സ്മോള്‍ ക്യാപോ ലാര്‍ജ് ക്യാപ് ബ്ലൂചിപ്പോ? ഏത് ഓഹരിയില്‍ നിക്ഷേപിക്കുന്നതാണ് ലാഭകരം

മികച്ച ഓഹരികള്‍ കണ്ടെത്താന്‍ എത്ര സമയം വേണ്ടി വരുമെന്ന് അറിയാമോ?

സ്‌കാല്‍പ്പ് ട്രേഡിംഗ് (Scalp Trading) എന്നാല്‍ എന്താണ്.

'പലതുള്ളി പെരുവെള്ളം' എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്ന ഓഹരി വിപണിയിലെ ട്രേഡിംഗ് രീതിയാണ് സ്‌കാല്‍പ്പ് ട്രേഡിംഗ്. കൂടുതല്‍ ഓഹരികള്‍ കുറഞ്ഞ സമയ ദൈര്‍ഘ്യത്തില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്ത്, ഇത് പലതവണ ആവര്‍ത്തിച്ച് ട്രേഡിംഗിലൂടെ മികച്ച നേട്ടം കരസ്ഥമാക്കുന്നതിനെയാണ് സ്‌കാല്‍പ്പ് ട്രേഡിംഗ് എന്ന് പറയുന്നത്. ഉദാ: ഫെഡറല്‍ ബാങ്ക്ഓഹരികള്‍ 200 രൂപ നിലവാരത്തില്‍ വ്യാപാരം ചെയ്യുന്നു എന്ന് വെയ്ക്കുക. ഒരു ട്രേഡര്‍ 1,00,000 ഓഹരികള്‍ രാവിലെ 10 മണിക്ക് 200 രൂപയ്ക്ക് വാങ്ങുകയും ഏതാണ്ട് 30 സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ പ്രസ്തുത ഓഹരികള്‍ 200 രൂപ 50 പൈസ നിലവാരത്തിലെത്തിയപ്പോള്‍ വില്‍ക്കുന്നതു വഴി 50,000 രൂപ ലാഭമുണ്ടാക്കി. ഈ ട്രേഡര്‍ ഇതുപോലെ പല ഓഹരികളിലും ഇത്തരത്തില്‍ ചെറിയ വ്യതിയാനത്തില്‍ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും വഴി ചെറിയ ലാഭങ്ങള്‍ എടുത്ത്, അവ കൂട്ടിച്ചേര്‍ന്ന് വലിയ ലാഭമുണ്ടാക്കുന്നതിനെയാണ് സ്‌കാല്‍പ്പ് ട്രേഡിംഗ് എന്ന് പറയുന്നത്. മനുഷ്യവേഗതയേക്കാളും കൂടുതല്‍ വേഗതയും മികച്ച സാങ്കേതിക സൗകര്യങ്ങളും റിക്സ് മാനേജ്മെന്റ് തന്ത്രങ്ങളും ഇതിന് അത്യാവശ്യമാണ്.

സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്നതാണോ ലാര്‍ജ് ക്യാപ് ബ്ലൂചിപ്പ് ഓഹരികളില്‍ നിക്ഷേപിക്കുന്നതാണോ ലാഭകരം.

ബ്ലൂചിപ്പ് ഓഹരികളേക്കാള്‍ വേഗത്തില്‍ വളര്‍ച്ചാസാധ്യതയുള്ള കമ്പനികളാണ് സ്മോള്‍ ക്യാപ് വിഭാഗത്തിലുള്ള ഓഹരികള്‍. ആരുടെയും ശ്രദ്ധ പതിയാതെ കിടക്കുന്ന മികച്ച കമ്പനികള്‍ സ്മോള്‍ ക്യാപ് വിഭാഗത്തിലുണ്ടാകും.ലാര്‍ജ് ക്യാപ് ഓഹരികള്‍ എല്ലാവര്‍ക്കും അറിയുന്ന വലിയ കമ്പനികളാകും. ലാര്‍ജ് ക്യാപ് വിഭാഗത്തിലുള്ള ബ്ലൂചിപ്പ് ഓഹരികള്‍ മികച്ചതും 10-20 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കുള്ള കമ്പനികളുമാകും. നഷ്ടസാധ്യതയും കുറവായിരിക്കും. സ്മോള്‍ ക്യാപ് ഓഹരികള്‍ മികച്ച വളര്‍ച്ചാ സാധ്യതയും വലിയ ലാഭമുണ്ടാക്കാന്‍ സാധ്യതയും ഉള്ളവയാണെങ്കിലും മികച്ചത് നോക്കി തിരഞ്ഞെടുത്തില്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കും.

എന്താണ് ഐപിഒയിലെ ലോക്ക് ഇന്‍ പിരീഡ്

സാധാരണ പ്രാഥമിക ഓഹരി വിപണിയില്‍ നിന്ന്, അതായത് ഐപിഒ വഴി ഓഹരി വിതരണം കഴിഞ്ഞാലും ചില വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്ക് പ്രസ്തുത ഓഹരികള്‍ ഉടനെ വില്‍ക്കാന്‍ അനുമതിയില്ല. ഐപിഒ കഴിഞ്ഞ് ഓഹരി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്താലും ഉടനെ ഓഹരികള്‍ വില്‍ക്കാന്‍ പ്രസ്തുത ഓഹരി ഉടമകള്‍ക്ക് സാധിക്കില്ല. സാധാരണയായി മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ പ്രസ്തുത ഓഹരികള്‍ കൈവശം വെയ്ക്കേണ്ടി വരും. ആ കാലയളവിനെയാണ് ഐപിഒയിലെ ലോക്ക് ഇന്‍ പിരീഡ് എന്ന് പറയുന്നത്. ഈ വിഭാഗത്തില്‍ വരുന്ന ഓഹരി ഉടമകള്‍ കമ്പനിയുടെ പ്രമോട്ടര്‍മാരും ആങ്കര്‍ നിക്ഷേപകരുമാണ്.
ആങ്കര്‍ നിക്ഷേപകര്‍ക്ക് 50% ഓഹരികള്‍ 30 ദിവസത്തെ ലോക്ക് ഇന്‍ പിരീഡും ബാക്കി ഓഹരികള്‍ 90 ദിവസത്തെ ലോക്ക് ഇന്‍ പിരീഡ് കാലാവധിയിലും വില്‍ക്കാന്‍ പറ്റില്ല. കമ്പനി പ്രമോട്ടര്‍മാര്‍ക്ക് ഒന്നര വര്‍ഷം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ അവരുടെ കൈവശമുള്ള 20% ഓഹരികള്‍ വില്‍ക്കാന്‍ അനുമതിയുള്ളൂ. ഓഹരി ലിസ്റ്റ് ചെയ്ത ശേഷം ഇത്തരത്തിലുള്ള വലിയ ഓഹരി കൈവശം വെച്ചവര്‍ ഓഹരി വിറ്റഴിച്ചാല്‍ വില വന്‍തോതില്‍ ഇടിയാനും സാധാരണ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം ഉണ്ടാകാനും ഇടയുണ്ട്. അത് ഒഴിവാക്കാനാണ് ഇത്തരം ലോക്ക് ഇന്‍ പിരീഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആരാണ് റീറ്റെയ്ല്‍ ഇന്‍വെസ്റ്റര്‍.

ഓഹരിയുടെ ഐപിഒ വരുന്ന സമയത്ത് ഒരു ഓഹരിയില്‍ പരമാവധി 2,00,000 രൂപയ്ക്ക് താഴെ നിക്ഷേപം നടത്തുന്നവരാണ് റീറ്റെയ്ല്‍ ഇന്‍വെസ്റ്റര്‍മാര്‍. ഐപിഒ സമയത്ത് റീറ്റെയ്ല്‍ ഇന്‍വെസ്റ്റേഴ്സിന് 35 ശതമാനം വരെ ഓഹരികള്‍ കമ്പനികള്‍ മാറ്റിവെയ്ക്കാറുണ്ട്. റീറ്റെയ്ല്‍ നിക്ഷേപകരെ ഐപിഒയിലെ ലോക്ക് ഇന്‍ പിരീഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബാധിക്കില്ല.

മികച്ച ഓഹരികള്‍ കണ്ടുപിടിക്കാന്‍ എത്രസമയം വേണ്ടിവരും.

ഒരു ഓഹരി ട്രേഡിംഗിനാണോ നിക്ഷേപത്തിനാണോ തിരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഓഹരികള്‍ കണ്ടുപിടിക്കാന്‍ എടുക്കുന്ന സമയം പറയാന്‍ കഴിയുക. ഓഹരി ട്രേഡിംഗിനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഓഹരികളുടെ ഫണ്ടമെന്റല്‍സ് പഠിക്കാന്‍ കൂടുതല്‍ സമയം എടുക്കേണ്ടി വരില്ല. പകരം വിദഗ്ധനായ ഒരു ട്രേഡര്‍ക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഓരോ ഓഹരിയുടേയും കാന്‍ഡില്‍ സ്റ്റിക്ക് ചാര്‍ട്ട്, ട്രെന്‍ഡ്സ്, പാറ്റേണ്‍ തുടങ്ങിയവ പഠിച്ചാല്‍ ട്രേഡിംഗിനായി ഓഹരികള്‍ കണ്ടെത്താനാകും. ഓഹരിയില്‍ നിക്ഷേപം നടത്തുന്നവര്‍ കൂടുതല്‍ സമയമെടുത്ത് ഓഹരികള്‍ പഠിച്ച ഫണ്ടമെന്റല്‍സ്, വാല്വേഷന്‍, കമ്പനിയുടെ ഭാവി സാധ്യതകള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയ ശേഷമാണ് ഓഹരിയില്‍ നിക്ഷേപം നടത്തുക.

ഡോ. സനേഷ് ചോലക്കാട്

(സെബി സ്മാര്‍ട്സ്, എന്‍എസ്ഇ, ബിഎസ്ഇ, എന്‍എസ്ഡിഎല്‍, സിഎസ്ഡിഎല്‍, പിഎഫ്ആര്‍ഡിഎ, എന്‍സിഡിഎക്‌സ്, എന്‍ഐഎസ്എം എന്നിവയുടെ അംഗീകൃത പരിശീലകനാണ് ലേഖകന്‍)

Related Articles
Next Story
Videos
Share it