Begin typing your search above and press return to search.
സ്‌നാപ്ഡീല്‍, ഐപിഓയ്ക്ക് ഒരുങ്ങുന്ന അടുത്ത ജനപ്രിയ ബ്രാന്‍ഡ് !
നൈകയ്ക്ക് ശേഷം മറ്റൊരു ജനപ്രിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോം കൂടി ഐപിഓയ്ക്ക് ഒരുങ്ങുകയാണെന്ന് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പ് സ്നാപ്ഡീല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡിസംബര്‍ അവസാനത്തോടെ പേപ്പര്‍ സമര്‍പ്പിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.
കുനാല്‍ ബലും രോഹിത് ബന്‍സാലും ചേര്‍ന്ന് സ്ഥാപിച്ച കമ്പനി, നിര്‍ദിഷ്ട ഓഹരി വില്‍പ്പനയിലൂടെ 1900 - 2,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്.
നിലവിലുള്ള നിക്ഷേപകരുടെ പ്രാഥമിക ധനസമാഹരണത്തിന്റെയും സെക്കന്‍ഡറിയായുള്ള ഓഹരി വില്‍പ്പനയുടെയും മിശ്രിതം ആയിരിക്കും ഇതില്‍ ഉള്‍പ്പെടുകയെന്നാണ് പ്രാഥമിക വിവരങ്ങള്‍.
ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഭീമന്മാര്‍ക്കിടയില്‍ സ്‌നാപ്ഡീല്‍ വളരെ കഷ്ടപ്പെട്ടാണ് നിലനില്‍പ്പുറപ്പിച്ചിട്ടുള്ളത്. എങ്കിലും ആപ്പ് ജനകീയമായത് വിലക്കുറവും ഗ്രാമങ്ങളില്‍ പോലുമുള്ള സാന്നിധ്യവുമാണെന്നിരിക്കെ വിപണിയിലെ രംഗപ്രവേശത്തിനും മികച്ച പ്രതികരണം ലഭിച്ചേക്കാമെന്ന് വിപണിവിദഗ്ധര്‍ പ്രതികരിക്കുന്നു. എന്നിരുന്നാലും പേടിഎമ്മിന് നേരിട്ട തിരിച്ചടി വെല്ലുവിളിയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story
Videos