

എസ്എംഇ ഐപിഒയ്ക്ക് വേണ്ടി സ്ഥാപനത്തെ തയാറെടുപ്പിക്കുന്നതിനുള്ള വ്യത്യസ്ത ഘട്ടങ്ങളും ഇതുകൊണ്ടുള്ള ഗുണങ്ങളുമാണ് മുന്‍ ലക്കങ്ങളില്‍ ചര്‍ച്ച ചെയ്തത്. ഒരു സ്ഥാപനം ഇത്തരത്തില്‍ എസ്എംഇ ഐപിഒ നടത്താന്‍ തീരുമാനിക്കുന്നതിന് മുമ്പ് പ്രധാനപ്പെട്ട ഒരുകാര്യം പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. പലപ്പോഴും വളര്‍ച്ചയെന്നത് പൊതുവെ എല്ലാ പ്രൊമോട്ടര്‍മാര്‍ക്കും ഒരുപോലെ താല്‍പ്പര്യമുള്ളതാവണമെന്നില്ല. അഥവാ അത് പൊതുവില്‍ അംഗീകരിക്കുമെങ്കിലും ഇതിന്റെ രീതി, വഴി, ഫലത്തിന്റെ സ്വഭാവം എന്നിവയെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളായിരിക്കും ഓരോ വ്യക്തിക്കും ഉണ്ടാവുക. ഈ കാഴ്ചപ്പാടുകളെ ഏകീകരിച്ചുകൊണ്ട് മാത്രമെ സ്ഥാപനത്തെ നിര്‍ണായകമായ ഈ യാത്രയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് മനസിലാക്കാം.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഉല്‍പ്പാദന രംഗത്തുള്ള ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥരായ ഒരു കുടുംബം ഞങ്ങളെ സമീപിക്കുകയുണ്ടായി. തങ്ങളുടെ സ്ഥാപനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ നടപ്പാക്കിയതിന് ശേഷം എസ്എംഇ ഐപിഒയ്ക്ക് പോകാന്‍ പ്രാപ്തമാക്കണമെന്നതാണ് അവരുടെ ആവശ്യം. ഇതിന്റെ ഭാഗമായി ഞങ്ങള്‍ സ്ഥാപനത്തെ പഠിക്കാന്‍ തുടങ്ങി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ വളര്‍ച്ച എങ്ങനെയാകണമെന്നും, അതിലേക്ക് എങ്ങനെ എത്താമെന്നതിനെക്കുറിച്ചും ബിസിനസ് കുടുംബത്തിലെ എല്ലാ വ്യക്തികളോടും ഞങ്ങള്‍ ചോദിച്ചു.
സ്ഥാപനം വലിയൊരു തുക കടമെടുത്ത് ഒരു ഫാക്ടറി പണികഴിപ്പിച്ച് അവിടെ നിന്നുള്ള ഉല്‍പ്പന്നം ലോകമെമ്പാടും വില്‍പ്പനയ്ക്കെത്തിക്കുക എന്ന പദ്ധതിയാണ് കുടുംബത്തിലെ രണ്ട് പേര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ സ്ഥാപനത്തിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി, കാര്യക്ഷമമായി പ്രവര്‍ത്തിപ്പിച്ച ശേഷം ലഭിക്കുന്ന അധിക ലാഭത്തെ ആദ്യം ലക്ഷ്യമിടുക. ഇത് തിരികെ സ്ഥാപനത്തില്‍ നിക്ഷേപിച്ച്, പടിപടിയായി ഉയരങ്ങളിലേക്ക് പോകുക എന്നതായിരുന്നു കുടുംബത്തിലെ മറ്റ് രണ്ട് പേരുടെ അഭിപ്രായം. ഈ പറഞ്ഞ രണ്ട് വഴികളും വളരെ വ്യത്യസ്തമാണ്.
ഇതില്‍ രണ്ടാമത് പറഞ്ഞതിനോടാണ് ഞങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നത്. എന്നാല്‍ വിവിധ ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിട്ടും അവരുടെ അഭിപ്രായം സമന്വയിപ്പിക്കാന്‍ സാധിച്ചില്ല.
കുറച്ച് സമയമെടുത്ത് ഈ കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കി മുന്നോട്ടുപോകാം എന്നാണ് ഞങ്ങള്‍ അവരോട് പറഞ്ഞത്. ഇത്തരത്തിലല്ലാതെ സ്ഥാപനത്തിന്റെ സംസ്‌കാരം, രീതികള്‍ തുടങ്ങി ഒട്ടേറെ പ്രധാന വിഷയങ്ങളില്‍ ഏകീകൃതമായ കാഴ്ചപ്പാടുകള്‍ പ്രമോട്ടര്‍മാര്‍ക്ക് ഉണ്ടോ എന്നത് ഇടയ്ക്കിടെ ആത്മപരിശോധന നടത്തേണ്ടതുണ്ട്.
ചെറിയ അഭിപ്രായ വ്യത്യാസങ്ങളും കാഴ്ചപ്പാടിലെ മാറ്റങ്ങളും ഏതൊരു ബിസിനസിലും സ്വാഭാവികമാണ്. ഇവ തുറന്ന ചര്‍ച്ചകളിലൂടെ പരിഹരിച്ച് ഒറ്റക്കെട്ടായി വഴികളും ലക്ഷ്യവും തീരുമാനിക്കേണ്ടതാണ്.
ഒരു തീരുമാനമെടുത്താല്‍ അതിനൊപ്പം നിന്ന് സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്കായി പൂര്‍ണമനസോടെ പ്രവര്‍ത്തിക്കാന്‍ ഏവരും തയാറാവണം.
(Originally published in Dhanam Magazine December 31, 2025 issue.)