

പുതുവര്‍ഷത്തിലെ രണ്ടാമത്തെ ആഴ്ചയില്‍ ഓഹരിവിപണിക്ക് തിരിച്ചടികളുടെ ദിനങ്ങള്‍. തുടര്‍ച്ചയായ നാലു സെഷനുകളില്‍ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്‌തെന്നത് മാത്രമല്ല നിരാശ പകരുന്നത്. വീഴ്ചകള്‍ വലുതായിരുന്നു എന്നതാണ്. സെന്‍സെക്‌സ് നാല് ദിവസം കൊണ്ട് 1,600 പോയിന്റോളമാണ് താഴ്ന്നത്. നിഫ്റ്റി50 ആകട്ടെ 1.7 ശതമാനം കീഴേക്ക് പോയി.
സംഘര്‍ഷഭരിതമായ 2025ന്റെ സമാനപാതയിലൂടെയാണ് പുതുവര്‍ഷവും കടന്നുപോകുന്നതെന്ന കണക്കുകൂട്ടലുകളാണ് വിപണിയെ മുന്നോട്ടു നയിക്കുന്നത്. ജിയോപൊളിറ്റിക്കല്‍ ടെന്‍ഷന്‍ വര്‍ധിക്കുന്നത് വിപണിക്ക് തലവേദനയാണ്. വെനസ്വേലയില്‍ കടന്നുകയറിയ യുഎസിന്റെ നീക്കം ആഗോള സമാധാനത്തിനും വിപണിയുടെ സുസ്ഥിരതയ്ക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ഇറാനില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നത് യുഎസിന്റെ ഇടപെടലിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാണ്. പശ്ചിമേഷ്യ വീണ്ടും അശാന്തമാകുന്നതിലേക്ക് ഇതു നയിക്കും. ഇതിനൊപ്പം വിപണിക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നത് യുഎസുമായുള്ള വ്യാപാര കരാര്‍ ഒരിഞ്ചു പോലും മുന്നോട്ടു പോയില്ലെന്നതാണ്. തിടുക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നിക്ഷേപകരുടെ ആത്മവിശ്വാസം ഉലയുന്നതിനാണ് ഇതു വഴിവയ്ക്കുന്നത്.
ഒറ്റദിവസംകൊണ്ട് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 8 ലക്ഷം കോടി രൂപയാണ് താഴ്ന്നത്. കഴിഞ്ഞ നാലു ദിവസമായി നിക്ഷേപകര്‍ക്ക് കനത്ത തിരിച്ചടിയാണ് വിപണി നല്കുന്നത്.
വിപണിയില്‍ ഉന്മേഷക്കുറവിന്റെ കാരണങ്ങള്‍
1. താരിഫ്
ഇന്ത്യയ്ക്കുമേല്‍ 500% താരിഫ് ഈടാക്കാന്‍ മടിക്കില്ലെന്ന യുഎസിന്റെ പ്രസ്താവന വിപണിയെ ആശങ്കപ്പെടുത്തുന്നു. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് യുഎസിലേക്കുള്ള പുതുവത്സര ഓര്‍ഡറുകള്‍ ഇത്തവണ ലഭിച്ചിട്ടില്ല.
ഗാര്‍മെന്റ്‌സ്, സീഫുഡ് കയറ്റുമതിക്കാര്‍ക്കാണ് ഇത് വലിയ തിരിച്ചടിയാകുന്നത്. നിര്‍മാണ, കയറ്റുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ മൂന്നാംപാദ ഫലങ്ങളില്‍ ഇടിവുണ്ടാകാന്‍ ഇത് വഴിയൊരുക്കും.
2. സാമ്പത്തികവളര്‍ച്ച
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ആദ്യ പകുതിയില്‍ വളര്‍ച്ച 8 ശതമാനമായിരുന്നു. ഇത് 6.9 ശതമാനത്തിലേക്ക് താഴുമെന്നാണ് വിലയിരുത്തല്‍. കോര്‍പറേറ്റ് ഫലങ്ങളിലടക്കം ഇടിവുണ്ടാകാന്‍ ഇതുവഴിയൊരുക്കും.
3. ആഗോള വിപണികളുടെ സ്വാധീനം
ഒട്ടുമിക്ക പ്രധാന ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്. വെനസ്വേലന്‍ പ്രതിസന്ധി നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് വഴിമാറാന്‍ പ്രേരിപ്പിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine