ഐപിഒയ്ക്ക് തയ്യാറെടുത്ത് സ്‌നാപ്ഡീല്‍, സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 350-400 മില്ല്യണ്‍ ഡോളര്‍

ഇ-കൊമേഴ്‌സ് റിറ്റെയ്‌ലേഴ്‌സായ സ്‌നാപ്ഡീല്‍ പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐപിഒയിലൂടെ 350-400 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിലേക്ക് കടക്കുന്നതോടെ, കമ്പനിയുടെ ആകെ മൂല്യം 2-2.5 ബില്ല്യണ്‍ ഡോളറാക്കി ഉയര്‍ത്താനാകുമെന്നാണ് സ്‌നാപ്ഡീല്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, ജെഎം ഫിനാന്‍ഷ്യല്‍, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക എന്നിവയെ ഐപിഒയ്ക്കായി സ്‌നാപ്ഡീല്‍ തെരഞ്ഞെടുത്തതായും ബിസിനസ് സ്റ്റാന്റേര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനി ഐപിഒ പ്രക്രിയയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ മറ്റ് സ്റ്റാര്‍ട്ട്അപ്പുകളും ഓഹരി വിപണിയിലേക്ക് കൂടുതലായി എത്തുമെന്നാണ് വിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ ഏകദേശം 12 കമ്പനികള്‍ ലിസ്റ്റിംഗിലൂടെ 27,000 കോടി രൂപയാണ് സമാഹരിച്ചത്.

2010 ല്‍ സ്ഥാപിതമായ സ്‌നാപ്ഡീല്‍, ഇ-കൊമേഴ്‌സ് വിഭാഗത്തിലെ പ്രമുഖ കമ്പനിയാണ്. 2017 ല്‍ ഫ്‌ളിപ്കാര്‍ട്ടുമായി ലയിക്കുന്നതിനുള്ള ചര്‍ച്ചകളും കമ്പനി നടത്തിയിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ സഹസ്ഥാപകരായ കുനാല്‍ ബഹലും രോഹിത് ബന്‍സാലും സ്‌നാപ്ഡീല്‍ 2.0 എന്ന പേരില്‍ പദ്ധതി നടപ്പാക്കി ഈ രംഗത്ത് അതിവേഗം മുന്നേറുകയും ചെയ്തു. കെയര്‍നിയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ താങ്ങാവുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന സ്‌നാപ്ഡീല്‍ 2026 ഓടെ 20 ബില്യണ്‍ ഡോളറും 2030 ഓടെ 40 ബില്യണ്‍ ഡോളറും മൂല്യം നേടുമെന്നാണ് വിലയിരുത്തുന്നത്.
ഈ വര്‍ഷത്തില്‍, ജനുവരി മുതല്‍ ജൂലൈ വരെയുള്ള ആറ് മാസ കാലയളവില്‍ കുട്ടികളുടെ വസ്ത്രങ്ങളുടെ വില്‍പ്പനയില്‍ 493 ശതമാനം വര്‍ധനവാണ് സ്‌നാപ്ഡീല്‍ നേടിയത്. 400-600 രൂപ നിരക്കില്‍ നടത്തിയ കോംബോ പായ്ക്ക് ഓഫറുകളാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായത്. കൂടാതെ, വലിയൊരു വിതരണക്കാരുടെ കൂട്ടായ്മയും സ്‌നാപ്ഡീലിനുണ്ട്. കഴിഞ്ഞവര്‍ഷം 5,000 ലധികം നിര്‍മാതാക്കളാണ് വില്‍പ്പനയ്ക്കായി സ്‌നാപ്ഡീല്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it