വര്‍ഷാന്ത്യത്തില്‍ വന്‍ മുന്നേറ്റം; 1000 പോയിന്റ് കുതിച്ച് സെന്‍സെക്‌സ്

2022-23 സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വ്യാപാരദിനം ആഘോഷമാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 1031.43 പോയിന്റ് മുന്നേറി 58,991.52ലും നിഫ്റ്റി 279.05 പോയിന്റ് കുതിച്ച് 17,359.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 59,068 വരെയും നിഫ്റ്റി 17,382 വരെയും മുന്നേറിയിരുന്നു.

ഇന്ന് ഏറ്റവും അധികം നേട്ടമുണ്ടാക്കിയ ഓഹരികൾ


സെന്‍സെക്‌സിന്റെ മുന്നേറ്റത്തില്‍ ഇന്ന് 60 ശതമാനം പങ്കുവഹിച്ചതും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ്. നെസ്‌ലെ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, ടി.സി.എസ്., ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, ആക്‌സിസ് ബാങ്ക്, വിപ്രോ എന്നിവയും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ മുന്‍നിര ഓഹരികളാണ്. അപ്പോളോ ഹോസ്പിറ്റല്‍, അദാനി പോര്‍ട്ട്സ്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയ്ന്റ്സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

സെന്‍സെക്‌സില്‍ 2,393 കമ്പനികളാണ് ഇന്ന് നേട്ടമെഴുതിയത്. 1,165 കമ്പനികളുടെ വിലയിടിഞ്ഞു. 120 കമ്പനികളുടെ ഓഹരിവിലയില്‍ മാറ്റമില്ല. 75 കമ്പനികളുടെ ഓഹരിവില 52-ആഴ്ചത്തെ ഏറ്റവും ഉയരത്തിലെത്തി. ഓഹരി സൂചിക മുന്നേറിയെങ്കിലും 243 കമ്പനികളുടെ വ്യാപാരം നടന്നത് 52-ആഴ്ചത്തെ താഴ്ചയിലാണെന്ന കൗതുകവുമുണ്ട്. 19 കമ്പനികളുടെ ഓഹരിവില 'അപ്പര്‍ സര്‍ക്യൂട്ടില്‍' എത്തി. 5 കമ്പനികളുടേത് ലോവര്‍ സര്‍ക്യൂട്ടിലും. ഓഹരിവില പരിധിവിട്ട് താഴുമ്പോഴോ ഉയരുമ്പോഴും വ്യാപാരം നിയന്ത്രിക്കുന്ന സംവിധാനമാണിത്. അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തിയവയില്‍ അദാനി വില്‍മര്‍, അദാനി പവര്‍, എ്ന്‍.ഡി.ടിവി എന്നീ അദാനി ഗ്രൂപ്പ് ഓഹരികളുണ്ട്.
നേട്ടത്തിന് പിന്നില്‍
ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി ഒഴിയുന്നുവെന്ന സൂചനകളെ തുടര്‍ന്ന് ആഗോള ഓഹരികളിലുണ്ടായ നേട്ടം ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്കും നേട്ടമായി. വെല്ലുവിളികള്‍ ഒഴിഞ്ഞതോടെ ഇന്ത്യന്‍ ഓഹരികളില്‍ വീണ്ടും നിക്ഷേപം കൂട്ടിയ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (എഫ്.ഐ.ഐ) നീക്കവും ഗുണം ചെയ്തു.

വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം


ഓഹരികളിലേക്ക് വിദേശ നിക്ഷേപം ഒഴുകിയതും ക്രൂഡോയില്‍ വിലയിടിവും ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ മെച്ചപ്പെട്ട് 82.17ലെത്താന്‍ സഹായകമായി. ഇതും ഓഹരി നിക്ഷേപകര്‍ക്ക് ഊര്‍ജം പകര്‍ന്നു.
258.19 ലക്ഷം കോടി
സെന്‍സെക്‌സിന്റെ നിക്ഷേപക മൂല്യം ഇന്നലെ 3.48 ലക്ഷം കോടി രൂപ മുന്നേറി 258.19 ലക്ഷം കോടി രൂപയിലെത്തി.
ഇന്ന് എല്ലാ സെക്ടറല്‍ സൂചികകളും നേട്ടം രേഖപ്പെടുത്തി. ഐറ്റി സൂചിക 2.5 ശതമാനവും ഓട്ടോ, ബാങ്ക്, എഫ്എംസിജി, കാപിറ്റല്‍ ഗുഡ്സ്, റിയല്‍റ്റി, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ 1 ശതമാനം വീതം ഉയര്‍ന്നു.

ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികൾ

മുന്നേറ്റ തീരത്ത് കപ്പല്‍ശാലാ ഓഹരികള്‍

19 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. ഈസ്റ്റേണ്‍ ട്രെഡ്സ് (7.36 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (4.96 ശതമാനം), കേരള ആയുര്‍വേദ(3.65 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (3.59 ശതമാനം), നിറ്റ ജലാറ്റിന്‍ (3.17 ശതമാനം), അപ്പോളോ ടയേഴ്സ് (2.94 ശതമാനം), കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (2.42 ശതമാനം), ഫെഡറല്‍ ബാങ്ക് (2.36 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.60 ശതമാനം), വി ഗാര്‍ഡ് (1.56 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 9,800 കോടി രൂപയുടെ പുതിയ കരാര്‍ ലഭിച്ചതാണ് കൊച്ചി കപ്പല്‍ശാല ഓഹരികള്‍ക്ക് കരുത്തായത്.

കേരള കമ്പനികളുടെ പ്രകടനം

അതേസമയം പാറ്റ്സ്പിന്‍ ഇന്ത്യ, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, ഇന്‍ഡിട്രേഡ്, വെര്‍ട്ടെക്സ്, കല്യാണ്‍ ജൂവലേഴ്സ്, കെഎസ്ഇ, സിഎസ്ബി ബാങ്ക്, എവിറ്റി, കിറ്റെക്സ് തുടങ്ങി 10 കേരള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.
Related Articles
Next Story
Videos
Share it