വെള്ളിക്ക് സുവർണ കാലം: വില ₹2.40 ലക്ഷത്തിലേക്ക്; ഈ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഘടകങ്ങൾ എന്തെല്ലാം?

സോളാർ, ഇലക്ട്രിക് വാഹനങ്ങൾ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ശക്തമായ വ്യാവസായിക ഡിമാൻഡ് വെള്ളിക്ക് വലിയ പിന്തുണ നൽകുന്നു
Silver
Image courtesy: Canva
Published on

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ കമ്മോഡിറ്റി വിപണിയിൽ (MCX) വെള്ളി വില ചരിത്രപരമായ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ആഴ്ച റെക്കോർഡ് നിലവാരത്തിലെത്തിയ സില്‍വര്‍ ദുർബലമായ യുഎസ് ഡോളർ, ബോണ്ട് വരുമാനത്തിലെ ഇടിവ് എന്നിവയുടെ പിൻബലത്തിൽ മുന്നേറ്റം തുടരുകയാണ്. എംസിഎക്‌സിൽ മാർച്ച് വെള്ളി ഫ്യൂച്ചറുകൾ രാവിലത്തെ സെഷനില്‍ കിലോയ്ക്ക് 1.95 ലക്ഷം രൂപയിലെത്തി. കഴിഞ്ഞ ദിവസം കിലോയ്ക്ക് 2,01,615 രൂപയെന്ന എക്കാലത്തെയും ഉയർന്ന വിലയില്‍ എത്തിയിരുന്നു.

വില വർദ്ധനവിന് പിന്നിലെ കാരണങ്ങൾ

വ്യവസായ ഡിമാൻഡ്: സോളാർ, ഇലക്ട്രിക് വാഹനങ്ങൾ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ശക്തമായ വ്യാവസായിക ഡിമാൻഡാണ് വെള്ളിക്ക് വലിയ പിന്തുണ നൽകുന്നത്.

വിതരണത്തിലെ കുറവ്: ആഗോളതലത്തിൽ വെള്ളി സ്റ്റോക്കുകൾ കുറയുന്നതും, അടുത്ത വർഷം വിപണിയിൽ ക്ഷാമം ഉണ്ടാകുമെന്ന പ്രവചനങ്ങളും വില ഉയർത്തുന്നു.

ചൈനയുടെ നിയന്ത്രണം: 2026 ജനുവരി മുതൽ വെള്ളി കയറ്റുമതിയിൽ ചൈന പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം ആഗോള വിതരണത്തിൽ വലിയ കുറവ് വരുത്താൻ സാധ്യതയുണ്ട്.

ഇന്ത്യൻ ഡിമാൻഡ്: ഇന്ത്യയുടെ വെള്ളി ഇറക്കുമതി കഴിഞ്ഞ മാസങ്ങളിൽ കുതിച്ചുയർന്നതും ശക്തമായ ഡിമാൻഡിന് തെളിവാണ്.

അടുത്ത ലക്ഷ്യം 2.40 ലക്ഷം രൂപയോ?

നിലവിലെ ബുള്ളിഷ് ട്രെൻഡ് തുടർന്നാൽ 2026-ഓടെ വെള്ളി വില 2.40 ലക്ഷം രൂപ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് എത്തുമെന്നാണ് ആക്സിസ് ഡയറക്ട് (Axis Direct) പോലുള്ള ബ്രോക്കറേജുകൾ പ്രവചിക്കുന്നത്. 1,70,000 രൂപയ്ക്കും 1,78,000 രൂപയ്ക്കും ഇടയിലുളള ഘട്ടങ്ങളിൽ ഇടിവ് എത്തിയാല്‍ വാങ്ങാനുള്ള അവസരമായി കാണണമെന്നും ബ്രോക്കറേജുകള്‍ നിക്ഷേപകർക്ക് നിർദ്ദേശം നൽകുന്നു. വിതരണത്തിലെ കുറവ്, വ്യാവസായിക ആവശ്യകതയിലെ വർദ്ധന തുടങ്ങിയവയാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം.

അതേസമയം വെള്ളി വില അന്താരാഷ്ട്ര വിപണിയിൽ 60 ഡോളര്‍/ഔൺസിന് മുകളിലെത്തിയാൽ വ്യാവസായിക ആവശ്യങ്ങൾ കുറയാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നിക്ഷേപകർക്ക് ലഭിക്കുന്നുണ്ട്.

(നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Silver prices surge in India with a 2026 target of ₹2.40 lakh amid supply crunch and industrial demand.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com