സ്‌നാപ്‌ഡീല്‍ ഐപിഒ; സമാഹരിക്കുക 1250 കോടി

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായുള്ള ഡ്രാഫ്റ്റ് പേപ്പര്‍ സമര്‍പ്പിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ഡീല്‍. 1250 കോടി രൂപയാണ് സ്‌നാപ്‌ഡീൽ ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഓഫര്‍ ഫോര്‍ സെയിലിലൂടെ 3.77 ദശലക്ഷം ഓഹരികളാണ് വില്‍ക്കുന്നത്.പുതിയ ഓഹരികളിലൂടെ സമാഹരിക്കുന്ന തുക മെച്ചപ്പെട്ട ടെക്‌നോളജി, ലോജിസ്റ്റിക്‌സ്, മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കും.

2010ല്‍ കുനാല്‍ ബലും രോഹിത് ബന്‍സാലും ചേര്‍ന്ന് ആരംഭിച്ച സ്‌നാപ്‌ഡീലിൻ്റെ 35.41 ശതമാനം ഓഹരികളും സോഫ്റ്റ് ബാങ്കിന്റേതാണ്. കുനാല്‍ ബലിനും രോഹിത് ബന്‍സാലിനും ചേര്‍ന്ന് 20.28 ശതമാനം ഓഹരികളാണ് സ്‌നാപ്‌ഡീലില്‍ ഉള്ളത്. ഇരുവരും ഐപിഒയില്‍ തങ്ങളുടെ ഓഹരികള്‍ വില്‍ക്കില്ല.

71 ഓഹരി ഉടമകളാണ് കമ്പനിക്ക് ഉള്ളത്. അതില്‍ സ്റ്റാര്‍ഫിഷ് 24 ദശലക്ഷം ഷെയറുകളും വണ്ടര്‍ഫുള്‍ സ്റ്റാര്‍ 2.97 ദശലക്ഷം ഓഹരികളും വില്‍ക്കും. സെക്കോയ ക്യാപിറ്റല്‍ ഇന്ത്യ (4.12 ലക്ഷം), കെന്നത്ത് സ്റ്റുവര്‍ട്ട് ഗാര്‍ട്ട് (7.48 ദശലക്ഷം), മിര്യാദ് ഓപ്പര്‍ച്യൂനിറ്റീസ് മാസ്റ്റേഴ്‌സ് ഫണ്ട്(6.5 ദശലക്ഷം), ഓന്‍ടാരിയോ ടിച്ചേഴ്‌സ് പെന്‍ഷന്‍ ഫണ്ട് പ്ലാന്‍ ബോര്‍ഡ്( 1.36 ദശലക്ഷം),

ലോറന്റ് അമ്യൂയല്‍ (1.28 ദശലക്ഷം), മൈല്‍സ്‌റ്റോണ്‍ ട്രസ്റ്റിഷിപ്പ് സര്‍വീസസ്( 5.04 ലക്ഷം) എന്നിവരാണ് ഓഹരികള്‍ വില്‍ക്കുന്ന മറ്റ് നിക്ഷേപകര്‍.

ഫ്ലിപ്കാര്‍ട്ട് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി സ്‌നാപ്‌ഡീലിൻ്റെ 70 ശതമാനം ഉപഭോക്താക്കളും ടയര്‍ 2 നഗരങ്ങളില്‍ നിന്നുള്ളവരാണ്. സ്‌നാപ്‌ഡീൽ പ്ലാറ്റ്‌ഫോമിൽ വില്‍ക്കുന്ന 95 ശതമാനം ഉല്‍പ്പന്നങ്ങളും 1000 രൂപയ്ക്ക് താഴെ വിലവരുന്നവയാണ്.

2020 മാര്‍ച്ചില്‍ 916 കോടി രൂപ വരുമാനമുണ്ടായിരുന്ന സ്‌നാപ്‌ഡീലിൻ്റെ നഷ്ടം 274 കോടി രൂപയായിരുന്നു. 2021 മാര്‍ച്ചില്‍ 510 കോടി ആയിരുന്നു വരുമാനം. 2021 സെപ്റ്റംബറിലെ കണക്ക് അനുസരിച്ച് 178 കോടിയാണ് സ്‌നാപ്‌ഡീലിൻ്റെ നഷ്ടം.

ആക്‌സിസ് ക്യാപിറ്റല്‍, BofA സെക്യൂരിറ്റീസ്, സിഎല്‍എസ്എ ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍സ് എന്നിവരാണ് ഐപിഒയുടെ ഫണ്ട് മാനേജര്‍മാര്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it