

വ്യാപാരത്തുടക്കം സര്‍വകാല റെക്കോഡില്‍. പിന്നാലെ ലാഭമെടുപ്പിലേക്ക്. വ്യാപാരം അവസാനിക്കുമ്പോള്‍ നഷ്ടത്തില്‍. ഇന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ദൃശ്യമായത് സമാനമായ പ്രവണതയായിരുന്നു. തുടക്കത്തില്‍ സര്‍വകാല റെക്കോഡിലേക്ക് കുതിച്ചെങ്കിലും ലാഭമെടുപ്പ് ശക്തമായതോടെയാണ് സൂചികകള്‍ നഷ്ടത്തില്‍ കലാശിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.
മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 64.77 പോയിന്റ് നഷ്ടത്തില്‍ 85,641.90 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. റെക്കോഡ് ലെവലായ 86,159.02 എന്ന നിലയിലെത്തിയ ശേഷമായിരുന്നു തിരിച്ചിറക്കം. നിഫ്റ്റിയാകട്ടെ 27.20 പോയിന്റുകള്‍ ഇടിഞ്ഞ് വ്യാപാരാന്ത്യം 26,175.75 എന്ന നിലയിലെത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 26,325.80 എന്ന റെക്കോഡ് കുറിച്ച ശേഷമായിരുന്നു നഷ്ടത്തിലേക്കുള്ള യാത്ര. നിഫ്റ്റി മിഡ്ക്യാപ് സൂചിക ഫ്‌ളാറ്റായപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 0.25 നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ ഓട്ടോ, മെറ്റല്‍ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കിയതായി കാണാന്‍ കഴിയും. മുന്‍വര്‍ഷത്തേക്കാള്‍ നവംബറില്‍ വാഹന വില്‍പ്പന മെച്ചപ്പെട്ടതാണ് ഓട്ടോമൊബൈല്‍ ഓഹരികള്‍ക്ക് നേട്ടമായത്. ജി.എസ്.ടി ഇളവും ഉത്തരേന്ത്യയിലെ വിവാഹ സീസണും വാഹന വിപണിയിലെ ഡിമാന്‍ഡ് നിലനിറുത്തുമെന്ന റിപ്പോര്‍ട്ടുകളും നേട്ടമായി. നിഫ്റ്റി ഓട്ടോ ഇന്‍ഡെസ്‌ക് 0.79 ശതമാനവും നിഫ്റ്റി മെറ്റല്‍ 0.79 ശതമാനവും ഉയര്‍ന്നു. ഐ.ടി, പി.എസ്.യു ബാങ്ക് എന്നീ മേഖലകളും ഇന്ന് നേട്ടത്തിലായിരുന്നു.
അതേസമയം, ഇന്ന് പുതിയ ഉയരങ്ങള്‍ കീഴടക്കിയെങ്കിലും നിഫ്റ്റി ബാങ്ക് 0.12 ശതമാനം നഷ്ടത്തില്‍ 59,681.35 എന്ന നിലയിലെത്തി. നിഫ്റ്റി റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍ സൂചികകള്‍ ഒരു ശതമാനത്തോളം നഷ്ടത്തിലായി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഫാര്‍മ എന്നീ മേഖലകളും നഷ്ടത്തിലായിരുന്നു.
പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ജി.ഡി.പി കണക്കുകള്‍ പുറത്തുവന്നെങ്കിലും നിക്ഷേപകര്‍ക്ക് ആശ്വാസമായിട്ടില്ല. നോമിനല്‍ ജി.ഡി.പി വളര്‍ച്ചയിലെ മന്ദഗതിയാണ് നിക്ഷേപകരുടെ ആശങ്കക്ക് കാരണമായത്. പണപ്പെരുപ്പം കുറക്കുന്നതിന് മുമ്പുള്ള സാമ്പത്തിക നേട്ടമാണ് നോമിനല്‍ ജി.ഡി.പി എന്ന പേരില്‍ അറിയപ്പെടുന്നത്. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 8.7 ശതമാനമാണ് നോമിനല്‍ ജി.ഡി.പി വളര്‍ച്ച. ഇതോടെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയും മങ്ങി. മികച്ച വളര്‍ച്ചും കുറഞ്ഞ പണപ്പെരുപ്പവും കണക്കിലെടുത്ത് പലിശ നിരക്കുകള്‍ നിലനിറുത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും വിപണിയെ സ്വാധീനിച്ചെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നവംബറിലെ ജി.എസ്.ടി വരുമാനം കുറഞ്ഞതും നിക്ഷേപകരെ ജാഗ്രതയിലാക്കിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. നവംബറിലെ ജി.എസ്.ടി വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 0.7 ശതമാനം മാത്രം വര്‍ധിച്ച് 1.70 ലക്ഷം കോടി രൂപയായി. അടുത്തിടെ ജി.എസ്.ടി നിരക്കുകള്‍ കുറച്ചതാണ് വിനയായത്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ അടുത്ത ദിവസങ്ങളിലും വിപണി ചാഞ്ചാട്ടത്തിലാകാനാണ് സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു.
മികച്ച വില്‍പ്പന കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ ടാറ്റ മോട്ടോര്‍സ്, മാരുതി സുസുക്കി ഇന്ത്യ, ടി.വി.എസ് മോട്ടോര്‍ എന്നീ ഓഹരികള്‍ മികച്ച നേട്ടത്തിലായി. സബ്‌സിഡിയറി സ്ഥാപനങ്ങളെ ക്രമീകരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തി. അള്‍ട്രാടെക് സിമന്റ്‌സ്, പോളിസി ബസാര്‍, കെ.പി.ഐ.ടി ടെക്‌നോളജീസ് ലിമിറ്റഡ് എന്നീ കമ്പനികളും മികച്ച നേട്ടത്തിലായിരുന്നു.
അടിവസ്ത്ര നിര്‍മാതാക്കളായ പേജ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുള്ളത്. ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലയിലാണ്. ഇന്‍ഡിഗോ എയര്‍ലൈന്‍സ്, യെസ് ബാങ്ക് ലിമിറ്റഡ്, ലോധ ഡവലപ്പേഴ്‌സ് ലിമിറ്റഡ്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിലായിരുന്നു.
ശതമാനക്കണക്കില്‍ ഇന്നേറ്റവും നേട്ടമുണ്ടാക്കിയത് സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് എന്നീ കമ്പനികളായിരുന്നു. ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, സി.എസ്.ബി ബാങ്ക്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ്, മുത്തൂറ്റ് ഫിനാന്‍സ്, ടി.സി.എം, യൂണിറോയല്‍ മറൈന്‍ പ്രോഡക്ട്‌സ്, വെര്‍ടെക്‌സ് സെക്യുരിറ്റീസ് എന്നീ ഓഹരികളും നേട്ടത്തിലാണ്.
അതേസമയം, ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ ഇടിഞ്ഞത് അബേറ്റ് എ.എസ് ഇന്‍ഡസ്ട്രീസാണെന്നും കണക്കുകള്‍ പറയുന്നു. ആഡ്‌ടെക് സിസ്റ്റംസ്, ബി.പി.എല്‍, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയ്ല്‍, ജിയോജിത്ത് ഫൈനാന്‍ഷ്യല്‍സ്, കിംഗ്‌സ് ഇന്‍ഫ്ര, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കെ.എസ്.ഇ, മുത്തൂറ്റ് മൈക്രോഫിന്‍, വെസ്റ്റേണ്‍ ഇന്‍ഡ്യ പ്ലൈവുഡ്‌സ് തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
Read DhanamOnline in English
Subscribe to Dhanam Magazine