനിയായ ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ ലിമിറ്റഡ് ഓഹരികളും ഇന്ന് നേട്ടക്കണക്കില്‍ മുന്നിലുണ്ട്.

മൂന്ന് ദിവസത്തെ നേട്ടത്തിനൊടുവില്‍ ഇ-കൊമേഴ്‌സ് കമ്പനിയായ സ്വിഗി ഓഹരികളും ഇന്ന് നഷ്ടത്തിലായി. ജപ്പാനിലെ സുമിമോട്ടോ മിറ്റ്‌സുയ് ബാങ്കിംഗ് കോര്‍പറേഷന്‍ (എസ്.ബി.എം.സി) കൂടുതല്‍ ഓഹരി വാങ്ങില്ലെന്ന് വ്യക്തമാക്കിയതോടെ യെസ് ബാങ്ക് ഓഹരികളും ഇന്ന് ഇടിവിലായി. നിലവില്‍ 24.99 ശതമാനം ഓഹരികളാണ് യെസ് ബാങ്കില്‍ സുമിമോട്ടോക്കുള്ളത്. ബംഗളൂരു ആസ്ഥാനമായ എംഫാസിസ്, പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ പി.ബി ഫിന്‍ടെക് എന്നീ ഓഹരികളും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലുണ്ട്. മികച്ച രണ്ടാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും വാരീ എനര്‍ജീസ് ഓഹരികളും ഇന്ന് നഷ്ടത്തിലായി.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

മുത്തൂറ്റ് ഫിനാന്‍സിന് നേട്ടം

ഇന്നത്തെ വ്യാപാരത്തില്‍ കേരള കമ്പനികള്‍ക്ക് സമ്മിശ്ര പ്രതികരണമാണ്. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് പ്രൈമ അഗ്രോയാണ്. 5.62 ശതമാനമാണ് കമ്പനിയുടെ ഓഹരി വില ഉയര്‍ന്നത്. സ്വര്‍ണവില ഉയരുന്നത് കണക്കിലെടുത്ത് സ്വര്‍ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. 2.03 ശതമാനം ഉയര്‍ന്ന് ഓഹരിയൊന്നിന് 3,335 രൂപയിലാണ് മുത്തൂറ്റ് ഫിനാന്‍സ് ക്ലോസ് ചെയ്തത്. ആഡ്‌ടെക് സിസ്റ്റംസ്, പ്രൈമ ഇന്‍ഡസ്ട്രീസ്, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ്, ടി.സി.എം എന്നീ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

പോസിറ്റീവായ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് ഓഹരികളാണ്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയ്ല്‍, ഫാക്ട്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കെ.എസ്.ഇ, പാറ്റ്‌സ്പിന്‍ ഇന്ത്യ, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസ്, ടോളിന്‍സ് ടയേഴ്‌സ് എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു.

Sensex surged nearly 500 points while Nifty closed above 25,700, driven by strong buying in heavyweight stocks and upbeat global cues.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com