ഐടിസി ഓഹരികളില്‍ ഇപ്പോള്‍ നിക്ഷേപിക്കണോ?

ഓഹരി വിപണിയില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ നേരിടേണ്ടിവന്ന കമ്പനിയാണ് ഐടിസി. മികച്ച ആസ്തി മൂല്യവും ബിസിനസും വായ്പാരഹിതമായ കമ്പനിയായിരുന്നിട്ട് കൂടി ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതായിരുന്നു ഇതിന് പ്രധാന കാരണം. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഐടിസി ഓഹരി വിപണിയില്‍ നടത്തുന്ന പ്രകടനം നിക്ഷേപകര്‍ക്ക് പുത്തനുണര്‍വാണ് നല്‍കിയിട്ടുള്ളത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് മാറി കഴിഞ്ഞ രണ്ട് പാദങ്ങളിലായി മികച്ച ബിസിനസ് നേടാനായതാണ് ഐടിസിയുടെ ഓഹരിവില ഉയരാന്‍ കാരണമായത്. ഇന്നലെ ജൂണ്‍ പാദത്തിലെ ഫലം കൂടി വന്നതിന് പിന്നാലെ ഉയര്‍ന്ന ഓഹരി വില മൂന്ന് വര്‍ഷത്തെ റെക്കോര്‍ഡ് നിലയിലുമെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഐടിസി ഓഹരിയില്‍ നിക്ഷേപിക്കേണ്ടതുണ്ടോ എന്നാണ് പലരും സംശയിക്കുന്നത് വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് നോക്കാം.

മുന്നേറ്റം തുടരും, ലക്ഷ്യവില 355 രൂപ
ഐടിസി ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുമെന്നാണ് ഇന്‍വെസ്റ്റ്മെന്റ് കണ്‍സള്‍ട്ടന്റും ആര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രൊപ്പറൈറ്ററുമായ ഉത്തര രാമകൃഷ്ണന്‍ പറയുന്നത്. 'നേരത്തെ ഓഹരി വിപണി നേട്ടത്തിലായപ്പോള്‍ 210 രൂപയെന്ന നിലയില്‍ തുടര്‍ന്ന ഓഹരിയാണ് ഐടിസി. വര്‍ഷങ്ങളോളം ഈ കമ്പനിയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വിപണി ചാഞ്ചാട്ടത്തിലും 310 രൂപ തൊട്ടു. ഇത് തുടരുമെന്നാണഅ കരുതുന്നത്'' ഉത്തര രാമകൃഷ്ണന്‍ ധനത്തോട് പറഞ്ഞു. ഒരുവര്‍ഷത്തില്‍ ഐടിസിയുടെ ഓഹരി വിലയില്‍ 15 ശതമാനം വരെ ഉയര്‍ച്ചയുണ്ടായേക്കുമെന്നും 355 രൂപയിലെത്തുമെന്നും അവര്‍ പറയുന്നു. സിഗരറ്റ് ബിസിനസ് ഉയര്‍ന്നതും മികച്ച പ്രവര്‍ത്തനഫലവുമാണ് വിദഗ്ധര്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ജൂണ്‍ പാദത്തില്‍ സിഗരറ്റില്‍നിന്നുള്ള വരുമാനം 29 ശതമാനം ഉയര്‍ന്ന് 6,608 കോടി രൂപയിലെത്തിയിരുന്നു. സെഗ്മെന്റുകളില്‍, എഫ്എംസിജി വരുമാനം 4,451 കോടി രൂപയായി, മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 19.5 ശതമാനം വര്‍ധന. ഹോട്ടലുകളുടെ വരുമാനം കഴിഞ്ഞകാലയളവിലെ 128 കോടിയില്‍നിന്ന് 332.8 ശതമാനം വര്‍ധിച്ച് 554 കോടി രൂപയായി. പേപ്പര്‍ സെഗ്മെന്റ് വരുമാനം 1,583 കോടിയില്‍ നിന്ന് 2,267 കോടി രൂപയായി, 43.2 ശതമാനത്തിന്റെ വര്‍ധന. ഇത് തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
സിഗററ്റ് വിപണിയില്‍ അവര്‍ നായകരാണെന്നതിന് പുറമെ എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ നീണ്ടശ്രേണിയിലൂടെ ഇന്ത്യയിലെ ഓരോ കുടുംബത്തിലെയും അവിഭാജ്യഘടകമാണ് ഐടിസി. ആശിര്‍വാദ്. സണ്‍ഫീസ്റ്റ്, യിപ്പീ, ബിംഗോ, ബി നാച്വറല്‍, ഫിയമ, എന്‍ഗേജ്, സാവ്്‌ലോണ്‍, ക്ലാസ്‌മേറ്റ്‌സ് എന്നിവയാണ് ഐടിസിയുടെ പ്രധാന ബ്രാന്‍ഡുകള്‍. ഇതിന് പുറമേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥതയും നിയന്ത്രണവും അവരുടെ കൈയിലാണ്. SUUTI (Specified Undertaking of the Unit Trtsu of India) യുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് വ്യക്തത വരികയോ കമ്പനിയുടെ ഡീമെര്‍ജര്‍ (വിഭജനം) സംബന്ധിച്ച തീരുമാനം വരികയോ ചെയ്താല്‍ ഓഹരി പുതിയ ഉയരങ്ങളിലേക്ക് എത്താനിടയുണ്ട്.


Related Articles
Next Story
Videos
Share it