മ്യൂച്വല്‍ഫണ്ടുകളില്‍ പ്രവാസികളുടെ പങ്കാളിത്തം കുറയുന്നു

തിരിച്ചടിയായി രൂപയുടെ മൂല്യത്തകര്‍ച്ചയും വിദേശ വിപണികളുടെ മികച്ച പ്രകടനവും
Mutual Funds
Published on

ഇന്ത്യയിലെ മ്യൂച്വല്‍ഫണ്ടുകളില്‍ പ്രവാസികളുടെ (എന്‍.ആര്‍.ഐ) പങ്കാളിത്തം താഴേക്ക്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (ആംഫി) റിപ്പോര്‍ട്ട് പ്രകാരം 2018 ഡിസംബറിലെ 4.2 ശതമാനത്തില്‍ നിന്ന് 2022 ഡിസംബറില്‍ 3.9 ശതമാനമായാണ് പ്രവാസീപങ്കാളിത്തം കുറഞ്ഞത്.

ഇന്ത്യയില്‍ ഫിന്‍ടെക് കമ്പനികളുടെ ഉദയം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് നിരവധി പുതിയ ആഭ്യന്തര നിക്ഷേപകര്‍ മ്യൂച്വല്‍ഫണ്ടുകളിലേക്ക് എത്താന്‍ വഴിയൊരുക്കിയിരുന്നു. ഫിന്‍ടെക് കമ്പനികള്‍ ഒരുക്കിയ ലളിതമായ നടപടിക്രമങ്ങളാണ് ഇത് സാദ്ധ്യമാക്കിയത്. കൊവിഡ് കാലത്തും നിരവധി പേര്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിലേക്ക് കടന്നുവെന്ന് ആംഫി ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയും രൂപയും

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് രൂപയുടെ മൂല്യത്തകര്‍ച്ച വിദേശത്തുനിന്നുള്ള നിക്ഷേപത്തെ സാരമായി ബാധിച്ചു. ഡോളറിനെതിരെ 2019 ഡിസംബറില്‍ 71.4 ആയിരുന്ന രൂപയുടെ മൂല്യം 2022 ഡിസംബറില്‍ 82.7ലെത്തി. മൂല്യം കുറയുന്ന കറന്‍സിയിലെ നിക്ഷേപം നഷ്ടത്തിന് വഴിവയ്ക്കുമെന്ന ആശങ്ക പ്രവാസികളെ ഇന്ത്യന്‍ മ്യൂച്വല്‍ഫണ്ടുകളില്‍ നിന്നകറ്റി.

അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ നിക്ഷേപം ഇക്കാലയളവില്‍ ആകര്‍ഷകമായതും തിരിച്ചടിയായി. 2019 ഡിസംബര്‍ മുതല്‍ 2022 ഡിസംബര്‍ വരെ അമേരിക്കയിലെ നാസ്ഡാക്ക് കോമ്പസിറ്റ്‌  സൂചിക 17 ശതമാനമാണ് വളര്‍ന്നത്. എം.എസ്.സി.ഐ യു.എസ്.എ സൂചിക 18 ശതമാനവും മുന്നേറി.

നിക്ഷേപം മേലോട്ട്

2018 മുതല്‍ 2022 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ മൊത്തം മ്യൂച്വല്‍ഫണ്ട് നിക്ഷേപക അക്കൗണ്ടുകളുടെ എണ്ണം 8 കോടിയില്‍ നിന്ന് 14 കോടിയായി ഉയര്‍ന്നിട്ടുണ്ട്. മ്യൂച്വല്‍ഫണ്ട് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം) 23 ലക്ഷം കോടി രൂപയില്‍ നിന്ന് 40 ലക്ഷം കോടി രൂപയിലുമെത്തി. 95,551 കോടി രൂപയായിരുന്നു 2018 ഡിസംബറില്‍ എന്‍.ആര്‍.ഐ നിക്ഷേപം. 2022 ഡിസംബറില്‍ ഇത് 1.53 ലക്ഷം കോടി രൂപയായെങ്കിലും മൊത്തം പങ്കാളിത്തത്തില്‍ കുറവുണ്ടായെന്ന് ആംഫി പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com