നിക്ഷേപത്തിന് പരിഗണിക്കാം ഈ ഓഹരികള്‍

പൈസലോ ഡിജിറ്റല്‍ ലിമിറ്റഡ്
എംഎസ്എംഇകള്‍ക്ക് ഡിജിറ്റല്‍ വായ്പകള്‍ ലഭ്യമാക്കുന്ന 'പൈസലോ ആപ്പ്' ഫ്ളാഗ്ഷിപ്പ് ഉല്‍പ്പന്നമായുള്ള ഒരു ഡിജിറ്റല്‍ ഏജ് കമ്പനിയാണ് പൈസലോ ഡിജിറ്റല്‍ ലിമിറ്റഡ്. ബാലന്‍സ് ഷീറ്റ് വളര്‍ച്ച, പോര്‍ട്ട്‌ഫോളിയോ ഗുണനിലവാരം, ലാഭക്ഷമത എന്നിവയിലുടനീളം കമ്പനി മികച്ച പാദഫലം രേഖപ്പെടുത്തിയിട്ടുണ്ട്. എക്കാലത്തെയും ഉയര്‍ന്ന എയുഎമ്മായ 2717.30 കോടി രൂപയാണ് കമ്പനിക്കുള്ളത്. കൂടാതെ, ബി
സിനസ് പരിവര്‍ത്തനത്തിനായി ടീമിലും സാങ്കേതികവിദ്യയിലും കമ്പനി നിക്ഷേപം നടത്തുന്നതും തുടരുന്നു. കോവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം പൈസലോ ടോപ്പ്-അപ്പ് ലോണുകളൊന്നും നടത്തിയിട്ടില്ലാത്തതിനാല്‍ ലോണ്‍ ബുക്കിലുടനീളമുള്ള അസറ്റ് ക്വാളിറ്റി മാനേജ് ചെയ്യാന്‍ ഇത് സഹായിച്ചിരുന്നു. അടുത്തിടെ ഓഹരിയുടെ മുഖവില 10 രൂപയില്‍ നിന്ന് 1 രൂപയായി വിഭജിച്ചിരുന്നു.
രാമ സ്റ്റീല്‍ ട്യൂബ്സ്
സ്റ്റീല്‍ ട്യൂബ് വ്യവസായത്തിലെ മുന്‍നിര നിര്‍മാതാക്കളാണ് രാമ സ്റ്റീല്‍ ട്യൂബ്സ് ലിമിറ്റഡ് (ആര്‍എസ്ടിഎല്‍). നൈജീരിയയിലും യുഎഇയിലുമുള്ള ആര്‍എസ്ടിഎല്ലിന്റെ ഉപകമ്പനികള്‍ ആഗോള വിപണികളില്‍ കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു. വലിയ മൂലധന വിപുലീകരണ പദ്ധതികളും ചെറിയ ഓഹരി വിലയുമാണ് കമ്പനിയുടെ ആകര്‍ഷണം. അഞ്ച് രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറിന്റെ ഓഹരി വിഭജനത്തിനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഉയര്‍ന്ന പ്രൊമോട്ടര്‍ ഹോള്‍ഡിംഗ്‌സും വിദേശ നിക്ഷേപം ഉയരുന്നതും ഈ ഓഹരിയുടെ മറ്റൊരു ആകര്‍ഷണമാണ്.
ഭാരത് ഇലക്ട്രോണിക്സ്
ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള എയറോസ്പേസ്, ഡിഫന്‍സ് ഇലക്ട്രോണിക്സ് കമ്പനിയാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍). പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഒമ്പത് പിഎസ്യുകളില്‍ ഒന്നു കൂടിയാണിത്. ഭാരത് ഇലക്ട്രോണിക്സിന് കേന്ദ്രസര്‍ക്കാര്‍ നവരത്ന പദവി നല്‍കിയിട്ടുണ്ട്. 55,333 കോടി രൂപയുടെ ആരോഗ്യകരമായ ഓര്‍ഡര്‍ ബുക്ക്, ഓര്‍ഡറുകളുടെ ഒഴുക്ക്, മികച്ച മാര്‍ജിന്‍ പ്രൊഫൈല്‍ എന്നിവ അടുത്ത രണ്ട് വര്‍ഷങ്ങളിലെ കമ്പനിയുടെ വരുമാനത്തില്‍ ഇരട്ട അക്ക വളര്‍ച്ച
നേടാന്‍ സഹായിച്ചേക്കും. ദീര്‍ഘകാല വളര്‍ച്ചയെ സഹായിക്കുന്ന കയറ്റുമതിയിലും സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രതിരോധയിതര മേഖലകളിലേക്ക് പ്രവര്‍ത്തനം വൈവിധ്യവല്‍ക്കരിക്കാനുമുള്ള പദ്ധതി കമ്പനിക്കുണ്ട്. കൂടാതെ 2:1 അനുപാതത്തില്‍ ബോണസ് ഓഹരികളും ഭാരത് ഇലക്ട്രോണിക്സ് പ്രഖ്യാപിച്ചിട്ടുണ്ട്.
തേജസ് നെറ്റ്‌വര്‍ക്ക്
ഇന്ത്യ ആസ്ഥാനമായുള്ള ഒപ്റ്റിക്കല്‍, ബ്രോഡ്ബാന്‍ഡ്, ഡാറ്റ നെറ്റ്‌വര്‍ക്കിംഗ് ഉല്‍പ്പന്ന കമ്പനിയാണ് തേജസ് നെറ്റ്‌വർക്ക്. 75 രാജ്യങ്ങളിലെ ടെലികോം സേവന ദാതാക്കള്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, യൂട്ടിലിറ്റികള്‍, സെക്യൂരിറ്റി, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് തേജസ് നെറ്റ്‌വര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ടെലികോം നെറ്റ്‌വര്‍ക്കിംഗിന്റെ ഒന്നിലധികം മേഖലകളില്‍ കമ്പനി നിരവധി ഐപികള്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ, തെക്കുകിഴക്കന്‍ ഏഷ്യയും ആഫ്രിക്കയും ഉള്‍പ്പെടെയുള്ള മറ്റ് വികസ്വര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനിയായും ഉയര്‍ന്നു. ടാറ്റ ഗ്രൂപ്പില്‍നിന്നുള്ള മറ്റൊരു ടാറ്റ എല്‍ക്സിയായിരിക്കാം തേജസ് നെറ്റ്‌വര്‍ക്ക്.
ഐഡിഎഫ്സി ബാങ്ക്
ഇന്റഗ്രേറ്റഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനിയായ ഐഡിഎഫ്സിയുടെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യന്‍ സ്വകാര്യമേഖലാ ബാങ്കാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. അസറ്റ് മാനേജ്‌മെന്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ബ്രോക്കിംഗ്, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് എന്നിങ്ങനെ ഐഡിഎഫ്സി ബാങ്ക് തങ്ങളുടെ പ്രവര്‍ത്തനം വൈവിധ്യവല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ) മികച്ചരീതിയിലാണ്. 2021 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 2.93 ശതമാനവും 2022 നാലാം പാദത്തില്‍ 6.67 ശതമാനവുമായിരുന്നു. നടപ്പ് സാമ്പത്തികവര്‍ഷം അവസാനപാദത്തില്‍ ഇരട്ട അക്കമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
പിരമല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ്
നേരത്തെ പിരമല്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, പിരമല്‍ ഗ്രൂപ്പിലെ ഏറ്റവും വലിയ കമ്പനിയാണ്. ഹെല്‍ത്ത്‌കെയര്‍, ലൈഫ് സയന്‍സസ്, ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുള്‍പ്പെടെയുള്ള ബിസിനസ് വെര്‍ട്ടിക്കലുകളിലും സജീവമാണ് ഈ കമ്പനി.
പിരമല്‍ എന്റര്‍പ്രൈസിന്റെ ഫാര്‍മ ബിസിനസ് വിഭജിക്കുന്നതിനും കമ്പനി കോര്‍പ്പറേറ്റ് ഘടന ലളിതമാക്കുന്നതിനും എന്‍സിഎല്‍ടി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലമായി പിരമല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ് (എന്‍ബിഎഫ്‌സി), പിരമല്‍ ഫാര്‍മ ലിമിറ്റഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ലിസ്റ്റഡ് കമ്പനികളുണ്ടാകും.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Ramki
Ramki  

മാനേജിങ് ഡയറക്ടർ & സിഇഒ, ഷെയർ വെൽത്ത്

Related Articles
Next Story
Videos
Share it