Begin typing your search above and press return to search.
സ്മൃതി ഇറാനിക്ക് ഇഷ്ടം മ്യൂച്വല്‍ഫണ്ടുകള്‍; ആസ്തി 17.57 കോടി രൂപ
ബി.ജെ.പി ലീഡറും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് കൂടുതലിഷ്ടം മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളോട്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ പറയുന്നതനുസരിച്ച് 88.13 ലക്ഷം രൂപയുടെ നിക്ഷേപമാണ് മ്യൂച്വല്‍ഫണ്ടുകളിലുള്ളത്.
2024 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ഏഴ് മ്യൂച്വല്‍ഫണ്ട് പദ്ധതികളില്‍ സ്മൃതി ഇറാനി നിക്ഷേപിച്ചിട്ടുണ്ട്. രണ്ട് മിഡ്ക്യാപ് ഫണ്ടുകളും പോര്‍ട്ട്‌ഫോളിയോയിലുണ്ട്. എസ്.ബി.ഐ മാഗ്നം മിഡ്ക്യാപ് ഫണ്ടിലും കൊട്ടക് എമേര്‍ജിംഗ് ഇക്വിറ്റി ഫണ്ടിലുമുള്ള നിക്ഷേപം യഥാക്രമം 23.29 ലക്ഷം, 14.88 ലക്ഷം രൂപ എന്നിങ്ങനെയാണ്. എസ്.ബി.ഐ ബ്ലൂചിപ്പ് ഫണ്ടിലെ നിക്ഷേപം 18.61 ലക്ഷം രൂപ.
ഡി.എസ്.പി മ്യൂച്വല്‍ഫണ്ടിന്റെ രണ്ട് പദ്ധതികളില്‍ നിക്ഷേപമുണ്ട്. ഡി.എസ്.പി ടൈഗര്‍ ഫണ്ടില്‍ 67,934 രൂപയും ഡി.എസ്.പി ഓവര്‍നൈറ്റ് ഫണ്ടില്‍ 9,127 രൂപയുമാണ് നിക്ഷേപം. എസ്.ബി.ഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടില്‍ 12.38 ലക്ഷം കോടി രൂപയാണ് നിക്ഷേപം.
പോര്‍ട്ട്‌ഫോളിയോയില്‍ ഒരു ടാക്‌സ് സേവിംഗ് സ്‌കീമാണ് ഉള്ളത്. മോത്തിലാല്‍ ഒസ്വാള്‍ ഇ.എല്‍.എസ്.എസ് ടാക്‌സ് സേവര്‍ ഫണ്ടില്‍ 18.18 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്.
ഇ.എല്‍.എസ്.എസ്, മിഡ്ക്യാപ്, ലാര്‍ജ്ക്യാപ്, സെക്ടറല്‍ ഫണ്ട്, ഓവര്‍നൈറ്റ്, ഫോക്കസ്ഡ് ഫണ്ട് കാറ്റഗറികളിലായാണ് ഈ ഏഴ് മ്യൂച്വല്‍ഫണ്ട് പദ്ധതികള്‍ വരുന്നത്.
ഭര്‍ത്താവിനും പ്രിയം മ്യൂച്വല്‍ഫണ്ട്
സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനിക്കും മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപങ്ങളുണ്ട്. നാല് പദ്ധതികളിലായി 47.71 ലക്ഷം രൂപയാണ് നിക്ഷേപം. എച്ച്.ഡി.എഫ്.സി സ്‌മോള്‍ ക്യാപ് ഫണ്ടിലെ നിക്ഷേപത്തിന്റെ മൂല്യം 17.09 ലക്ഷമാണ്.
മോത്തിലാല്‍ ഒസ്വാള്‍ മ്യൂച്വല്‍ ഫണ്ടിന്റെ രണ്ട് പദ്ധതികളില്‍ നിക്ഷേപമുണ്ട്. മോത്തിലാല്‍ ഒസ്വാള്‍ ഫ്‌ളെക്‌സി ക്യാപ് ഫണ്ട്, മോത്തിലാല്‍ ഒസ്വാള്‍ ഇ.എല്‍.എസ്.എസ് ടാക്‌സ് സേവര്‍ ഫണ്ട് എന്നിവയില്‍ യഥാക്രമം 12.46 ലക്ഷം, 18.13 ലക്ഷം എന്നിങ്ങനെയാണ് നിക്ഷേപം. ഇതുകൂടാതെ നിപ്പോണ്‍ ഇന്ത്യ ഇ.ടി.എഫ് ലിക്വിഡ് ബീസിലും നിക്ഷേപമുണ്ട്.
ഇ.എല്‍.എസ്.എസ്, ഫ്‌ളെക്‌സ് ക്യാപ്, സ്‌മോള്‍ക്യാപ്, ഇ.ടി.എഫ് കാറ്റഗറികളിലായാണ് നാല് പദ്ധതികള്‍ വരുന്നത്. സത്യവാങ്മൂലം പ്രകാരം കുടുംബത്തിന്റെ മൊത്തം ആസ്തി 17.57 കോടി രൂപയാണ്.
Next Story
Videos