ഒന്നര വര്‍ഷത്തെ തിരുത്തലിനുശേഷമുളള ഓഹരി വിപണി: നിക്ഷേപകർ ശ്രദ്ധിക്കേണ്ട പുതിയ തന്ത്രങ്ങളും അവസരങ്ങളും

2024 മധ്യത്തോടെ ഓഹരികളുടെ മൂല്യം വളരെ ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോൾ ഇത് ദീർഘകാല ശരാശരിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്
stock market
Image courtesy: Canva
Published on

ഒന്നര വര്‍ഷമായി വിപണി ചാഞ്ചാട്ടത്തിന്റെയും തിരുത്തലിന്റെയും പാതയിലാണ്. പഴയ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വിപണിയുടെ തിരുത്തലുകള്‍ കാര്യമായ പ്രതിസന്ധി സൃഷ്ടിക്കാറില്ല. എന്നാല്‍ വിപണിയിലെ അസ്ഥിരതകള്‍ ആദ്യമായി കാണുന്ന പുതിയ നിക്ഷേപകര്‍ക്ക് ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുക.

ഈ അവസരത്തിലാണ് 18 മാസത്തെ തിരുത്തലുകള്‍ക്ക് ശേഷം വിപണി കൂടുതൽ ശാന്തവും സന്തുലിതവുമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നുവെന്ന എസ്‌ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റിന്റെ (SBI Funds Management) റിപ്പോർട്ട് ശ്രദ്ധേയമാകുന്നത്. 2024 ൽ കാണപ്പെട്ട നിക്ഷേപകരുടെ അമിത ആവേശം കുറഞ്ഞതായും പെരുമാറ്റത്തിൽ കൂടുതല്‍ മിതത്വം വന്നതായും അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

വിപണി നിലവാരം

2024 മധ്യത്തോടെ ഓഹരികളുടെ മൂല്യം (Valuations) വളരെ ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോൾ ഇത് ദീർഘകാല ശരാശരിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിലവില്‍ ഓഹരികള്‍ വളരെ വിലകൂടിയതോ അല്ലെങ്കിൽ വളരെ കുറഞ്ഞതോ ആയ അവസ്ഥയിലല്ല. മറിച്ച് ഇവയുടെ മധ്യത്തിലുളള നിലവാരത്തിലാണ് ഓഹരികള്‍ എത്തിയിട്ടുളളത്. സെൻസെക്സ് ഒരു വര്‍ഷത്തെ (52 ആഴ്ച) ഉയർന്ന നിരക്കായ 86,000 ൽ നിന്ന് താഴ്ന്ന് 77,000 എന്ന നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം.

ആളുകളുടെ താല്‍പ്പര്യം

അതേസമയം വിപണിയെക്കുറിച്ചുള്ള ജനങ്ങളുടെ താൽപ്പര്യം വ്യക്തമാക്കുന്ന 'ഇന്റർനെറ്റ് സെന്റിമെന്റ്' സൂചിക (ഗൂഗിള്‍ സെർച്ച് മാനദണ്ഡമാക്കിയത്) വലിയ താഴ്ചയിലേക്ക് എത്തിയിരിക്കുകയാണ്. വിപണി ഏറ്റവും താഴ്ന്ന നിലവാരത്തിലായിരുന്ന (Market bottom) 2023 മാർച്ചിലും 2025 ഏപ്രിലിലുമാണ് നേരത്തെ ഇത്തരത്തിലുളള സമാനമായ കുറവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ആളുകൾക്ക് താൽപ്പര്യം കുറയുന്ന ഇത്തരം അവസരങ്ങള്‍ സാധാരണഗതിയിൽ ഓഹരി വിപണിയിൽ പ്രവേശിക്കാനുള്ള മികച്ച സന്ദര്‍ഭമായാണ് വിദഗ്ധർ നിര്‍ദേശിക്കുന്നത്.

സ്വീകരിക്കാവുന്ന തന്ത്രങ്ങള്‍

കോവിഡ് സമയത്തിന് ശേഷം അസാധാരണമായ വലിയ നേട്ടങ്ങൾ (Outsized returns) നിക്ഷേപകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇനി വിപണിയിൽ നിന്ന് അത്തരത്തിലുള്ള റിട്ടേണ്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും, പകരം കൂടുതല്‍ സ്ഥിരതയുള്ള പ്രകടനങ്ങളായിരിക്കും ഓഹരികള്‍ കാഴ്ചവെക്കുകയെന്നുമാണ് എസ്‌ബിഐ ഫണ്ട്‌സിന്റെ വിലയിരുത്തല്‍.

സ്മോൾ-ക്യാപ്, മിഡ്-ക്യാപ് ഓഹരികളിൽ നിന്ന് മാറി ലാർജ്-ക്യാപ് ഓഹരികളിലേക്ക് നിക്ഷേപകര്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓഹരികളിലും സ്ഥിരനിക്ഷേപങ്ങളിലുമായി 60:40 എന്ന അനുപാതം പാലിച്ച് നിക്ഷേപം നടത്തുന്നതായിരിക്കും നിലവിലെ സാഹചര്യങ്ങളില്‍ മികച്ച തന്ത്രമെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com