വലിയ നേട്ടം സമ്മാനിച്ച് കുഞ്ഞൻ ഐ.പി.ഒ കമ്പനികൾ

ഇന്ത്യന്‍ ഓഹരി വിപണി 2023ല്‍ ഇതുവരെ കാഴ്ചവച്ചത് കനത്ത ചാഞ്ചാട്ടമാണ്. പക്ഷേ, ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഈ വര്‍ഷം പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ/IPO) നടത്തി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 49 ചെറുകിട-ഇടത്തരം കമ്പനികളില്‍ (എസ്.എം.ഇ/SME) 33 എണ്ണവും നിക്ഷേപകര്‍ക്ക് മികച്ചനേട്ടമാണ് സമ്മാനിച്ചതെന്ന് പ്രൈം ഡേറ്റാബേസ് വ്യക്തമാക്കുന്നു. എന്‍.എസ്.ഇയുടെയും ബി.എസ്.ഇയുടെയും എസ്.എം.ഇ എക്‌സ്‌ചേഞ്ചിലാണ് ഇത്തരം കമ്പനികള്‍ ലിസ്റ്റ് ചെയ്യുന്നത്.

49 കമ്പനികള്‍ ചേര്‍ന്ന് 930 കോടി രൂപയാണ് ഐ.പി.ഒയിലൂടെ സമാഹരിച്ചത്. ഇതില്‍ 33 കമ്പനികളുടെ ഓഹരികളും ഇപ്പോള്‍ വ്യാപാരം ചെയ്യപ്പെടുന്നത് ഐ.പി.ഒ ഇഷ്യൂവിലയേക്കാള്‍ മുകളിലാണ്.
മാര്‍ച്ചില്‍ ഐ.പി.ഒ നടത്തിയ മാക്ഫോസ് ലിമിറ്റഡിന്റെ ഇഷ്യൂ വില 102 രൂപയായിരുന്നത് ഇപ്പോള്‍ 258 രൂപയാണ്. ഒരുവേള ഓഹരിവില 363 രൂപവരെയും ഉയര്‍ന്നിരുന്നു. വര്‍ദ്ധന 150 ശതമാനത്തിലധികം.
ലീഡ് റിക്ലെയിം ആന്‍ഡ് റബര്‍ പ്രൊഡക്ട്സ്, എക്സികോണ്‍ ഇവന്റ്സ്, മക് കോൺ രസായന്‍, ക്വാളിറ്റി ഫോയില്‍സ്, ഇന്‍ഫിനിയം ഫാര്‍മകെം, ഇന്നോകൈസ് ഇന്ത്യ തുടങ്ങിയവ 100 ശതമാനത്തിനുമേല്‍ മുന്നേറിയ ഓഹരികളാണ്.
സിസ്റ്റാംഗോ ടെക്, ഷേറ എനര്‍ജി, ഡി നീര്‍സ് ടൂള്‍സ്, സാന്‍കോഡ് ടെക്,, റെറ്റിന പെയിന്റ്സ്, ഡ്യൂകോള്‍ ഓര്‍ഗാനിക്സ്, പാറ്റെച്ച് ഫിറ്റ് വെൽ എന്നിവ 45 മുതല്‍ 95 ശതമാനം വരെ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
നിരാശപ്പെടുത്തിയവര്‍
പാട്രോണ്‍ എക്സിം, അമാനയ വെഞ്ച്വേഴ്‌സ്‌ എന്നിവ ഇഷ്യൂവിലയേക്കാള്‍ 41-66 ശതമാനം നഷ്ടത്തിലാണുള്ളത്. എ.ജി യൂണിവേഴ്സല്‍, വിയാസ് ടയേഴ്സ്, അഗര്‍വാള്‍ ഫ്ളോട്ട് ഗ്ലാസ്, അരിസ്റ്റോ ബയോടെക്, ഇന്‍ഡോംഗ് ടീ എന്നിവ 10-18 ശതമാനം നഷ്ടത്തിലാണ്.
2022ല്‍ 109 എസ്.എം.ഇകള്‍ ഐ.പി.ഒ നടത്തിയിരുന്നു; സമാഹരിച്ചത് 1,875 കോടി രൂപ. 2021ല്‍ 59 കമ്പനികള്‍ ചേര്‍ന്ന് 746 കോടി രൂപ സമാഹരിച്ചിരുന്നു.
Related Articles
Next Story
Videos
Share it