

ആഗോള വിപണിയിൽ വെള്ളി വില കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് സിൽവർ ഇടിഎഫുകൾ വലിയ തകർച്ചയെ നേരിടുകയാണ്. കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകളിലായി സിൽവർ ഇടിഎഫുകളുടെ മൂല്യത്തിൽ ഏകദേശം 40 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച മാത്രം പല ഇടിഎഫുകളും 20 ശതമാനം വരെ താഴേക്ക് പോയി.
ആഗോള വിപണികളിൽ സ്വര്‍ണം, വെളളി ലോഹങ്ങളുടെ ഇടിവ് രൂക്ഷമായിരിക്കുകയാണ്. ബുള്ളിയൻ വിലകളിലെ കുത്തനെയുള്ള തിരുത്തൽ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കും വ്യാപിച്ചു. ജനുവരി 29 ന് വെളളി വില ഔണ്‍സിന് 121 ഡോളറില്‍ എത്തിയിരുന്നു. ഇന്ന് 7 ശതമാനത്തിലധികം ഇടിഞ്ഞ് 78.82 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ അസാധാരണമായ റാലിയിൽ ഉണ്ടായ നേട്ടങ്ങളില്‍ ഇടിവ് സംഭവിച്ചിരിക്കുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത ഫെഡറൽ റിസർവ് ചെയർമാനായി കെവിൻ വാർഷിനെ നാമനിർദ്ദേശം ചെയ്തതാണ് കുത്തനെയുള്ള ഇടിവിന് കാരണം. കൂടുതൽ കര്‍ക്കശമായ പലിശ നിരക്ക് നയങ്ങളിലേക്കുള്ള മാറ്റമാണ് വിപണികൾ പ്രതീക്ഷിക്കുന്നത്.
അതേസമയം എ.ഐ, സൗരോർജ, വൈദ്യുത വാഹന മേഖലകളിൽ നിന്നുള്ള വ്യാവസായിക ആവശ്യം ദീർഘകാല അടിസ്ഥാനത്തില്‍ വെളളിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.
വില ഇനിയും താഴാൻ സാധ്യതയുണ്ടെന്ന് ഭയക്കുന്നവർ വിറ്റൊഴിയാൻ ശ്രമിക്കുമ്പോൾ, ഇതൊരു മികച്ച വാങ്ങൽ അവസരമായി (Buy the dip) കാണുന്നവരും ഉണ്ട്. എന്നാൽ, വിപണിയിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വലിയ തുക ഒന്നിച്ച് നിക്ഷേപിക്കുന്നത് അപകടകരമാണ്.
വിപണി സുസ്ഥിരമാകുന്നത് വരെ കാത്തിരുന്ന ശേഷം മാത്രം തീരുമാനമെടുക്കുന്നതാകും ഉചിതമെന്ന് സാമ്പത്തിക വിദഗ്ധർ നിർദേശിക്കുന്നു. അമിത ഭയമോ അത്യാഗ്രഹമോ ഒഴിവാക്കി കൃത്യമായ പഠനത്തിന് ശേഷം മാത്രം സിൽവർ ഇടിഎഫുകളിൽ ഇടപെടുന്നതായിരിക്കും നിലവിലെ സാഹചര്യത്തില്‍ അഭികാമ്യം.
Disclaimer:
മേൽസൂചിപ്പിച്ച വിവരങ്ങള്‍ പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇടിഎഫ് നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഇടിഎഫ് നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.
Silver ETFs plunge 40% in three days amid global price correction; investors weigh risks and buying opportunities.
Read DhanamOnline in English
Subscribe to Dhanam Magazine