

രണ്ടര ലക്ഷം കടന്ന് കയറിപ്പോയ വെള്ളി പൊടുന്നനെ 10 ശതമാനത്തോളം ഊര്‍ന്നിറങ്ങിയതായിരുന്നു ഇന്നലത്തെ കാഴ്ച. ഏതായാലും വെള്ളി വില കിലോഗ്രാമിന് ഇന്ന് നാലു ശതമാനം വരെ വര്‍ധിച്ച് കിലോഗ്രാമിന് 2.36 ലക്ഷം രൂപയിലെത്തി. വെള്ളിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവാണ് വിലക്കയറ്റത്തിനും ചാഞ്ചാട്ടത്തിനും കാരണം. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ആഗോള വെള്ളി വിപണിയില്‍ ഡിമാന്റിനൊത്ത് ലഭ്യതയില്ല. വ്യാവസായിക-നിക്ഷേപ ആവശ്യം ഉയര്‍ന്നു നില്‍ക്കുന്നതാണ് വിലയേറ്റത്തിന് കാരണം. അതേസമയം, വലിയ ചാഞ്ചാട്ട സാധ്യതയുള്ളതിനാല്‍ വെള്ളിയില്‍ ഇനിയുള്ള ഏതൊരു നിക്ഷേപവും അതീവ ജാഗ്രതയോടെ വേണമെന്ന് ഉപദേശിക്കുകയാണ് വിദഗ്ധര്‍.
കിലോഗ്രാമിന് രണ്ടര ലക്ഷം രൂപയും കടന്ന് ഉയര്‍ന്നുപോയ വെള്ളി ഈ വര്‍ഷം നിക്ഷേപകര്‍ക്ക് വലിയ ആദായമാണ് നല്‍കിയത്. ആഗോള തലത്തിലും ഇന്ത്യയിലും വെള്ളി വ്യാപാരം ചെയ്യുന്ന രീതികള്‍ അറിയാമോ? അതേക്കുറിച്ച് പറയാം:
ഓവര്‍-ദി-കൌണ്ടര്‍ (OTC)
ഭൗതിക രൂപത്തില്‍ വെള്ളി വ്യാപാരം പ്രധാനമായും ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള OTC വിപണികളിലാണ് നടക്കുന്നത്. ബാങ്കുകളും ബ്രോക്കര്‍മാരും നേരിട്ട് തങ്ങള്‍ക്കും സ്ഥാപന ക്ലയന്റുകള്‍ക്കുമായി വ്യാപാരം ചെയ്യുന്നു.
ഫ്യൂച്ചേഴ്സ് കരാറുകള്‍
ഭാവിയില്‍ ഒരു നിശ്ചിത തീയതിയിലും വിലയിലും വെള്ളി വാങ്ങാനോ വില്‍ക്കാനോ ഉള്ള കരാറുകളാണ് സില്‍വര്‍ ഫ്യൂച്ചേഴ്സ്. ഇന്ത്യയില്‍ സില്‍വര്‍ ഫ്യൂച്ചേഴ്സ് മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (MCX) സജീവമായി വ്യാപാരം ചെയ്യപ്പെടുന്നു
എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ETF)
വെള്ളി ഈടിന്മേലുള്ള ഓഹരി വാങ്ങാന്‍ സില്‍വര്‍ ഇടിഎഫുകള്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നു. നിരവധി മ്യൂച്വല്‍ ഫണ്ടുകള്‍ക്കും അസറ്റ് മാനേജര്‍മാര്‍ക്കും സെബി നിയന്ത്രിക്കുന്ന സില്‍വര്‍ ഇടിഎഫുകളുണ്ട്. മറ്റ് ഓഹരി പോലെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
ഫിസിക്കല്‍ ബാറുകളും നാണയങ്ങളും
ബാറുകളും നാണയങ്ങളും ആഭരണങ്ങളുമെല്ലാം ഏറ്റവും പരിചിതമായ വെള്ളി നിക്ഷേപമാണ്. ഡീലര്‍മാര്‍, ജുവലറികള്‍, ബാങ്കുകള്‍ എന്നിവ ഇത് വില്‍ക്കുന്നു.
ഖനന കമ്പനി ഓഹരികള്‍
നിക്ഷേപകര്‍ക്ക് വെള്ളി ഉത്പാദിപ്പിക്കുന്ന ഖനന കമ്പനികളുടെ ഓഹരി വാങ്ങാന്‍ കഴിയും. ഈ ഓഹരികള്‍ പലപ്പോഴും വെള്ളിയുടെ വിലയ്‌ക്കൊത്ത് നീങ്ങുന്നു, പക്ഷേ, കമ്പനിയുടെ പ്രകടനവും ഓഹരി വിപണി ട്രെന്‍ഡുകളും ഓഹരി വിലയെ സ്വാധീനിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine