

അമേരിക്കയും ഇറാനും യുദ്ധവിരാമ സന്ധി നീട്ടിയില്ലെങ്കിലും യുദ്ധം പുനരാരംഭിച്ചിട്ടില്ല. എന്നാല്‍ സംഘര്‍ഷാന്തരീക്ഷം തുടരുന്നു. ക്രൂഡ് ഓയില്‍ വില 91 ഡോളര്‍ കടന്നു. ഇതുമൂലം മിക്ക വിപണികളും താഴ്ചയിലാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,296.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,329 വരെ ഉയര്‍ന്നു. ഇന്ത്യന്‍ വിപണി ഇന്നും ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഇറാനുമായി പല തലങ്ങളില്‍ ബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ ധൃതി ഇല്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ പറഞ്ഞു. ഇറാനുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഒമാനെ ബോംബിട്ടു നശിപ്പിക്കും എന്നു ട്രംപ് ഭീഷണിപ്പെടുത്തി. ഇറാനാകട്ടെ അമേരിക്ക കരാര്‍ പാലിക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി തങ്ങള്‍ നല്‍കുകയാണെന്നു പറഞ്ഞു.
നയതന്ത്രം പരാജയപ്പെട്ടാല്‍ ഉഗ്രയുദ്ധം എന്ന മുന്നറിയിപ്പ് അവര്‍ പിന്‍വലിച്ചതായാണു സൂചന. ഒരു പക്ഷവും യുദ്ധം ഉടനേ പുനരാരംഭിക്കും എന്നു പറഞ്ഞിട്ടില്ല. പക്ഷേ വിപണികളില്‍ ആശങ്ക തുടരുന്നു. ഹോര്‍മുസിലും ചെങ്കടലിലും കപ്പല്‍ ഗതാഗതത്തിനു ഭീഷണി വര്‍ധിക്കുമോ എന്ന ഭീതിയിലാണു ക്രൂഡ് ഓയില്‍ വില 91 ഡോളറിലേക്കു കയറിയത്. നേരത്തേ സംഭവിച്ചതു പോലെ 100 ഡോളറിലേക്കു കയറാത്തത് ഭീഷണിയുടെ സാധ്യത കുറവാണെന്നു കാണിക്കുന്നു.
ഇറാനില്‍ എന്ത് എന്ന ആശങ്ക യുഎസ് വിപണിയെ തിങ്കളാഴ്ച താഴ്ത്തി. തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 272.63 പോയിന്റ് (0.51 ശതമാനം) താഴ്ന്ന് 53,459.78ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 40.70 പോയിന്റ് (0.52%) ഇടിഞ്ഞ് 7745.06ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 84.25 പോയിന്റ് (0.32%) നഷ്ടത്തോടെ 26,644.91ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ചയിലാണ്. ഡൗ ജോണ്‍സ് 22 പോയിന്റും (0.04%) എസ്ആന്‍ഡ്പി 5 പോയിന്റും (0.07%) നാസ്ഡാക് 12 പോയിന്റും (0.04%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ തിങ്കളാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാര സമയത്ത് 0.94 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.56% കയറി 23.28 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.14% ഇടിഞ്ഞ ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 29.40 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 3.89% ഇടിഞ്ഞ ശേഷം തുടര്‍വ്യാപാരത്തില്‍ 1.55% ഉയര്‍ന്നു 11.80 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.55% താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.52% ഉയര്‍ന്ന് 1.92 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച താഴ്ചയിലായി. ക്രൂഡ് ഓയില്‍ വിലക്കയറ്റവും എല്‍എന്‍ജി ലഭ്യതയിലെ കുറവുമാണു വിപണികളെ താഴ്ത്തുന്നത്. നദികളില്‍ ജലനിരപ്പ് കുറഞ്ഞത് ആണവോര്‍ജ നിലയങ്ങള്‍ അടച്ചിടാന്‍ കാരണമായി.
ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ദക്ഷിണ കൊറിയയില്‍ കോസ്പി സൂചിക മൂന്നു ശതമാനം കയറി. ജപ്പാനില്‍ നിക്കൈ സൂചിക 0.60 ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ വിപണി 0.35 ശതമാനം ഉയര്‍ന്നു. തായ്വാന്‍ സൂചിക നാമമാത്ര നഷ്ടത്തിലാണ്. ഹോങ്‌കോങ്ങിലെ ഹാങ്‌സെങ് സൂചിക 0.20 ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക ഉയര്‍ന്നു.
ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില ഇന്ത്യന്‍ വിപണിയെ വീണ്ടും താഴ്ത്തി. വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച അറ്റ വില്പനക്കാരായി. അവര്‍ ക്യാഷ് വിപണിയില്‍ 2535.10 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശിഫണ്ടുകള്‍ 5101.46 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
തിങ്കളാഴ്ച സെന്‍സെക്സ് 281.09 പോയിന്റ് (0.36%) താഴ്ന്ന് 77,728.16ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 78.35 പോയിന്റ് (0.32%) കുറഞ്ഞ് 24,287.65ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 6.70 പോയിന്റ് (0.01%) കൂടി 57,497.80ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 34.85 പോയിന്റ് (0.05%) ഉയര്‍ന്ന് 63,817.00ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 70.70 പോയിന്റ് (0.36%) നേട്ടത്തോടെ 19,809.25ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ നഷ്ടത്തിലായി. ബിഎസ്ഇയില്‍ 2027 ഓഹരികള്‍ കയറി, 2417 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1673 എണ്ണം ഉയര്‍ന്നപ്പോള്‍ 1814 എണ്ണം താഴ്ന്നു.
പേയ്ടിഎം ബ്രാന്‍ഡ് ഉടമകളായ വണ്‍97 കമ്യൂണിക്കേഷന്‍സിലെ 4.98 ശതമാനം ഓഹരി മുഖ്യപ്രൊമോട്ടറായ വിജയ് ശേഖര്‍ ശര്‍മ ബള്‍ക്ക് ഇടപാടില്‍ വില്‍ക്കും.
ഡല്‍ഹി ഗവണ്മെന്റ് 330.84 കോടി രൂപയുടെ റോഡ് നിര്‍മാണ ജോലികള്‍ക്കു നല്‍കിയ ടെന്‍ഡര്‍ റദ്ദാക്കിയതായി സിഗള്‍ ഇന്ത്യ അറിയിച്ചു.
ഇലക്ട്രോണിക്‌സ് കമ്പോണന്റ് മനുഫാക്ചറിംഗ് സ്‌കീമില്‍ വിപ്രോയുടെ 1401 കോടി രൂപയുടെ നിക്ഷേപ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
സംവര്‍ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍ ചൈനയിലെ ഷെന്‍ജെന്‍ ഓട്ടോക്രൂയിസ് ടെക്‌നോളജി കമ്പനിയുടെ 65 ശതമാനം ഓഹരി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കി.
ക്രൂഡ് ഓയില്‍ 90 ഡോളറിനു മുകളില്‍ എത്തിയെങ്കിലും സ്വര്‍ണക്കുതിപ്പ് തുടരുകയാണ്. പലിശ കൂട്ടാന്‍ സാധ്യത ഇല്ലെന്ന നിഗമനമാണു മഞ്ഞലോഹത്തെ കയറ്റുന്നത്. ഇന്നലെ സ്വര്‍ണം 40.30 ഡോളര്‍ ഉയര്‍ന്ന് ഔണ്‍സിന് 4417.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4436.80 ഡോളര്‍ വരെ കയറിയിട്ട് 4410 ലേക്കു താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 400 രൂപ ഉയര്‍ന്ന് 1,14,160 രൂപയില്‍ എത്തി.
വെള്ളിവില തിങ്കളാഴ്ച ഔണ്‍സിന് 65.92 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 66.53 ഡോളറില്‍ എത്തി.
പ്ലാറ്റിനം 1780 ഡോളര്‍, പല്ലാഡിയം 1315 ഡോളര്‍, റോഡിയം 8550 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
രാജ്യാന്തര റബര്‍വില നാമമാത്രമായി താഴ്ന്നു. കേരളത്തിലും വില കുറഞ്ഞു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 281.70 ഡോളറിലും ആര്‍എസ്എസ് മൂന്ന് 278.30 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ക്വിന്റലിന് 27,700 രൂപയിലേക്കു താഴ്ന്നു.
ഖനികളിലെ ഉല്‍പാദനം തടസപ്പെട്ടതും റിഫൈനറികള്‍ക്കു വേണ്ട കോണ്‍സെന്‍ട്രേറ്റ് വേണ്ടത്ര കിട്ടാനില്ലാത്തതും ചെമ്പ് വിലയെ ദിവസേന ഉയരങ്ങളിലേക്കു നയിക്കുകയാണ്. ചെമ്പ് ഇന്നലെ 2.10 ശതമാനം കുതിച്ച് 14,847.35 ഡോളറില്‍ എത്തി. അലൂമിനിയം 0.83 ശതമാനം ഉയര്‍ന്ന് 3265.13 ഡോളര്‍ ആയി. സിങ്കും ലെഡ്ഡും നിക്കലും ടിന്നും ഉയര്‍ന്നു.
കൊക്കോ വില തിങ്കളാഴ്ച 5.28 ശതമാനം കുതിച്ചു ടണ്ണിന് 6078 ഡോളറില്‍ എത്തി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഉല്‍പാദനം 16 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോര്‍ഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിലും ഉല്‍പാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ. ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും കൂടി ഉല്‍പാദനം ഒരു ലക്ഷം ടണ്‍ കുറയുമെന്നാണ് എസ്റ്റിമേറ്റ്.
അറബിക്ക കാപ്പിവില 1.07 ശതമാനം കയറി പൗണ്ടിന് 3.18 ഡോളര്‍ ആയി. എല്‍ നിനോ മൂലം അടുത്ത വര്‍ഷത്തെ ഉല്‍പാദനം കുറയും എന്ന ആശങ്കയുണ്ട്.
യുഎസ് ഡോളര്‍ സൂചിക തിങ്കളാഴ്ച 99.64 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.57 വരെ താഴ്ന്നു.
യൂറോ 1.1582 ഡോളറിലേക്കു കയറി. പൗണ്ട് 1.355 ഡോളറില്‍ എത്തി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 159.45 യെന്‍ എന്ന നിലയില്‍ ആയി. ചൈനീസ് യുവാന്‍ ഡോളറിന് 6.74 എന്ന നിരക്കില്‍ തുടര്‍ന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.728 ശതമാനത്തിലേക്കു കയറി.
തിങ്കളാഴ്ച ഇന്ത്യന്‍ രൂപ നഷ്ടത്തില്‍ അവസാനിച്ചു. ഡോളര്‍ 17 പൈസ കൂടി 95.60 രൂപയില്‍ ക്ലോസ് ചെയ്തു. വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.71 രൂപയില്‍ ആണ്. രൂപ ഇന്നു കൂടുതല്‍ ദുര്‍ബലമാകാം എന്നതാണു സൂചന. വിദേശനാണയ സമാഹരണത്തിനുള്ള പ്രത്യേക സ്‌കീം ഓഗസ്റ്റ് 31-ന് അവസാനിപ്പിക്കുന്നതു വിപണിയില്‍ പ്രതികൂല പ്രതികരണമാണ് ഉണ്ടാക്കിയത്. ഇന്നലെ രൂപ 0.19 ശതമാനം താഴ്ന്നത് അതിന്റെ ഫലമാണ്.
സെപ്റ്റംബര്‍ 30 വരെയാണു സ്‌കീം പ്രഖ്യാപിച്ചിരുന്നത്. ഉദ്ദേശിച്ച തുക നേരത്തേ ലഭിച്ചതു മൂലമാണു നിര്‍ത്തിയത് എന്നു കരുതപ്പെടുന്നു. സ്‌കീമിന്റെ ഭാഗമായ സ്വാപ് ക്രമീകരണം റിസര്‍വ് ബാങ്കിനു വലിയ ബാധ്യതയാകും എന്നൊരു വിശദീകരണവും ചിലര്‍ നല്‍കുന്നുണ്ട്.
സ്‌കീമില്‍ ഇതുവരെ 5700 കോടി ഡോളര്‍ എത്തിയെങ്കിലും രൂപയുടെ വിനിമയ നിരക്കില്‍ നാമമാത്ര മാറ്റമേ ഉണ്ടായിട്ടുള്ളു. 2013ല്‍ സമാന സ്‌കീം നടപ്പാക്കിയപ്പോള്‍ രണ്ടു മാസം കൊണ്ടു രൂപയുടെ നിരക്ക് ആറു ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. ഇത്തവണ രണ്ടു മാസം കൊണ്ട് 0.10 ശതമാനം നേട്ടം മാത്രമാണ് ഉണ്ടായത്.
ചൈനീസ് യുവാന്‍ 14.18 രൂപയിലേക്കും യൂറോ 110.21 രൂപയിലേക്കും കയറി.
ക്രൂഡ് ഓയില്‍ വില 91 ഡോളറിലേക്കു കയറി. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ തിങ്കളാഴ്ച 2.31 ഡോളര്‍ കൂടി 90.87 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വീപ്പയ്ക്ക് 91.03 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 84.75 ഡോളറിലും എത്തി.
ക്രിപ്‌റ്റോകറന്‍സികള്‍ ഉയര്‍ന്നു. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 64,300 ഡോളറിനു താഴെ എത്തി. ഈഥര്‍ 1900 ഡോളറിനും സൊലാന 76 ഡോളറിനും മുകളിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine