ബാങ്കിംഗ് ഓഹരികളുടെ കരുത്തിൽ ഇന്ത്യൻ വിപണിയുടെ തിരിച്ചുവരവ്; പുതിയ ആഴ്ചയിലും നേട്ടം ആവർത്തിക്കുമോ?

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ തുടർച്ചയായ നിക്ഷേപവും (ഡി.ഐ.ഐ ഇൻഫ്ലോ), നിയന്ത്രണവിധേയമാകുന്ന ക്രൂഡ് ഓയിൽ വിലയും ആഭ്യന്തര വിപണിക്ക് കരുത്താകും
Stock Market Weekly Analysis
Canva
Published on

ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞയാഴ്ച മികച്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രമുഖ സെക്ടറുകളിൽ പ്രകടമായ ശക്തമായ നിക്ഷേപക താത്പര്യവും അനുകൂലമായ ആഗോള സൂചനകളും വിപണിയുടെ കുതിപ്പിന് ആക്കം കൂട്ടി. ആഴ്ച കാലയളവിൽ പ്രധാന ഓഹരി സൂചികകളായ ബി.എസ്.ഇ സെൻസെക്സ് 1.73 ശതമാനം നേട്ടത്തോടെ 75,528-ലും, എൻ.എസ്.ഇ നിഫ്റ്റി 1.10 ശതമാനം മുന്നേറ്റത്തോടെ 23,623-ലും ക്ലോസിങ് രേഖപ്പെടുത്തി.

കഴിഞ്ഞയാഴ്ചയിൽ ആഭ്യന്തര വിപണിയെ നയിച്ചത് ബാങ്കിംഗ്, ധനകാര്യ മേഖലകളാണ്. വൻ കുതിച്ചുചാട്ടം നടത്തിയ ബാങ്ക് നിഫ്റ്റി സൂചിക 4.43 ശതമാനം നേട്ടത്തോടെ 56,815-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതുപോലെ എഫ്.എം.സി.ജി, ഓട്ടോ സെക്ടറുകളും പ്രതിവാര കണക്കിൽ നേട്ടമുണ്ടാക്കിയപ്പോൾ ഐ.ടി, മെറ്റൽ, മീഡിയ വിഭാ​ഗം ഓഹരികൾ വിൽപന സമ്മർദ്ദം നേരിട്ടു.

ആർ.ബി.ഐയുടെ പണനയ പ്രഖ്യാപനങ്ങളും വിദേശ മൂലധനം ആകർഷിക്കാനുള്ള പുതിയ നടപടികളും ആഭ്യന്തര വിപണിക്ക് അനുകൂലമായ പശ്ചാത്തലമൊരുക്കി. കഴിഞ്ഞയാഴ്ചയുടെ ആദ്യ പകുതിയിൽ ആ​ഗോള സംഘർഷങ്ങളും വിദേശ നിക്ഷേപകരുടെ (FII) വിൽപനയും വിപണിയെ ചാ‍ഞ്ചാടത്തിലേക്ക് തള്ളിവിട്ടെങ്കിലും, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (DII) ശക്തമായ പണമൊഴുക്കും ആഴ്ചാവസാനം ക്രൂഡ് ഓയിൽ വിലയിലുണ്ടായ കനത്ത ഇടിവും ആഭ്യന്തര ഓഹരി സൂചികകളെ താഴ്ന്ന നിലവാരത്തിൽ നിന്നും ശക്തമായി കുതിച്ചുയരാൻ സഹായിച്ചു.

ടെക്നിക്കൽ അനാലിസിസ്

നിഫ്റ്റി: കഴിഞ്ഞയാഴ്ചയുടെ തുടക്കത്തിൽ തിരിച്ചടി നേരിട്ട് 23,081 എന്ന താഴ്ന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി സൂചിക, പിന്നീട് വിപണിയിലുണ്ടായ അനുകൂല സാഹചര്യങ്ങളുടെ പിൻബലത്തിൽ നഷ്ടക്കയത്തിൽ നിന്നും കരകയറിയതോടെ 23,623 നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സാങ്കേതികമായി നിഫ്റ്റി ഇപ്പോൾ അതിന്റെ ഹ്രസ്വകാല മൂവിംഗ് ആവറേജുകൾക്ക് മുകളിലാണ്. സൂചികയ്ക്ക് 23,150 നിലവാരത്തിൽ നിന്നും ശക്തമായ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ തുടരുന്നിടത്തോളം നിലവിലെ മുന്നേറ്റം വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. മുകളിലേക്കുള്ള പ്രയാണത്തിൽ 24,000 നിലവാരത്തിലാകും ആദ്യഘട്ട പ്രതിരോധം നേരിടേണ്ടിവരിക. ഇത് മറികടന്നാൽ നിഫ്റ്റിയിൽ ബുള്ളിഷ് ട്രെൻഡ് കൂടുതൽ ശക്തമാകും.

ബാങ്ക് നിഫ്റ്റി: മുൻ ആഴ്ചകളിൽ തങ്ങിനിന്ന 53,000—55,500 കൺസോളിഡേഷൻ പരിധി തകർത്ത്, ബാങ്ക് നിഫ്റ്റി മുന്നേറിയത് വിപണിയിലെ നിലവിലെ ട്രെൻഡ് മാറുന്നതിന്റെ (Trend Reversal) ശക്തമായ സൂചനയാണ്. സൂചിക നിലവിൽ ഹ്രസ്വകാല മൂവിംഗ് ആവറേജുകൾക്ക് മുകളിലാണ്. വരും ദിവസങ്ങളിൽ 55,500 എന്ന നിലവാരം നിലനിർത്തിയാൽ ബാങ്ക് നിഫ്റ്റിയുടെ കുതിപ്പ് തുടരും. മുകളിലേക്ക് പോകുമ്പോൾ 57,500—58,000 പരിധിയിലാണ് അടുത്ത പ്രധാന പ്രതിരോധ കടമ്പയുള്ളത്.

സെൻസെക്സ്: ബി.എസ്.ഇയുടെ മുഖ്യ അടിസ്ഥാന ഓഹരി സൂചികയിൽ മികച്ച നേട്ടം പ്രകടമായെങ്കിലും ഇടക്കാല ട്രെൻഡ് അനുകൂലമാകാൻ 76,750 എന്ന പ്രധാന പ്രതിരോധം മറികടക്കേണ്ടതുണ്ട്. താഴേക്ക് വന്നാൽ 73,400 നിലവാരത്തിൽ നിന്നും സെൻസെക്സിന് ശക്തമായ പിന്തുണ ലഭിക്കുമെന്ന് കരുതാം. പുതിയ ആഴ്ചയിൽ സെൻസെക്സ് 73,400—76,750 എന്ന പരിധിക്കുള്ളിൽ കൺസോളിഡേഷൻ തുടരാനും സാധ്യതയുണ്ട്.

പുതിയ ആഴ്ചയിലെ വിപണി സാധ്യതകൾ

വരുന്ന വ്യാപാര ആഴ്ചയിൽ (ജൂൺ 15-19) ആഭ്യന്തര വിപണിയിൽ പോസിറ്റീവ് ട്രെൻഡ് തുടരാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ തുടർച്ചയായ നിക്ഷേപവും (ഡി.ഐ.ഐ ഇൻഫ്ലോ), നിയന്ത്രണവിധേയമാകുന്ന ക്രൂഡ് ഓയിൽ വിലയും ആഭ്യന്തര വിപണിക്ക് കരുത്താകും. സാങ്കേതികമായി പ്രധാന സൂചികകൾ അനുകൂലമായ നിലവാരത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, പശ്ചിമേഷ്യയിലെ സമാധാന ചർച്ചകളുടെ അന്തിമഫലവും വിദേശ നിക്ഷേപകരുടെ വിപണിയിലെ നിലപാടുകളും ആഗോള വിപണിയിലെ ട്രെൻഡുകളും ഒക്കെ പുതിയ വ്യാപാര ആഴ്ചയിലും ഇന്ത്യൻ വിപണിയിൽ അസ്ഥിരത ഉയർത്തിനിർത്തിയേക്കാം എന്നതിനാൽ നിക്ഷേപകർ ജാഗ്രത പുലർത്തേണ്ടതുണ്ട്.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com