റാപ്പിഡോ പേടിയില്‍ സ്വിഗിയും സൊമാറ്റോയും, ഒടുവില്‍ ആദ്യമായി ആ വില ദേദിച്ച് ഹ്യൂണ്ടായ്, സ്വര്‍ണക്കരുത്തില്‍ കേരളത്തിന്റെ മണപ്പുറവും മുത്തൂറ്റ് ഫിനാന്‍സും

നിഫ്റ്റി മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ക്ക് ഒരു ശതമാനത്തിനുമേല്‍ മുന്നേറ്റം
sensex nifty chart
Published on

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും കാളകളുടെ മുന്നേറ്റം തുടര്‍ന്നു. സെന്‍സെക്‌സ് 256.22 പോയിന്റ് ഉയര്‍ന്ന് 82,445.21ലും നിഫ്റ്റി 100.15 ഉയര്‍ന്ന് 25,103.20ലുമെത്തി. തുടര്‍ച്ചയായ നാലാം ദിവസമാണ് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. നിഫ്റ്റി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 25,000ത്തിനു മുകളില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ്‌ വിലയാണിത്. മേയ് 26നും ഈ നിലവാരം തൊട്ടിരുന്നെങ്കിലും വ്യാപാരാന്ത്യത്തില്‍ നേട്ടം നിലനിര്‍ത്താനായിരുന്നില്ല.

റിസര്‍വ് ബാങ്കിന്റെ ബംപര്‍ പലിശ ഇളവിനൊപ്പം യു.എസില്‍ നിന്നുള്ള മെച്ചപ്പെട്ട തൊഴില്‍ കണക്കുകളുമാണ് വിപണിയെ ഉത്തേജിപ്പിച്ചത്.

യു.എസിന്റെയും ചൈനയുടെയും പ്രതിനിധികള്‍ ഇന്ന് ലണ്ടനില്‍ വീണ്ടും വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതും വിപണിക്ക് ഉണര്‍വേകി. ഈ മാസം ആദ്യം ജനീവയില്‍ വച്ച് ഒപ്പിട്ട വ്യാപാര കരാര്‍ ലംഘിച്ചുവെന്ന് പരസ്പരം ആരോപിച്ച ഇരുവരും വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

ഈ ആഴ്ച ഇന്ത്യയിലെയും യു.എസിലെയും പണപ്പെരുപ്പ കണക്കുകള്‍ പുറത്തു വരും. മോണിറ്ററി പോളിസിയില്‍ കേന്ദ്ര ബാങ്കുകളുടെ സമീപനം എന്തായിരിക്കുമെന്നതിനെ കുറിച്ച് സൂചന നല്‍കുന്നതായിരിക്കും ഈ കണക്കുകള്‍.

Performance of Nifty Indices
നിഫ്റ്റി സൂചികകളുടെ ഇന്നത്തെ പ്രകടനം

മിഡ്-ക്യാപ് ഫിനാന്‍ഷ്യല്‍ ഓഹരികളാണ് ഇന്നത്തെ കുതിപ്പിനെ നയിച്ചത്. യു.എസ് തൊഴില്‍ കണക്കുകള്‍ പ്രതീക്ഷിച്ചതിലും മികച്ചതായത് ഐ.ടിയിലും പ്രതീക്ഷ പടര്‍ത്തി. റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചത് എന്‍ട്രി ലെവല്‍ വാഹന വില്‍പ്പന ഉയര്‍ത്തുമെന്ന പ്രതീക്ഷകള്‍ ഓട്ടോ മൊബൈല്‍ ഓഹരികളെയും കാര്യമായി ഉയര്‍ത്തി.

മിഡ്ക്യാപ് , സ്‌മോള്‍ക്യാപ് സൂചികകള്‍ ഇന്ന് ഒരു ശതമാനത്തിലധികം ഉയര്‍ന്നു.

ഐ.ആര്‍.ഇ.ഡി.എ മുതല്‍ സുസ്ലോണ്‍ വരെ

പുനരുപയോഗ ഊര്‍ജ്ജപദ്ധതികള്‍ക്ക് സാമ്പത്തിക സേവനം നല്‍കുന്ന ഐ.ആര്‍.ഇ.ഡി.എയുടെ ഓഹരികളില്‍ അഞ്ച് ശതമാനത്തോളം ഉയര്‍ന്നു. കഴിഞ്ഞ ആഴ്ച ക്യു.ഐ.പി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലേസ്‌മെന്റ്) നടന്നതാണ് ഓഹരിയെ ഉയര്‍ത്തിയത്. 4,500 കോടി രൂപയാണ് ക്യു.ഐ.പി. വഴി ഐ.ആര്‍.ഇ.ഡി.എ സമാഹരിക്കുന്നത്. വ്യാഴാഴ്ചത്തെ ക്ലോസിംഗ് വിലയില്‍ നിന്ന് 1.51 ശതമാനം ആദായ വിലയിലാണ് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.

എമര്‍ജെന്‍സി മിനറല്‍ വിതരണ ശൃഖല സ്ഥാപിക്കാന്‍ ഹിന്ദുസ്ഥാന്‍ കോപ്പറുമായി കരാറിലേര്‍പ്പട്ടത് റൈറ്റ്‌സ് ഓഹരികളെ മൂന്ന് ശതമാനം ഉയര്‍ത്തി.

Nifty Gainers and Losers
ഓഹരികളുടെ ഉയര്‍ച്ചയും താഴ്ചയും

എം.സി.എക്‌സ് ഓഹരികള്‍ ഇന്ന് 4 ശതമാനം ഉയര്‍ന്ന് എക്കാലത്തയും ഉയര്‍ന്ന വില തൊട്ടു. ഇലക്ട്രിസിറ്റി ഡെറിവേറ്റീവ്‌സ് അവതരിപ്പിക്കാന്‍ സെബി അനുമതി നല്‍കിയതാണ് ഓഹരിയില്‍ മുന്നേറ്റത്തിന് ഇടയാക്കിയത്.

സുസ്‌ലോണ്‍ എനര്‍ജിയുടെ പ്രമോട്ടര്‍മാര്‍ ബ്ലോക്ക്‌ ഡീല്‍ വഴി 1.45 ശതമാനം ഓഹരികള്‍ വിറ്റത് ഓഹരിയെ രണ്ട് ശതമാനം ഉയര്‍ത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് 700 കോടിയുടെ കാരാര്‍ ലഭിച്ചത് അഫ്‌കോണ്‍ ഇന്‍ഫ്ര ഓഹരിയെ ആറ് ശതമാനം ഉയര്‍ത്തി.

കാലിടറി ഭക്ഷ്യ വിതരണ കമ്പനികള്‍

ഭക്ഷണ വിതരണകമ്പനികളായ സൊമാറ്റോയും സ്വിഗിയുമാണ് ഇന്ന് നിഫ്റ്റി 50യില്‍ കാര്യമായ ഇടിവ് നേരട്ട ഓഹരികള്‍. ഓണ്‍ലൈന്‍ ബൈക്ക് ടാക്‌സി കമ്പനിയായ റാപ്പിഡോ ഭക്ഷണ വിതരണ രംഗത്തേക്ക് കടക്കുന്നുവെന്ന വാര്‍ത്തകളാണ് ഇരു ഓഹരികളെയും ബാധിച്ചത്. റെസ്‌റ്റോറന്റുകളില്‍ നിന്ന് വാങ്ങുന്ന കമ്മീഷന്‍ നേര്‍പകുതിയാക്കിയും ഫിക്‌സഡ് ഡെലിവറി ഫീസ് ഉള്‍പ്പെടുത്തിയും ഈ രംഗം കൂടുതല്‍ മത്സരാത്മകമാക്കിക്കൊണ്ടാണ് റാപ്പിഡോയുടെ വരവ്. സ്വിഗി രണ്ട് ശതമാനത്തിലധികവും സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണല്‍ 1.86 ശതമാനവും ഇടിഞ്ഞു.

കേരള ഓഹരികള്‍ക്ക് കരുത്തായി മുത്തൂറ്റും മണപ്പുറവും

കേരള ഓഹരികളില്‍ ഇന്ന് താരം സ്വര്‍ണ പണയ എന്‍.ബി.എഫ്.സികളായ മുത്തൂറ്റ് ഫിനാന്‍സും മണപ്പുറം ഫിനാന്‍സുമാണ്. റിസര്‍വ് ബാങ്ക് സ്വര്‍ണ പണയ വായ്പകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടതാണ് ഇരു ഓഹരികളെയും മുന്നേറ്റത്തിലാക്കിയത്. മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 7 ശതമാനവും മണപ്പുറം ഫിനാന്‍സ് 6 ശതമാനത്തോളവും ഉയര്‍ന്നു. ഇന്നത്തെ ഓഹരി മുന്നേറ്റം മുത്തൂറ്റിനെ കേരളത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന നേട്ടത്തിന് അര്‍ഹമാക്കുകയും ചെയ്തു. ഇന്നത്തെ ക്ലോസിംഗ്‌ വില പ്രകാരം 1,02,092.27 കോടി രൂപയാണ് മുത്തൂറ്റിന്റെ വിപണി മൂല്യം.

Performance of Kerala Stocks
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (4.17 ശതമാനം), ഹാരിസണ്‍സ് മലയാളം (3.78 ശതമാനം), സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് (2.68 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടത്തില്‍ മുന്നിലുള്ള മറ്റ് കേരള ഓഹരികള്‍.

അഞ്ച് ശതമാനത്തോളം ഇടിവുമായി പോപ്പീസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് നേരിയ നേട്ടത്തില്‍ പിടിച്ചു നിന്നു. ആസ്റ്റര്‍, എ.വി.ടി, റബ്ഫില തുടങ്ങിയ ഓഹരികളും വില ഇടിവ് നേരിട്ടു.

Indian stock markets continue bullish rally with Nifty and Sensex hitting record highs, led by mid-cap, finance, and Kerala-based stocks

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com