നിക്ഷേപകര്‍ ഇപ്പോള്‍ ഓഹരി വാങ്ങണോ, വില്‍ക്കണോ?

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം പുതിയ സംഭവമല്ല. സമീപകാലത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരു തിരുത്തല്‍ ആസന്നമാണെന്ന് വിപണി നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ ഇപ്പോള്‍ ഓഹരി വാങ്ങണോ അതോ വില്‍ക്കണോ? ഓഹരി നിക്ഷേപക രംഗത്തെ രണ്ട് പ്രമുഖര്‍ സംസാരിക്കുന്നു.
നിക്ഷേപകര്‍ ഇപ്പോള്‍ ഓഹരി വാങ്ങണോ, വില്‍ക്കണോ?
Published on
നിക്ഷേപകര്‍ ഇപ്പോള്‍ ചെയ്യേണ്ടത് ഇതാണ്
ഡോ. വി കെ വിജയകുമാര്‍, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്

നിക്ഷേപകര്‍ ഇപ്പോള്‍ ഓഹരി വാങ്ങണോ അതോ വില്‍ക്കണോ എന്ന ചോദ്യത്തിന് വാറന്‍ ബഫറ്റിന്റെ ഉത്തരത്തിലൂടെ തന്നെ മറുപടി പറയാം. വാറന്‍ ബഫറ്റ് പറയുന്നത് ഓഹരി നിക്ഷേപത്തിന്റെ കാലാപരിധി എന്നാല്‍ എല്ലാക്കാലവും എന്നതാണ്. ഒരു പ്രത്യേക കാലം കഴിഞ്ഞാല്‍ വില്‍ക്കാം, ഓഹരി സൂചിക ഇനി താഴും അതുകൊണ്ട് വില്‍ക്കാം എന്നതല്ല ശരിയായ രീതി. സെന്‍സെക്‌സ് 42,000 കടന്നപ്പോള്‍ ഇനി മുന്നേറ്റം പ്രയാസമാണ്. അതുകൊണ്ട് ഓഹരി വില്‍ക്കുന്നതാണ് നല്ലതെന്ന് നിരീക്ഷിച്ച വിദഗ്ധരുണ്ട്. അവരുടെ വാക്കുകള്‍ കേട്ട് വിറ്റവരുമുണ്ട്. എന്നിട്ട് പിന്നെ എന്തുണ്ടായി സെന്‍സെക്‌സ് 52,000 തൊട്ടില്ലേ?

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച് മുതല്‍ ഞാന്‍ ഒരിക്കല്‍ പോലും ഓഹരി വില്‍ക്കാനോ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കാനോ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടില്ല. പക്ഷേ നിക്ഷേപകര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.

2021 സാമ്പത്തിക വര്‍ഷത്തില്‍ പുതുതായി തുറന്നിരിക്കുന്ന ഡീമാറ്റ് എക്കൗണ്ടുകളുടെ എണ്ണം 1.47 കോടിയാണ്. അതായത് ഇത്രയും പുതിയ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ എത്തിയിരിക്കുന്നു. അതുകൊണ്ട് ഉണ്ടായ ഒരു കാര്യം സൂചിപ്പിക്കാം.

ഈ വര്‍ഷം മെയ് മാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 6,000 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ വാങ്ങിയത് 2000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ്. സാധാരണ നിലയില്‍ ഇത്തരമൊരു കാര്യം വിപണിയില്‍ നടക്കുമ്പോള്‍ സൂചിക ഇടിവ് രേഖപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ 7.5 ശതമാനം ഉയര്‍ച്ചയാണ് വിപണി സൂചികയിലുണ്ടായത്. റീറ്റെയ്ല്‍ നിക്ഷേപകരുടെ വാങ്ങലാണ് ഇതിന് കാരണം.

ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത സാഹചര്യം

വിപണിയുടെ വാല്വേഷന്‍ നിര്‍ണയിക്കാന്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് അടിസ്ഥാനമാക്കുക. ഒന്ന് വിപണി മൂല്യവും ജിഡിപിയും തമ്മിലുള്ള അനുപാതം, രണ്ട് പിഇ മള്‍ട്ടിപ്പ്ള്‍, മൂന്ന് പ്രൈസ് ടു ബുക്ക് വാല്യു.

ഇവ മൂന്നിന്റേയും ഇന്ത്യയിലെ ദീര്‍ഘകാല ശരാശരിയേക്കാള്‍ ഉയര്‍ന്ന തലത്തിലാണ് ഇപ്പോഴുള്ളത്. അതായത് മാര്‍ക്കറ്റ് കാപും ജിഡിപിയും തമ്മിലുള്ള അനുപാതത്തിന്റെ ദീര്‍ഘകാല ശരാശരി 77 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോള്‍ 110 ശതമാനമാണ്. പി ഇ മള്‍ട്ടിപ്പഌന്റെ ദീര്‍ഘകാല ശരാശരി 16 ആയിരുന്നത് ഇപ്പോള്‍ 21 ആണ്. പ്രൈസ് ടു ബുക്ക് വാല്യുവിന്റെ ദീര്‍ഘകാല ശരാശരി 3.23 ആയിരുന്നത് ഇപ്പോള്‍ 4.44 ആയിരിക്കുന്നു.

അതായത് ഈ മൂന്ന് സൂചകങ്ങളും അപകട സൂചനയാണ് ഇപ്പോള്‍ നല്‍കുന്നത്. ജിഡിപി ചുരുങ്ങിയതുകൊണ്ടാണ് മാര്‍ക്കറ്റ് കാപ് ടു ജിഡിപി അനുപാതം ഉയര്‍ന്നുനില്‍ക്കുന്നത്. എന്നിട്ടും വിപണി മുന്നോട്ട് കുതിക്കാന്‍ കാരണം വിപണിയിലേക്കെത്തുന്ന പണമൊഴുക്കാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ലോകത്തിലില്‍ ഇപ്പോള്‍. പൂജ്യമോ നെഗറ്റീവോ ഒക്കെയായി പലിശ നിരക്ക് മാറിയിരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. അടിസ്ഥാന ഘടകങ്ങള്‍ ദുര്‍ബലമായി നില്‍ക്കുമ്പോഴും ഉയര്‍ന്ന പണമൊഴുക്ക് വിപണിയെ ഉയരങ്ങളിലേക്ക് എത്തിക്കുമ്പോള്‍ നിക്ഷേപകര്‍ തീര്‍ച്ചയായും ജാഗ്രത പുലര്‍ത്തുകയും വേണം. നിക്ഷേപത്തില്‍ നിന്ന് ലാഭമെടുക്കാം. പക്ഷേ പൂര്‍ണമായും പിന്‍വലിക്കണമെന്നതില്ല.

നിക്ഷേപകര്‍ ഇപ്പോള്‍ എന്തുചെയ്യണം?

ഓഹരി വിപണിയിലെ എന്റെ 37 വര്‍ഷത്തെ അനുഭവ പരിചയത്തില്‍ നിന്ന് എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഇതാണ്.

1. ഓഹരി നിക്ഷേപം സിസ്റ്റമാറ്റിക്കായി ദീര്‍ഘകാലം തുടരണം. മികച്ച ഓഹരികളിലോ അല്ലെങ്കില്‍ മൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപം ആകാം.

2. ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്തി മികച്ച നേട്ടം സ്വന്തമാക്കാന്‍ കമ്പനികളെ കുറിച്ച് അറിവും അതിനുള്ള സമയവും തീര്‍ച്ചയായും വേണം. അതില്ലാത്തവര്‍ ഓഹരി വിപണിയില്‍ ചൂതാട്ടത്തിന് ഒരുങ്ങി പണം കളയരുത്.

3. ഓഹരി എപ്പോള്‍ വാങ്ങണം, എപ്പോള്‍ വില്‍ക്കണം എന്നത് കൃത്യമായി പ്രവചിക്കാന്‍ ആകില്ല.

4. ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്ന സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല വഴി മൂച്വല്‍ ഫണ്ടാണ്.

നിങ്ങള്‍ നടത്തുന്നത് ചൂതാട്ടമോ നിക്ഷേപമോ?

പുതുതായി ഓഹരി വിപണിയില്‍ എത്തിയിരിക്കുന്ന ഭൂരിഭാഗം പേരും ട്രേഡിംഗിലാണ് ശ്രദ്ധയൂന്നുന്നത്. ട്രേഡിംഗ് നടത്തി പണമുണ്ടാക്കിയിരിക്കുന്നത് വളരെ ചെറിയൊരു ശതമാനം പേരാണ്. പണം നഷ്ടപ്പെടുത്തിയവരാണ് കൂടുതല്‍. ഓഹരി വിപണിയിലെ ചൂതാട്ടം നിങ്ങളുടെ സമ്പത്തിന് ഹാനികരമാണ്. അതുകൊണ്ട് നേരിട്ട് ഓഹരിയില്‍ നിക്ഷേപിക്കണമെന്നാഗ്രഹിക്കുന്നവര്‍ മികച്ച ഓഹരികളില്‍ മാത്രം നിക്ഷേപിക്കുക. അല്ലെങ്കില്‍ എസ് ഐ പി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുക.

ലാഭമെടുക്കാന്‍ ശ്രമിക്കുക, നല്ല കമ്പനികളെ തെരഞ്ഞെടുത്ത് നിക്ഷേപിക്കുക
എന്‍. ഭുവനേന്ദ്രന്‍, മാനേജിംഗ് ഡയറക്റ്റര്‍, അഹല്യ ഫിന്‍ഫോറെക്‌സ്

ഓഹരി വിപണി ഉയര്‍ന്ന വാല്വേഷനിലാണ്. രണ്ടോ മൂന്നോ സെക്ടറുകള്‍ ഒഴികെയുള്ള മേഖലകള്‍ ഉയര്‍ന്ന വാല്വേഷനില്‍ തന്നെയാണ്. ഓഹരി വിപണിയിലേക്ക് വരുന്ന ഫണ്ട് ഒഴുക്കാണ് ഇപ്പോള്‍ സൂചികകളെ ഉയര്‍ത്തുന്നത്. കമ്പനികളുടെ പ്രകടനം മെച്ചപ്പെട്ടതുകൊണ്ടോ കമ്പനികളുടെ ലാഭം കൂടിയതുകൊണ്ടോ അല്ല പല ഓഹരി വിലകളും ഉയരുന്നത്. ഇത് നിക്ഷേപകര്‍ തിരിച്ചറിയണം. അതുകൊണ്ട് തന്നെ ഏത് സമയത്തും തിരുത്തല്‍ ഉണ്ടാകാം.

ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തയ്യാറാകുന്നത് നല്ലതാണ്. അതുപോലെ തന്നെ മികച്ച ഓഹരികളിലേക്ക് നിക്ഷേപം മാറ്റാനും ശ്രമിക്കാം.

ഓഹരി വിപണിയിലേക്ക് പുതുതായി ഒട്ടേറെ നിക്ഷേപകര്‍ എത്തിയിട്ടുണ്ട്. പക്ഷേ ഇവര്‍ ദീര്‍ഘ കാല നിക്ഷേപത്തിന് മുന്‍തൂക്കം കൊടുക്കുന്നതായി കാണുന്നില്ല. ഭൂരിഭാഗം പേരും ട്രേഡിംഗാണ് ചെയ്യുന്നത്. ഇത് ശരിയായ പ്രവണതയല്ല. 4G നെറ്റ് വര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ വഴി ലളിതമായി എവിടെ ഇരുന്നും നിക്ഷേപം നടത്താനും പറ്റുന്ന സാഹചര്യവും പുതുതലമുറ നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ഏറെ ആകര്‍ഷിച്ചിട്ടുണ്ട്.

എന്നാല്‍ ട്രേഡിംഗ് ഇപ്പോള്‍ സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സ്വീകരിക്കാവുന്ന മാര്‍ഗമല്ല. പണം ഉണ്ടാക്കുന്നതിനേക്കാള്‍ നഷ്ടപ്പെടാനാകും ഏറെ സാധ്യത.

മികച്ച കമ്പനികളെ തെരഞ്ഞെടുത്ത് നിക്ഷേപിക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com