ഇന്ത്യൻ വിപണിയിൽ ഇനി മുന്നേറ്റം പ്രതീക്ഷിക്കാമോ? ഈയാഴ്ച ശ്രദ്ധിക്കേണ്ട ​പ്രധാന ഘടകങ്ങൾ എന്തൊക്കെ?

പശ്ചിമേഷ്യൻ യുദ്ധവും രാഷ്ട്രീയ സാഹചര്യങ്ങളും ക്രൂഡ് ഓയിൽ വില, ഇന്ത്യൻ രൂപയുടെ മൂല്യം, ആഗോള ബോണ്ട് യീൽഡ് എന്നിവ ഓഹരി വിപണിയുടെ ചലനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
stock recommendation
Canva
Published on

പശ്ചിമേഷ്യയിലെ യുദ്ധവും ജിയോപൊളിറ്റിക്കൽ റിസ്ക് ഘടകങ്ങളും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (FII) തുടർച്ചയായ വിൽപനയും മൂലം കഴിഞ്ഞ ആഴ്ചയിൽ ആഭ്യന്തര ഓഹരി വിപണിയിൽ തിരുത്തൽ പ്രകടമായിരുന്നു. ആഴ്ച കാലയളവിൽ മുഖ്യ ഓഹരി സൂചികകളായ ബി.എസ്.ഇ സെൻസെക്സ് 0.85 ശതമാനവും എൻ.എസ്.ഇ നിഫ്റ്റി 0.70 ശതമാനം വീതവും ഇടിവ് രേഖപ്പെടുത്തി. എന്നാൽ പൊതുമേഖലാ ബാങ്ക് ഓഹരികളിൽ പ്രകടമായ നിക്ഷേപക താത്പര്യം ബാങ്ക് സൂചികയ്ക്ക് നേരിയ പിന്തുണ നൽകി. ഇനി പുതിയ വ്യാപാര ആഴ്ചയിൽ (2026 ജൂൺ 1-5) ഇന്ത്യൻ ഓഹരി വിപണിയുടെ സാധ്യതകളും നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും പരിശോധിക്കാം.

വിപണി അവലോകനം

കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിൽ നിഫ്റ്റി സൂചിക 23,940 എന്ന നിലവാരത്തിൽ നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും ആഴ്ചയുടെ മധ്യത്തോടെ 24,090 വരെ എത്തിച്ചേർന്ന് ഉയർന്ന നിലവാരം രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ഈ മുന്നേറ്റം നിലനിർത്താൻ സാധിക്കാതെ സൂചിക 23,485 എന്ന ആഴ്ച കാലയളവിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഒടുവിൽ 23,548 എന്ന നിലവാരത്തിലാണ് നിഫ്റ്റി കഴിഞ്ഞയാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്.

സമാനമായി ബി.എസ്.ഇ സെൻസെക്സ് സൂചിക 74,776-ലും ബാങ്ക് നിഫ്റ്റി സൂചിക 0.30 ശതമാനം നേട്ടത്തോടെ 54,239-ലും വ്യാപാരം അവസാനിപ്പിച്ചു. സെക്ടറുകളുടെ പ്രകടനം നോക്കിയാൽ മീഡിയ, പി.എസ്.യു ബാങ്കിംഗ്, മെറ്റൽ, ഓട്ടോ വിഭാ​ഗം ഓഹരികൾ നേട്ടം കരസ്ഥമാക്കിയപ്പോൾ എഫ്.എം.സി.ജി, ഫാർമ, പ്രൈവറ്റ് ബാങ്കിംഗ് തുടങ്ങിയ ഓഹരി വിഭാ​ഗങ്ങൾ നഷ്ടം നേരിട്ടു. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (DII) വാങ്ങലുകളും വാരന്ത്യത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും വിപണിയിലെ വലിയ തകർച്ചയെ പ്രതിരോധിക്കാൻ സഹായിച്ചു.

നിഫ്റ്റി — ഇനിയെന്ത്?

ടെക്നിക്കൽ അനാലിസിസിന്റെ അടിസ്ഥാനത്തിൽ, ഹ്രസ്വകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ് നിഫ്റ്റി സൂചിക ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഈ വ്യാപാര ആഴ്ചയിൽ വിപണി നേരിയ തോതിൽ ഇടിയാനുള്ള സാധ്യതയ്ക്കാണ് (Mildly negative bias) മുൻതൂക്കം.

  • സപ്പോർട്ട്: നിഫ്റ്റിക്ക് താത്കാലികമായി 23,475-ലും, അതിന് താഴേക്ക് പോവുകയാണെങ്കിൽ 23,150-ലും ശക്തമായ സപ്പോർട്ട് ഉണ്ട്. 23,475 നിലവാരം നിലനിർത്തിയാൽ വിപണിയിൽ ഒരു തിരിച്ചു വരവ് (Pullback rally) പ്രതീക്ഷിക്കാം.

  • റെസി​സ്റ്റൻസ്: മുകളിലേക്ക് കയറാനുള്ള പരിശ്രമത്തിൽ 24,100 എന്ന നിലവാരമാകും നിർണായക പ്രതിരോധ കടമ്പ (Resistance). ഇവിടം മറികടക്കാനായാൽ സൂചിക 24,500–24,600 നിലവാരത്തിലേക്ക് വരെ ഉയർന്നേക്കാം.

ബാങ്ക് നിഫ്റ്റി — ഇനിയെന്ത്?

എൻ.എസ്.ഇയിലെ ബാങ്കിം​ഗ് ഓഹരികളുടെ പൊതുസൂചികയായ ബാങ്ക് നിഫ്റ്റി, കഴിഞ്ഞയാഴ്ച നേരിയ നേട്ടത്തോടെയാണ് അവസാനിപ്പിച്ചതെങ്കിലും പ്രതിവാര ടെക്നിക്കൽ ചാർട്ടിൽ രേഖപ്പെടുത്തപ്പെട്ട 'ബെയറിഷ് കാൻഡിൽ' ഈ വ്യാപാര ആഴ്ചയിൽ നേരിയ തിരുത്തൽ സാധ്യതയെ കാണിക്കുന്നു.

  • റെസി​സ്റ്റൻസ്: 55,500 എന്ന നിലവാരത്തിലാണ് ആദ്യ പ്രതിരോധം. ഇത് മറികടക്കാത്ത പക്ഷം ബാങ്ക് നിഫ്റ്റിയിലെ കൺസോളിഡേഷൻ ഘട്ടം തുടരാനാണ് സാധ്യത.

  • സപ്പോർട്ട്: ബാങ്കിം​ഗ് സൂചിക താഴോട്ട് പോവുകയാണെങ്കിൽ 54,000 നിലവാരത്തിൽ ആദ്യ സപ്പോർട്ടും അവിടം തകർക്കപ്പെട്ടാൽ 53,000-ലും അടുത്ത സപ്പോർട്ട് ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

സെൻസെക്സ് — ഇനിയെന്ത്?

ബി.എസ്.ഇ സെൻസെക്സ് സൂചിക നിലവിൽ അതിന്റെ പ്രധാന പ്രതിരോധ പരിധിയായ 76,750-ന് താഴെയാണ് തുടരുന്നത്.

  • പ്രധാന ലെവലുകൾ: സൂചികയ്ക്ക് 74,000 നിലവാരത്തിൽ താത്കാലിക സപ്പോർട്ട് ഉണ്ട്. വിപണിയിൽ അനുകൂലമായ ഒരു ട്രെൻഡ് രൂപപ്പെടണമെങ്കിൽ സെൻസെക്സ് സൂചിക 76,750 എന്ന പ്രതിരോധ കടമ്പ മറികടന്ന് മുന്നേറേണ്ടതുണ്ട്.

ഈ ആഴ്ചയിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

ഈ വ്യാപാര ആഴ്ചയിൽ (ജൂൺ 1-5) പശ്ചിമേഷ്യൻ യുദ്ധവും രാഷ്ട്രീയ സാഹചര്യങ്ങളും ക്രൂഡ് ഓയിൽ വില, ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം, ആഗോള ബോണ്ട് യീൽഡ് (കടപ്പത്ര നിക്ഷേപനേട്ടം) എന്നിവ ഓഹരി വിപണിയുടെ ചലനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർധനവ് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയർത്താനും അതു പണപ്പെരുപ്പത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ നിക്ഷേപകർ പൊതുവിൽ ജാഗ്രത പാലിക്കേണ്ടിവരും.

വിപണി ഒരു നിശ്ചിത പരിധിക്കുള്ളിൽ തങ്ങിനിൽക്കാൻ (range-bound) സാധ്യതയുള്ളതിനാൽ ഓഹരി അധിഷ്ഠിതമായ നീക്കങ്ങൾ (Stock-specific action) പ്രതീക്ഷിക്കാം. താരതമ്യേന ശക്തികാണിക്കുന്ന സെക്ടറുകളിൽ നിന്നും അടിസ്ഥാനപരമായി ക്വാളിറ്റിയുള്ള ഓഹരികൾക്ക് മുൻ​ഗണന നൽകുന്നതാണ് ഉചിതം.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com