ടാറ്റ ​ഗ്രൂപ്പിലെ അധികാര തർക്കം: ഷപ്പൂർ മിസ്ത്രിയുടെ നിലപാട് നിർണായകമാകുന്നത് എന്തുകൊണ്ട്?

ടാറ്റ സൺസിലെ 18.4% ഓഹരിയാണ് എസ്.പി ഗ്രൂപ്പിന്റെ ഏറ്റവും വലിയ ആസ്തി; ലിസ്റ്റിംഗ്, കടബാധ്യത, RBI മാനദണ്ഡങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഷപ്പൂർ മിസ്ത്രിയുടെ നിലപാട് നിർണായകമാകുന്നു
Tata Group Crisis And SP Group Stance
പ്രതീകാത്മക ചിത്രംImage Source: Canva/tata.com/shapoorjipallonji.com
Published on

ബോംബെ ഹൗസിന്റെ അണിയറയിൽ ടാറ്റ സൺസിന്റെ നിയന്ത്രണാധികാരത്തെച്ചൊല്ലി നടക്കുന്ന തർക്കങ്ങളിൽ ഏറ്റവും പ്രധാനം ഷപ്പൂർജി പല്ലോൺജി (SP) ഗ്രൂപ്പിന്റെ കൈവശമുള്ള 18.4 ശതമാനം ഓഹരി വിഹിതമാണ്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ​ഗ്രൂപ്പിന്റെ മാതൃകമ്പനിയിൽ മിസ്ത്രി കുടുംബത്തിനുള്ള ഈ വലിയ ഓഹരി പങ്കാളിത്തമാണ് നിലവിലെ അധികാര വടംവലിയിൽ നിർണായകമാകുന്നത്.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) ലിസ്റ്റിംഗും റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) കർശന മാനദണ്ഡങ്ങളും മുൻനിർത്തി ടാറ്റ സൺസ് ഓഹരി വിപണിയിലേക്കുള്ള (ഐ.പി.ഒ) നീക്കങ്ങൾ സജീവമാക്കുമ്പോൾ, ഇതുവരെ നിശബ്ദമായിരുന്ന ഈ ന്യൂനപക്ഷ പങ്കാളിത്തം ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ചർച്ചയായി മാറുകയാണ്.

മൂല്യമേറിയ ആസ്തി; എന്നാൽ പണമാക്കാൻ പ്രയാസം

1930-കളിൽ തന്നെ ടാറ്റ സൺസിന്റെ ഓഹരികൾ എസ്.പി ഗ്രൂപ്പ് വാങ്ങിത്തുടങ്ങിയിരുന്നുവെങ്കിലും 1960-കളുടെ മധ്യത്തോടെയാണ് ടാറ്റ ​ഗ്രൂപ്പ് കമ്പനികളുടെ ഹോൾഡിംഗ് കമ്പനിയിലെ ഓഹരി പങ്കാളിത്തം വലിയ രീതിയിൽ വർധിപ്പിക്കുന്നത്. സ്റ്റെർലിംഗ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ, സൈറസ് ഇൻവെസ്റ്റ്‌മെന്റ്സ് എന്നീ രണ്ട് സ്ഥാപനങ്ങൾ വഴിയാണ് ഈ ഓഹരികൾ പ്രധാനമായും കൈവശം വെച്ചിരിക്കുന്നത്. നിലവിൽ ഏകദേശം 2.3 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന ടാറ്റ സൺസിലെ ഓഹരി വിഹിതമാണ് എസ്.പി ഗ്രൂപ്പിന്റെ ഏറ്റവും വലിയ ആസ്തിയും സമ്പാദ്യവും.

എങ്കിലും, കമ്പനി വിപണിയിൽ ലിസ്റ്റ് ചെയ്യാത്തതിനാൽ ഈ വലിയ മൂല്യം എളുപ്പത്തിൽ പണമാക്കാൻ (Illiquid) സാധിക്കുന്നില്ല. 50,000 കോടി രൂപയിലധികം കടബാധ്യതയുള്ള എസ്.പി ഗ്രൂപ്പിന് ടാറ്റ സൺസിന്റെ ഓഹരികൾ പൊതുവിപണിയിൽ വിൽക്കാൻ സാധിക്കാത്തത് വലിയൊരു പ്രതിസന്ധിയാണ്. 18 മുതൽ 19 ശതമാനം വരെ ഉയർന്ന പലിശ നിരക്കിലുള്ള കടങ്ങൾ വീട്ടാൻ തങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവസരമായാണ് ഷപ്പൂർ മിസ്ത്രി ഈ ഘട്ടത്തിൽ ടാറ്റ സൺസിന്റെ ലിസ്റ്റിംഗിനെ കാണുന്നത്.

ലിസ്റ്റിംഗ് ഒരു രക്ഷാമാർ​ഗമാകുമ്പോൾ

ടാറ്റാ സൺസ് പൊതുവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടണമെന്നത് മിസ്ത്രി കുടുംബത്തിന്റെ ദീർഘകാല ആവശ്യമായിരുന്നു. ഓഹരികളുടെ യഥാർത്ഥ വിപണി മൂല്യം കണ്ടെത്താനും (Price Discovery), ഓഫർ ഫോർ സെയിൽ (OFS) വഴി ഘട്ടങ്ങളായി ഓഹരികൾ വിറ്റഴിച്ച് കടബാധ്യതകൾ തീർക്കാനും ലിസ്റ്റിംഗ് സഹായിക്കും.

റിസർവ് ബാങ്കിന്റെ (RBI) അപ്പർ ലെയർ എൻ.ബി.എഫ്.സി (Upper Layer NBFC) മാനദണ്ഡങ്ങൾ അനുസരിച്ച് ടാറ്റ സൺസ് വിപണിയിൽ ലിസ്റ്റ് ചെയ്യാൻ നിർബന്ധിതമാകുമ്പോൾ, എസ്.പി ഗ്രൂപ്പിന്റെ വാദങ്ങൾക്ക് നിയമപരമായ പിന്തുണ ലഭിക്കുകയാണ്. ലിസ്റ്റിംഗിനെ ഒരു "സാമൂഹിക-നൈതിക ബാധ്യത"യായി വിശേഷിപ്പിച്ചുകൊണ്ട് ഷപ്പൂർ മിസ്ത്രി ഈ അവസരത്തെ സ്വാഗതം ചെയ്യുന്നു.

കുടുംബബന്ധങ്ങളും വിള്ളൽ വീണ ഭൂതകാലവും

ടാറ്റ സൺസിലെ അധികാര, സാമ്പത്തിക തർക്കങ്ങൾക്ക് പിന്നിൽ വ്യക്തി ബന്ധങ്ങളുടെയും പഴയ വിരോധങ്ങളുടെയും ചരിത്രമുണ്ട്:

ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയും ഷാപ്പൂർ മിസ്ത്രിയും ബന്ധുക്കളാണ്; നോയലിന്റെ ഭാര്യ അലു മിസ്ത്രി, ഷാപ്പൂർ മിസ്ത്രിയുടെ സഹോദരിയാണ്.

2016-ൽ സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതോടെ ഇരു കുടുംബങ്ങളും തമ്മിലുള്ള ബന്ധം വഷളായി. അന്നുമുതൽ തുടരുന്ന നിയമപോരാട്ടങ്ങളും അവിശ്വാസവുമാണ് നിലവിലെ ബോർഡ് റൂം ചർച്ചകളിലും പ്രതിഫലിക്കുന്നത്.

ബോർഡ് റൂം ഭിന്നതകളും ഭാവി സാധ്യതകളും

സെപ്റ്റംബർ 17-ന് ചേർന്ന ബോർഡ് യോഗത്തിൽ നിലവിലെ ടാറ്റ സൺസ് ചെയർമാനായ എൻ. ചന്ദ്രശേഖരന്റെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടാനും ലിസ്റ്റിംഗ് നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചപ്പോൾ നോയൽ ടാറ്റ ഇതിനെ ശക്തമായി എതിർത്തു. എന്നാൽ, ഇതിനിടയിലും മിസ്ത്രി കുടുംബത്തിലെ ഒരു വിഭാ​ഗം ടാറ്റ സൺസ് തന്നെ തങ്ങളുടെ കൈവശമുള്ള കമ്പനി ഓഹരികൾ തിരികെ വാങ്ങുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു.

കുറഞ്ഞത് 25,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് മുന്നോട്ടുവെച്ച ഈ നിർദ്ദേശം മൂല്യനിർണ്ണയത്തിലെ (Valuation) അഭിപ്രായവ്യത്യാസങ്ങൾ കാരണം തടസ്സപ്പെട്ടു. ആർ.ബി.ഐ നിലപാട് കർശനമാക്കിയ സാഹചര്യത്തിൽ, ലിസ്റ്റിംഗിലൂടെ കൃത്യമായ വിപണി മൂല്യം ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് എസ്.പി ഗ്രൂപ്പ് താല്പര്യപ്പെടുന്നത്.

ചുരുക്കത്തിൽ കടബാധ്യതകൾ, കുടുംബ തർക്കങ്ങൾ, റെഗുലേറ്ററി മാനദണ്ഡങ്ങൾ എന്നിവയെല്ലാം ഒരുപോലെ കേന്ദ്രീകരിക്കുന്നത് ഷപ്പൂർ മിസ്ത്രിയുടെ കൈവശമുള്ള ഈ 18.4 ശതമാനം ഓഹരികളിലാണ്. ടാറ്റ സൺസിന്റെ ഭാവി തീരുമാനിക്കുന്നതിൽ ഈ ഓഹരി പങ്കാളിത്തം ഏറ്റവും പ്രധാനപ്പെട്ട ഘടകമായി തുടരുമെന്ന് തന്നയാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com