ഒരു ലക്ഷം രൂപ ഒരു വര്‍ഷം കൊണ്ട് ₹4.35 ലക്ഷമായ മാജിക്, കേരളത്തിലെ ഈ സ്മാള്‍ ക്യാപ് ടെക്‌സ്‌റ്റൈല്‍ ഓഹരിയില്‍ നിങ്ങള്‍ക്കുണ്ടോ നിക്ഷേപം?

തുടര്‍ച്ചയായ മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഓഹരി ഇന്നലെ 324.40 രൂപയിലെത്തി പുതിയ റെക്കോഡും കുറിച്ചു
Sabu M Jacob, Managing Director, KITEX group
സാബു എം. ജോക്കബ്, മാനേജിംഗ് ഡയറക്ടര്‍, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്‌
Published on

കുറഞ്ഞ കാലയളവിനുള്ളില്‍ അസാധാരണമായ വരുമാനം നല്‍കുന്ന ഒരു മള്‍ട്ടിബാഗര്‍ ഓഹരി (നൂറ് മടങ്ങ് നേട്ടം നല്‍കുന്ന ഓഹരി) കണ്ടെത്താനാകുമോ? എല്ലാ നിക്ഷേപകരും ആഗ്രഹിക്കുന്ന ഒന്നാണിത്. എന്നാല്‍ കേരളത്തിലെ ഒരു സ്‌മോള്‍ക്യാപ് ടെക്‌സ്‌റ്റൈല്‍സ് നിക്ഷേപകരുടെ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. വളരെ ചെറിയ കാലയളവിനുള്ളിലെ ഈ ഓഹരിയുടെ പ്രകടനം അതിശയിപ്പിക്കും.

കുഞ്ഞുടുപ്പ് നിര്‍മാണത്തില്‍ കേരളത്തില്‍ നിന്ന് ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ കമ്പനിയായി മാറിയ കിറ്റെക്‌സ് ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത് 300 ശതമാനത്തിലധികം നേട്ടമാണ്. 2024 ജൂലൈയില്‍ വെറും 69 രൂപയായിരുന്ന ഓഹരി വില ഇപ്പോള്‍ 334 ശതമാനം ഉയര്‍ന്ന് 300 രൂപയിലെത്തി. 2024 ന്റെ രണ്ടാം പാതിയിയില്‍ ഓഹരി വിപണിയിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദത്തിനിടയിലും അതിശയകരമായ വളര്‍ച്ച ഓഹരി കാഴ്ചവച്ചുവെന്നതാണ് ശ്രദ്ധേയം. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യപാതിയില്‍ 219 ശതമാനമാണ് ഓഹരിയുടെ നേട്ടം.

ഒരു ലക്ഷത്തില്‍ നിന്ന് 4.35 ലക്ഷത്തിലേക്കുള്ള ദൂരം

ഒരു വര്‍ഷം മുമ്പ് ഒരു നിക്ഷേപകന്‍ ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 4.35 ലക്ഷമായി മാറിയിട്ടുണ്ടാകും. മറ്റേതു നിക്ഷേപത്തെയും കവച്ചു വയ്ക്കാന്‍ ഓഹരി വിപണിക്ക് സാധിക്കുമെന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് കിറ്റെക്‌സ് ഓഹരി.

തുടര്‍ച്ചയായ മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഓഹരി ഇന്നലെ 324.40 രൂപയിലെത്തി പുതിയ റെക്കോഡും കുറിച്ചു. ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ (Free Trade Agreement /FTA) ടെക്‌സ്റ്റൈല്‍ കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു നാളുകളായി ടെക്‌സ്‌റ്റൈല്‍ ഓഹരികളെ മുന്നേറ്റത്തിലാക്കുന്നുണ്ട്. ഇതാണ് കിറ്റെക്‌സ് ഓഹരികളിലും കുതിപ്പിന് ഇടയാക്കിയത്.

കിഴക്കമ്പലത്ത് വിരിഞ്ഞ വിപ്ലവം

കുഞ്ഞുങ്ങളുടെ വസ്ത്ര നിര്‍മാണ രംഗത്ത് ശ്രദ്ധയൂന്നുന്ന കമ്പനിയാണ് കിഴക്കമ്പലം ആസ്ഥാനമായുള്ള കിറ്റെക്‌സ്. 7,500 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടുകൊണ്ട് വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് നടത്തുന്നത്.

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കിറ്റെക്‌സ് അപ്പാരല്‍ പാര്‍ക്ക്‌സ് ലിമിറ്റഡ് (കെഎപിഎല്‍), വാറങ്കലിലും ഹൈദരാബാദിലും രണ്ട് ഘട്ടങ്ങളിലായി 3,550 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് നടത്തുന്നത്. വാറങ്കലില്‍ 1,550 കോടി ഇതിനകം നിക്ഷേപിച്ചു കഴിഞ്ഞു.

ഉല്‍പ്പാദനം പൂര്‍ണ്ണതോതിലാകുമ്പോള്‍ 5,000 കോടി വരുമാനം നേടാനാണ് കെഎപിഎല്‍ ലക്ഷ്യമിടുന്നത്. വാറങ്കല്‍ യൂണിറ്റ് 2025 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും, തുടര്‍ന്ന് 2026 ഡിസംബറില്‍ ഹൈദരാബാദ് യൂണിറ്റും പ്രവര്‍ത്തനം ആരംഭിക്കും. പുതിയ സൗകര്യങ്ങള്‍ സജ്ജമാകുന്നതോടെ 25,000 പേര്‍ക്ക് തൊഴില്‍ അവസരവും ഇവിടെ ഒരുങ്ങും.

105% ലാഭ വര്‍ധന

1992ല്‍ 300 ജീവനക്കാരുമായി പ്രവര്‍ത്തനമാരംഭിച്ച കിറ്റെക്‌സ് ഇന്ന് വാള്‍മാര്‍ട്ടിനടക്കം വിതരണം ചെയ്യുന്ന കമ്പനിയാണ്. 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭം 41 കോടിരൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 20 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 105 ശതമാനമാണ് വര്‍ധന. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ 37 കോടിയുമായി നോക്കുമ്പോഴും വര്‍ധനയുണ്ട്.

അവലോകന കാലയളവില്‍ പ്രവര്‍ത്തന വരുമാനം 276 കോടിയായി ഉയര്‍ന്നു, മൂന്നാം പാദത്തില്‍ ഇത് 173 കോടിയായിരുന്നു. പ്രവര്‍ത്തന ലാഭവും 54.3% വര്‍ധിച്ച് 54 കോടിയായി.

ടെക്‌സ്റ്റൈല്‍ ഹബാകാന്‍ ഇന്ത്യ

സ്വതന്ത്രവ്യാപാര കരാര്‍ അനുസരിച്ച് ടെക്‌സ്റ്റൈല്‍സ് ഉള്‍പ്പെടെയുള്ള 99 ശതമാനം കയറ്റുമതിക്കും പൂജ്യം നികുതിയുടെ ആനുകൂല്യം ലഭിക്കും. കുറഞ്ഞ തൊഴില്‍ ചെലവും സുലഭമായ കോട്ടണ്‍ സപ്ലൈയും അനുകൂലമായി നില്‍ക്കുന്ന ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ഇതു വഴി സാധിക്കും.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ഈ രംഗത്ത് മുഖ്യ എതിരാളികളായ രാജ്യങ്ങള്‍ക്ക് യുകെയുടെ ജനറലൈസ്ഡ് സ്‌കീം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പ്രകാരം ഡ്യൂട്ടി ഫ്രീ ആക്സസ് ഉള്ളതിനാല്‍ യു.കെ വിപണിയില്‍ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിന്റെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിന് എഫ്.ടി.എ സഹായിക്കും.

ഉത്പാദന ശേഷി, വിപണി സ്ഥാനം, ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവ അനുകൂല ഘടകങ്ങളായെടുത്ത് വസ്ത്ര മേഖലയില്‍ ഇന്ത്യ ആഗോള വിപണി വിഹിതം ഗണ്യമായി വര്‍ധിപ്പിക്കും. പ്രധാന എതിരാളികള്‍ക്ക് മേല്‍ അടുത്തിടെ യു.എസ് ഉയര്‍ന്ന ചുമത്തിയതും ഇന്ത്യയ്ക്ക് അനുകൂലഘടകമാണ്.

കൂടാതെ, നിലവിലുള്ള ചൈന+1 നയം 21 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബിസിനസുകള്‍ ചൈനയില്‍ നിന്ന് വഴിതിരിച്ചുവിടുകയും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള മുഖ്യ വിതരണക്കാരായ ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്വസ്ഥതകള്‍ 30 ബില്യണ്‍ ഡോളര്‍ മൂല്യ വരുന്ന കയറ്റുമതിക്ക് ഭീഷണിയാകുന്നു, ഇതും ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

വിയറ്റ്‌നാമും കംബോഡിയയും ഉയര്‍ന്ന മൂല്യവര്‍ധിത വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ആഗോള വിപണി വിഹിതം പിടിച്ചെടുക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ നല്ല അവസര മുണ്ട്. ഇന്ത്യയുടെ ശക്തമായ ടെക്‌സ്‌റ്റൈല്‍ അടിസ്ഥാന സൗകര്യങ്ങളും അനുകൂലമായ സര്‍ക്കാര്‍ നയങ്ങളും ഇതിന് കൂടുതല്‍ പിന്തുണ നല്‍കുന്നുമുണ്ട്. ടെക്‌സ്‌റ്റൈല്‍, വസ്ത്ര നിര്‍മ്മാണത്തില്‍ ഒരു മുന്‍നിര ആഗോള ഹബായി ഇന്ത്യ ഉയര്‍ന്നുവരാനുള്ള സാധ്യതയിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്.

ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
(By arrangement with livemint.com)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com