പൊറിഞ്ചു വെളിയത്തിന്റെ ഓഹരി നിക്ഷേപ തന്ത്രം
ഐതിഹാസിക അമേരിക്കന്‍ പ്രൊഫഷണല്‍ പോക്കർ (ഒരുതരം ചീട്ടുകളി) കളിക്കാരന്‍ "പഗി" പിയേഴ്‌സണ്‍ ഒരിക്കല്‍ പറഞ്ഞു: "ചൂതാട്ടത്തിൽ മൂന്നേ മൂന്ന് കാര്യങ്ങൾ ആണ് മുഖ്യം: പന്തയത്തിലെ 60:40 അനുപാതാന്തരം, മണി മാനേജ്‌മെന്റ്, പിന്നെ ഏറ്റവും പ്രധാനമായി അവനവനെ തന്നെ നന്നായി അറിയൽ."
നിക്ഷേപത്തിന്റെ കാര്യത്തിലും ഈ മൂന്ന് ഘടകങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
1. 60/40 അനുപാതം - അതായത് നിങ്ങള്‍ നടത്തിയ നിക്ഷേപത്തിന്റെ റിസ്‌കും റിട്ടേണും തമ്മിലുള്ള അനുപാതം എത്ര
2. മണി മാനേജ്‌മെന്റ് - പണം വിന്യാസം ചെയ്യുന്നതിൽ അങ്ങേയറ്റത്തെ ശ്രദ്ധ വേണം. നിക്ഷേപത്തിലെ കേന്ദ്രീകരണം, വൈവിധ്യം, എപ്പോൾ നിക്ഷേപിക്കുന്നു എത്ര മാത്രം ലെവറേജ് ചെയ്യുന്നു ഇത്യാദികൾ.
3. സ്വയമറിയൽ - ഏറ്റവും പ്രധാനമായി നിക്ഷേപകനെ പ്രചോദിപ്പിക്കുന്ന, നയിക്കുന്ന കാര്യങ്ങൾ എന്താണ്, നിങ്ങളെന്ന വ്യക്തിയുടെ ലക്ഷ്യങ്ങൾ എന്താണ്, നിങ്ങളുടെ സ്വതസിദ്ധമായ സ്വഭാവമെന്താണ്?
യഥാര്‍ത്ഥത്തില്‍ മൂന്നാമത്തെ ഘടകമാണ് മറ്റ് രണ്ട് ഘടകങ്ങളെയും നിശ്ചയിക്കുന്നതെന്ന് പറയാം. ഒരു കാര്യത്തെ നമ്മള്‍ മനസ്സിലാക്കണമെങ്കില്‍ അല്ലെങ്കില്‍ നമുക്ക് ഉള്‍ക്കാഴ്ച കിട്ടണമെങ്കില്‍ അതിനു ഒരു 'പശ്ചാത്തലം' ഉണ്ടായിക്കണം. നിക്ഷേപത്തിന്റെ കാര്യത്തില്‍ ഈ Context അഥവാ പശ്ചാത്തലമാണ് സുപ്രധാനമായ കാര്യം. ചുരുക്കി പറഞ്ഞാല്‍ ഒരാളുടെ പോര്‍ട്ട്‌ഫോളിയോ ആ വ്യക്തിയുടെ വ്യക്തിത്വത്തിന്റെ തന്നെ പ്രതിഫലനമായിരിക്കും.
ഇക്വിറ്റി ഇന്റലിജൻസിന്റെ വ്യക്തിത്വം: നിക്ഷേപകര്‍ അറിയേണ്ടത്
ഒരു വ്യക്തിയുടെ വ്യക്തിത്വം അവരുടെ പോര്‍ട്ട്‌ഫോളിയോയില്‍ പ്രതിഫലിക്കുമെന്നത് പോലെ ഫണ്ട് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ആ സ്ഥാപനത്തിന്റെ ഇൻവെസ്റ്റ്മെന്റ് ടീമായിരിക്കും നിക്ഷേപത്തിന്റെ പശ്ചാത്തലം. കാരണം ഈ ടീമാണല്ലോ പല സ്വഭാവങ്ങളുള്ള വൈവിദ്ധ്യമായ സാമൂഹിക സ്ഥിതികളിലുള്ള അനേകം നിക്ഷേപകർക്ക് വേണ്ടി എല്ലാ തീരുമാനങ്ങളും എടുക്കുന്നത്.
പല സ്വഭാവങ്ങളുള്ള നിക്ഷേപകരുടെ നിക്ഷേപത്തെയാണ് മാനേജ് ചെയ്യുന്നത് എന്നിരുന്നാലും ഒരു ഫണ്ട് മാനേജ്‌മന്റ് ടീമിന് അതിന്റെ സ്വത്വത്തിൽ ഊന്നി മാത്രമേ തീരുമാനങ്ങൾ എടുക്കാനാകൂ. ടീം നിക്ഷപരുടെ പണം സ്വന്തം പണം നിക്ഷേപിക്കുന്ന അതെ കാഴ്ചപ്പാടിലാണ് നിക്ഷേപം നടത്തുന്നത്. അതാണ് ഫണ്ട് മാനേജ്‌മെന്റിന്റെ അടിസ്ഥാനസ്വഭാവം.
ഒരു ഫണ്ട് മാനേജർ തങ്ങളുടെ നിക്ഷേപ ഫിലോസഫിയെ പറ്റി സാധാരണ നിക്ഷേപകരോട് യഥാകാലം തുറന്നു ആശയവിനിമയം നടത്തുന്നത് മുഖ്യമാണ്. കാരണം ഫണ്ട് മാനേജരുടെ ശൈലിയും നിക്ഷേപകരുടെ പ്രതീക്ഷകളും തമ്മിൽ താദാത്മ്യം ഉണ്ടെങ്കിൽ മാത്രമേ രണ്ടു കൂട്ടർക്കും ഫലപ്രദമായ വ്യവഹാരം സാധ്യമാകൂ.
രണ്ട് പാരമ്പര്യങ്ങളാണ് ടീം ഇക്യുവിനെ എന്നും പ്രചോദിപ്പിക്കുന്നതും സ്വാധീനിക്കുന്നതും. ഒന്നാമത്തേത് സുദീര്‍ഘവും ആഴത്തിലുമുള്ളതുമായ വാല്യു ഇന്‍വെസ്റ്റിംഗ് പാരമ്പര്യം. രണ്ടാമത്തേത് കേരളത്തിന്റെ തനതായ പാരമ്പര്യവും ഭൂപ്രകൃതിയും ആചാരവിചാരങ്ങളും. ഈ രണ്ട് കാര്യങ്ങളാണ് ഞങ്ങളുടെ സ്വത്വത്തെ നിര്‍വചിക്കുന്നത്. ഇതിൽ ഞങ്ങള്‍ പിന്തുടരുന്ന വാല്യു ഇന്‍വെസ്റ്റിംഗ് രീതിയെ കുറിച്ച് ധനത്തിലൂടെ തന്നെ ഒട്ടനവധി തവണ എഴുതിയിട്ടുണ്ട്. ഇതിനെ പറ്റി ഭാവിയിലും ആവര്‍ത്തിക്കുന്നതുമാണ്. എന്നാൽ ഇത്തവണ ഞങ്ങളില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള മലയാളിത്വത്തെ പറ്റി പറയാം.
നോക്കൂ, ഞങ്ങള്‍ തിരക്കേറിയ മുംബൈയിലല്ല!
ഞങ്ങളുടെ ഓര്‍ഗനൈസേഷന്‍ കള്‍ച്ചര്‍ വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നത് മറ്റു സാധാരണ ഫണ്ട് മാനേജ്‌മന്റ് സ്ഥാപനങ്ങളെ പോലെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ തിരക്കും ബഹളവും നിറഞ്ഞ അന്തരീക്ഷത്തിലല്ല; മറിച്ച് പച്ചപ്പും സൗന്ദര്യവും നിറയുന്ന കേരളത്തിന്റെ കുലീനമായ സാഹചര്യങ്ങളിലാണ്. സത്യസന്ധമായി പറയട്ടേ, ഈ ഗുണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വെല്ലുവിളികള്‍ നിറഞ്ഞ പല ഘട്ടങ്ങളിലും ഞങ്ങളെ ഞങ്ങളുടെ സ്വതന്ത്ര നിലപാടുകളെ സധൈര്യം ഉയര്‍ത്തിപ്പിടിക്കാനും പതറാതെ തലയുയർത്തി നിൽക്കാനും സഹായിച്ചിട്ടുണ്ട്.
ഓഹരിവിപണി: വെയിലത്തും മഴയത്തും പരിതഃസ്ഥിതികളോട് ഇണങ്ങി ചേരാനുള്ള കഴിവ്
കേരളത്തിന്റെ തനത് പ്രകൃതി, നമുക്കേവർക്കും പരിസ്ഥിതിയോട് ഇണങ്ങാനുള്ള സ്വതസിദ്ധമായ കഴിവ് നൽകിയിട്ടുണ്ട്. കരിഞ്ഞുണങ്ങുന്ന കനത്ത മേടവെയിലായാലും കോരിച്ചൊരിയുന്ന കർക്കിടകത്തിലായാലും. അലമാലകള്‍ നൂറുകൈകള്‍ നീട്ടിതൊടുന്ന അറബികടലോരത്തില്‍ നിന്ന് അല്‍പ്പ ദൂരം സഞ്ചരിച്ചാൽ മതി പശ്ചിമഘട്ടങ്ങളിലെ നിബിഡ വനങ്ങൾ എത്താൻ. കേരളത്തിന്റെ സ്വഭാവം തന്നെ നിരന്തര മാറ്റമാണ്, ഇവിടെ പ്രകൃതിയോട് ചേർന്ന് നിലനില്‍ക്കാനും വളരാനുമുള്ള വഴി സാഹചര്യങ്ങളോട് വളരെ പെട്ടെന്ന് ഇണങ്ങിചേരുക എന്നതാണ്. സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയും കേരളത്തിന്റെ പ്രകൃതിയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. അവിടെയും പ്രസക്തിയോടെ നിലനില്‍ക്കാനുള്ള വഴി മാറ്റങ്ങളോട് പെട്ടെന്ന് ഇണങ്ങി ചേരുക എന്നത് മാത്രമാണ്.
കളരിപ്പയറ്റും നിക്ഷേപ തന്ത്രവും
ബിസി മൂന്നാം നൂറ്റാണ്ടിലോ മറ്റോ നമ്മുടെ നാട്ടിൽ ഉൽഭവിച്ച ആയോധന കലയാണ് കളരിപ്പയറ്റ്. ആയോധനകലകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്ന കളരിപ്പയറ്റിലെ അടവുകള്‍ കടലാസില്‍ എഴുതി പറഞ്ഞ് കാണാപാഠം പഠിച്ച് പ്രയോഗിക്കാനാവില്ല. മെയ് കണ്ണാവുന്ന ഇടമാണത്. ഓരോ അടവും പയറ്റി തന്നെ തെളിയണം. ഒന്ന് പഠിച്ച പതം വരുത്തി മാത്രം മറ്റൊന്നിലേക്ക്. ഏറ്റവുമൊടുവിലാണ് ഒരാൾ കറതീര്‍ന്ന ഒരു കളരിപ്പയറ്റ് അഭ്യാസിയായി മാറുക. പയറ്റി തെളിഞ്ഞാലും വെറുതെ ഇരിക്കാൻ പറ്റില്ല. നിത്യാഭ്യാസം തുടർന്നാൽ മാത്രമേ മെയ്‌വഴക്കം നിലനിർത്തി തികഞ്ഞ ഒരു അഭ്യാസിയായി തുടരാൻ സാധിക്കൂ. മാത്രമല്ല അങ്ങേയറ്റം അച്ചടക്കം പുലര്‍ത്തുകയും വേണം. കളരിക്ക് സമാനമായി, സമഗ്രമായ കാഴ്ചപ്പാടോടെ സദാ സജ്ജമായി ആത്മാര്‍പ്പണത്തോടെയും അച്ചടക്കത്തോടെയും മുടക്കവുമില്ലാതെയും നിത്യം പരിശീലിക്കുന്ന ഒരാൾക്ക് മാത്രമേ വിവേകമുള്ള, ജാഗ്രതയുള്ള നിക്ഷേപകനായി മാറാൻ സാധിക്കൂ.
ആക്ടിവിറ്റി വിവേകത്തിന്റെ അടയാളമല്ല
പോര്‍ട്ട്‌ഫോളിയോയില്‍ നിരന്തരം അഴിച്ചുപണികള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചിലര്‍ പറയാറുണ്ട്. സാഹചര്യങ്ങളോട് അതിവേഗം ഇണങ്ങുക, അലര്‍ട്ടായി ഇരിക്കുക എന്നെല്ലാം പറയുമ്പോൾ അതിൽ എല്ലാം അറിഞ്ഞു ക്ഷമയോടെ ഒന്നും ചെയ്യാതിരിക്കുക എന്നത് കൂടി അര്‍ത്ഥമാക്കുന്നുണ്ട്. അനുകൂലമായ അന്തരീക്ഷത്തിനായി സകല ഊര്‍ജ്ജവും ആവാഹിച്ച്, എടുത്തുചാട്ടമില്ലാതെ, നിലനില്‍ക്കുക എന്നത് ഒരു ദൗര്‍ബല്യമല്ല മറിച്ചു ശക്തിയാണ്. ബിസിനസുകളെ അനുകൂല സാഹചര്യം വരുന്നതുവരെ, ആകര്‍ഷകമായി വിലയിലെത്തും വരെ ഹോള്‍ഡ് ചെയ്യുന്നതും ഒരു കഴിവാണ്. കാറും കോളും നിറഞ്ഞ സാഹചര്യമാകട്ടേ ശാന്തമായ അന്തരീക്ഷമാകട്ടേ ഞങ്ങള്‍ ഓരോ വഞ്ചിയും ചാടി ചാടി മാറിക്കേറി നടക്കില്ല. വ്യക്തമായ കാഴ്ചപ്പാടോടെ നിശബ്ദമായി ലക്ഷ്യമിട്ട മൂല്യമെത്തും വരെ നിക്ഷേപം തുടരുക എന്നതാണ് ഞങ്ങളുടെ രീതി.
കഴിഞ്ഞ വര്ഷം ആഗോള സമ്പദ് വ്യവസ്ഥ ആടിയുലഞ്ഞപ്പോഴും ഞങ്ങള്‍ ആശങ്കപ്പെടുകയോ ഒരുപാട് വഞ്ചികളില്‍ കാൽ വെച്ചു ചാടി നടക്കുകയോ ചെയ്തില്ല. 2022 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ഞങ്ങളുടെ ശരാശരി പ്രകടനം ഈ സ്വഭാവത്തിന്റെ പ്രസക്തി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. 2022 ഏപ്രില്‍ - സെപ്തംബര്‍ കാലയളവില്‍ ഇ ക്യു പിഎംസ് 13.57 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി 2.12 ശതമാനം ഇടിവാണ് നേരിട്ടത്. ഞങ്ങള്‍ കൈവശം വെച്ചിരുന്ന ബിസിനസുകള്‍ സൃഷ്ടിച്ച മൂല്യമാണ് ഈ നേട്ടത്തിന് കാരണം, വിപണിയുടെ പൊതുവായുള്ള പ്രകടനത്തിന്റെ പ്രതിഫലനമേയല്ല അത്. (ബോക്‌സ് നോക്കുക)
സമയമെന്ന മഹാമാന്ത്രികന്‍
''നിക്ഷേപം വിജയകരമാകാന്‍ സമയമെടുക്കും. അച്ചടക്കവും ക്ഷമയും വേണം. എത്രമാത്രം പ്രതിഭയും പ്രയത്‌നവും ഉണ്ടായാല്‍ പോലും ചില കാര്യങ്ങള്‍ക്ക് സമയം വേണം. ഒരേ സമയം ഒന്‍പത് സ്ത്രീകൾ ഗര്‍ഭം ധരിച്ചാലും ഒരു മാസംകൊണ്ട് ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ല"
- വാറന്‍ ബഫറ്റ്.
നമ്മള്‍ എത്രമാത്രം ആത്മാര്‍ത്ഥമായും സത്യസന്ധമായും കഠിനാധ്വാനം ചെയ്താലും ഇന്നത്തെ സങ്കീര്‍ണതകള്‍ നിറഞ്ഞ നിക്ഷേപലോകത്ത് അബദ്ധങ്ങള്‍ ഒഴിവാക്കാനാകില്ല. ഞങ്ങൾക്കും അത് സംഭവിച്ചിട്ടുണ്ട്, 2017-18 ഇൽ ഉണ്ടായ പോലെ . പട്ടികയിൽ 5 വർഷത്തെ പ്രകടനം സൂചിപ്പിക്കുന്ന പോലെ അന്ന് ഞങ്ങളുടെ കൂടെ ചേർന്ന നിക്ഷേപകര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന നേട്ടം സമ്മാനിക്കാന്‍ ഇനിയും ഞങ്ങൾക്ക് ആയിട്ടില്ല.
എന്നാൽ അവിടെ പോലും താഴ്ചയിൽ നിന്നും വളരെയധികം മുന്നേറാൻ ഞങ്ങൾക്ക് ആയിട്ടുണ്ട്, വരും കാലങ്ങളിൽ, ഞങ്ങള്‍ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തിയ ബിസിനസുകള്‍ അവയുടെ യഥാര്‍ത്ഥ മൂല്യത്തിലേക്ക് എത്തുന്ന മുറക്ക് ഈ കൂട്ടരുടെ സി എ ജി ആർ നേട്ടവും മാന്യമായ തലത്തിലേക്ക് എത്തും. സമയം, അച്ചടക്കം, വിവേകം എന്നിവക്കു മാത്രമേ കാലക്രമേണ മികച്ച നേട്ടം നൽകാൻ ആകു.
വിവേകപൂര്‍ണ്ണമായ നിക്ഷേപം എന്നാല്‍ സുപ്രധാനമായതും, നമുക്ക് അറിയാന്‍ കഴിയുന്നതും, നിയന്ത്രിക്കാന്‍ പറ്റുന്നതും ആയ കാര്യങ്ങളിൽ നമ്മുടെ സകല ഊര്‍ജ്ജവും ശ്രദ്ധയും കേന്ദ്രീകരിക്കുന്നതാണ്. സെന്‍സിബിൾ ഇന്‍വെസ്റ്റിംഗ് എന്നാല്‍ സെന്‍സിബിൾ ബിഹേവിയറാണ്.
ഇന്ത്യന്‍ ഓഹരി വിപണി എങ്ങോട്ട്?
1. എല്ലാവരും ചര്‍ച്ച ചെയ്യുന്ന മാക്രോ ഘടകങ്ങളായ - ജിയോപൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍ മൂലമുള്ള സപ്ലൈ ചെയ്ന്‍ തകര്‍ച്ച, കറന്‍സി മൂല്യങ്ങളിലെ അസ്ഥിരത, പിടിവിട്ട് പോകുന്ന നാണ്യപ്പെരുപ്പം, വര്‍ധിച്ചുവരുന്ന പലിശ നിരക്ക് - തുടങ്ങിയവയെല്ലാം വലിയൊരളവ് വരെ വിപണിയില്‍ പ്രതിഫലിച്ചുകഴിഞ്ഞു. അസാമാന്യ കഴിവുകളുള്ള വിപണിയാണ് ഇന്ത്യയുടേത്. രൂപയുടെ മൂല്യശോഷണം മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന കുറവാണ്. മാത്രമല്ല ഇന്ത്യന്‍ വിപണി മൊത്തത്തിൽ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ജിയോപൊളിറ്റിക്കൽ സംഭവങ്ങളുടെ വീക്ഷണകോണില്‍ നോക്കുമ്പോഴും ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യമാണുള്ളത്.
2. ഓഹരികൾ ദീര്‍ഘകാലത്തേക്ക് നല്ല നേട്ടം നൽകാനുള്ള അടിസ്ഥാന സാദ്ധ്യതകൾ (base rate) ഉയർന്നതാണ്. ഇനി പറയുന്ന കാര്യങ്ങൾ ഓഹരി വിപണിയിൽ നിന്നും നല്ല നേട്ടങ്ങൾക്കുള്ള അടിസ്ഥാന സാദ്ധ്യതൾ (base rate) ഉയർത്തുന്നു: പുതിയ ടെക്‌നോളജികളിൽ നമുക്കുള്ള മേന്മ, യുവജനസംഖ്യ, ശക്തവും സ്ഥിരതയുള്ളതുമായ നേതൃത്വം, മികച്ച കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റ്, നിക്ഷേപങ്ങള്‍ പുനരുജ്ജീവിക്കുന്നത്, ബിസിനസുകള്‍ നടത്തിക്കൊണ്ടുപോകാന്‍ അനുയോജ്യമായ നയതീരുമാനങ്ങള്‍ നടപ്പാക്കപ്പെടുന്നത് തുടങ്ങിയവയെല്ലാം.
3.പോര്‍ട്ട്‌ഫോളിയോയിലുള്ള ബിസിനസുകൾക്ക് നിക്ഷേപിപ്പിച്ചപ്പോൾ നൽകിയ വിലയും അവയുടെ ആന്തരിക മൂല്യവും തമ്മിലുള്ള അന്തരം കാലക്രമത്തിൽ തൃപ്തികരമായ നേട്ടം സമ്മാനിക്കും.
4. ഇപ്പോഴും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വാല്യു ഇന്‍വെസ്റ്റിംഗിനുള്ള അനേകം അവസരങ്ങളുണ്ട്, കൂടുതൽ ധനം നിക്ഷേപിക്കാൻ അനുയോജ്യമായ സമയമാണ് ഇത്.
(ഇക്വിറ്റി ഇന്റലിജൻസ് എന്ന സ്ഥാപനത്തിന്റെ മേധാവിയായ ലേഖകൻ നിക്ഷേപകർക്ക് അയച്ച ഏറ്റവും പുതിയ കത്തിന്റെ അവലംബമാണ് ഈ ലേഖനം.)