'ഓഹരി വിപണി ഇനിയും ഇടിയും; നിക്ഷേപം ഇപ്പോള്‍ വേണ്ട'
ഓഹരി വിപണിയില്‍ ഇനിയും ഇടിവ് തുടരുമെന്നും നിക്ഷേപിക്കാന്‍ ഇതല്ല മികച്ച അവസരമെന്നും വിദഗ്ധര്‍. രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപ വിദഗ്ധനായ ആനന്ദ് ആചാര്യ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ ആറുവരെയുള്ള രണ്ടാഴ്ചക്കാലത്ത് വിപണി മറ്റൊരു കനത്ത ഇടിവിന് സാക്ഷ്യം വഹിക്കുമെന്നു കൂടി പ്രവചിക്കുന്നു. ''വിപണി ഗ്രേറ്റ് ബെയര്‍ മാര്‍ക്കറ്റിന്റെ പിടിയിലാണ്. മറ്റൊരു കനത്ത ഇടിവുകൂടി പ്രതീക്ഷിക്കുന്നു,'' ആനന്ദ് ആചാര്യയുടെ
ട്വീറ്റ് ഇതായിരുന്നു.
ഓഹരി വിപണിയില്‍ ഇപ്പോള്‍ കാണുന്നത് ഹ്രസ്വകാല തിരുത്തല്‍ അല്ല മറിച്ച് ദീര്‍ഘനാള്‍ നീണ്ടുനിന്നേക്കാവുന്ന ബെയര്‍ മാര്‍ക്കറ്റിന്റെ സൂചനകളാണെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നുണ്ട്. ''ഇതൊരു ക്ലാസിക് ബെയര്‍ മാര്‍ക്കറ്റാണ്. നാം ഇനിയും താഴേയ്ക്ക് പോകും,'' മുതിര്‍ന്ന ട്രേഡറായ സുഭാദിപ് നന്ദി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു. വോള്‍ സ്ട്രീറ്റിലെ പ്രശസ്ത ട്രേഡറും ഓഹരി വിപണിയെ സംബന്ധിച്ച നിരവധി ബെസ്റ്റ് സെല്ലര്‍ ബുക്കുകളുടെ രചയിതാവുമായ മാര്‍ക്ക് മിനെര്‍വിനി, ഓഹരി വാങ്ങാന്‍ ഇതാണ് മികച്ച സമയമെന്ന ഉപദേശം നിക്ഷേപകര്‍ ചെവിക്കൊള്ളരുതെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ''നിങ്ങളൊരു ട്രേഡറാണെങ്കില്‍ ഇപ്പോള്‍ എല്ലാ ദിവസവും അവസരമുണ്ട്. പക്ഷേ വിപണി ഇനിയും താഴെ പോകില്ലെന്ന് പറയാന്‍ വ്യക്തമായ ന്യായങ്ങളൊന്നുമില്ല,'' അദ്ദേഹം വിശദീകരിക്കുന്നു.
സീ ബിസിനസിന്റെ എഡിറ്റര്‍ അനില്‍ സിഘ്‌വിയും വിപണിയില്‍ നിന്ന് നിക്ഷേപകര്‍ ഇപ്പോള്‍ അകലം പാലിക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അടിസ്ഥാനപരമായി കരുത്തുറ്റ കമ്പനികളുടെ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാമെന്ന ഉപദേശങ്ങളെയും അദ്ദേഹം കണക്കിന് പരിഹരിക്കുന്നുമുണ്ട്. എന്നാല്‍ പ്രമുഖ വെല്‍ത്ത് അഡൈ്വസറും ഗ്രന്ഥകാരനും നിക്ഷേപകനുമായ ബസന്ത് മഹേശ്വരി, ഏറ്റവും കുറഞ്ഞത് ഹൈ ക്വാളിറ്റി സ്റ്റോക്കുകളുടെയെങ്കിലും കാര്യത്തില്‍ ഏറ്റവും താഴ്ന്ന നില ഇപ്പോള്‍ എത്തിയിട്ടുണ്ടെന്ന അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline