സ്റ്റാര്‍ ഹെല്‍ത്ത്, അദാനി വില്‍മാര്‍, നൈക, പെന്ന സിമന്റ് - ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത് വമ്പന്മാര്‍: സെബിയുടെ അനുമതിയായി, കൂടുതല്‍ വിവരങ്ങള്‍ അറിയാം

ഓഹരി വിപണിയിലേക്കുള്ള നാല് വമ്പന്മാരുടെ വരവിന് അംഗീകാരം നല്‍കി സെബി. സ്റ്റാര്‍ ഹെല്‍ത്ത്, അദാനി വില്‍മാര്‍, നൈക, പെന്ന സിമന്റ് എന്നിവയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അംഗീകരിച്ചു. മൊത്തം 12,000 കോടി രൂപയാണ് നാല് കമ്പനികളും കൂടി പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്നത്.

രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 2,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രൊമോട്ടര്‍മാരുടെയും കമ്പനിയുടെ നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരും 60,104,677 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഐപിഒയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ രാകേഷ് ജുന്‍ജുന്‍വാല തന്റെ ഓഹരികള്‍ വില്‍ക്കുന്നില്ലെന്നാണ് ഡിആര്‍എച്ച്പി ഫയലിംഗ് വ്യക്തമാക്കുന്നത്.
ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള സിമന്റ് കമ്പനിയായ 'പെന്ന സിമന്റ്' മൊത്തം 1,550 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് ഐപിഒയിലൂടെ നടത്തുന്നത്. 1,300 കോടി രൂപയുടെ ഓഹരികളുടെ വില്‍പ്പനയും പിആര്‍ സിമന്റ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ 2,50 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നതാണ് ഐപിഒ. സമാഹരിക്കുന്ന തുകയില്‍ 550 കോടി രൂപ കമ്പനി അതിന്റെ വായ്പാ തിരിച്ചടവിനാണ് വിനിയോഗിക്കുക. ബാക്കി തുക മൂലധന ചെലവുകള്‍ക്കും അസംസ്‌കൃതവസ്തുക്കളുടെ ആവശ്യങ്ങള്‍ക്കും പുതിയ പ്ലാന്റുകള്‍ക്കുമായി വിനിയോഗിക്കുമെന്നും ഡിആര്‍എച്ച്പി ഫയലിംഗില്‍ പറയുന്നു.
അദാനിയുടെയും വില്‍മാറിന്റെയും തുല്യപങ്കാളിത്തത്തോടെയുള്ള സംയുക്ത സംരംഭമായ അദാനി വില്‍മാര്‍ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 4,500 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. കൂടാതെ, സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നൈക 4,000 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് ഐപിഒയിലൂടെ നടത്താനുദ്ദേശിക്കുന്നത്. ഐപിഒയിലൂടെ കമ്പനിയുടെ മൊത്തം ആസ്തി മൂല്യം 40,000 കോടി രൂപയായി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 525 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 43.1 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുന്നതായിരിക്കും നൈകയുടെ ഐപിഒ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it