
എല്ലാ മേഖലയിലും ഓഹരി വില്‍പ്പന തകൃതിയായി നടന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടക്കച്ചവടം. പ്രധാനമായും ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഓഹരികളിലാണ് വില്‍പ്പന സമ്മര്‍ദ്ദം കൂടുതലായി നേരിട്ടത്. നേട്ടത്തില്‍ വ്യാപാരം തുടങ്ങിയെങ്കിലും ഇന്ത്യ-യു.എസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും സാമ്പത്തിക വളര്‍ച്ചയിലെ ആശങ്കകളുമാണ് വിപണിയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍.
മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 287.60 പോയിന്റുകള്‍ (0.34%) ഇടിഞ്ഞ് 83,409.69 എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം നിറുത്തിയത്. നിഫ്റ്റിയാകട്ടെ 88.40 പോയിന്റുകള്‍ (0.35%) നഷ്ടത്തില്‍ വ്യാപാരാന്ത്യം 25,453.40 എന്ന നിലയിലെത്തി. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.14 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.41 ശതമാനവും നഷ്ടത്തിലായി.
നിഫ്റ്റി ബാങ്ക് സൂചിക 0.80 ശതമാനത്തോളം ഇടിഞ്ഞത് വിപണിക്കാകെ ക്ഷീണമായി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഓഹരി വില്‍പ്പന തകൃതിയായി നടന്നതോടെ നിഫ്റ്റി റിയല്‍റ്റി സൂചിക 1.4 ശതമാനമാണ് ഇടിഞ്ഞത്. തുടര്‍ച്ചയായ നാലാം ദിവസമാണ് നിഫ്റ്റി റിയല്‍റ്റി സൂചിക നഷ്ടത്തില്‍ അവസാനിക്കുന്നത്. വിദേശനിക്ഷേപകരുടെ ഓഹരി വില്‍പ്പന, ആഗോള വ്യാപാര സൂചനകള്‍ എന്നീ ഘടകങ്ങളാണ് ഈ മേഖലകളെ ബാധിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം, ടാറ്റ സ്റ്റീല്‍, ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ നിഫ്റ്റി മെറ്റല്‍ ഇന്നത്തെ നേട്ടക്കാരനായി. കല്‍ക്കരി വില കുറഞ്ഞതും കമ്പനികള്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചതുമാണ് തുണയായത്. നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ ഇന്‍ഡെക്‌സ് തുടങ്ങിയ മേഖലകളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.
ഇന്ത്യയുമായി സമഗ്രമായ വ്യാപാര കരാറിലെത്തുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇരുരാജ്യങ്ങള്‍ക്കും ഉപകാരമായ രീതിയിലായിരിക്കും കരാറിലെ വ്യവസ്ഥകളെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു. എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നും ഇത് എങ്ങനെ ഇന്ത്യന്‍ വിപണിയെ ബാധിക്കുമെന്നും നിക്ഷേപകര്‍ക്ക് ഇപ്പോഴും ആശങ്കയുണ്ട്. ഇതിനിടയില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക 500 ശതമാനം നികുതി ചുമത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരമൊരു ബില്ലിന് ട്രംപ് അനുമതി നല്‍കിയെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാമാണ് വെളിപ്പെടുത്തിയത്.
ആഗോള വിപണി സാഹചര്യങ്ങള്‍ സമ്മിശ്രമായി തുടരുന്നത് നിക്ഷേപകരെ സ്വാധീനിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉടന്‍ പുറത്തുവരാനിരിക്കുന്ന ഒന്നാം പാദഫലങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളും നിക്ഷേപകരെ അലട്ടുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാം പാദഫലങ്ങളിലാകും ഇനി വിപണിയുടെ കണ്ണ്. ഇന്ത്യയുടെ വളര്‍ച്ചാതോത് കുറയുകയാണെന്ന റിപ്പോര്‍ട്ടുകളും നിക്ഷേപകരുടെ ആശങ്കക്ക് കാരണമായിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓഹരികള്‍ ഇരട്ടിയാകുമെന്ന് പ്രവചിക്കപ്പെട്ട ടാറ്റ കമ്യൂണിക്കേഷന്‍ ഓഹരികളാണ് ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവിടുന്ന തീയതി പ്രഖ്യാപിച്ചതും ഓഹരികള്‍ക്ക് നേട്ടമായെന്നാണ് കരുതുന്നത്. അപ്പോളോ ടയേഴ്‌സ്, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റിട്ടെയില്‍, മാന്‍കൈന്‍ഡ് ഫാര്‍മ, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികളും ഇന്ന് നേട്ടക്കണക്കില്‍ ആദ്യസ്ഥാനക്കാരാണ്.
നടപ്പു കലണ്ടര്‍ വര്‍ഷത്തിലെ ജൂണ്‍ 30ന് അവസാനിച്ച ആദ്യ പകുതിയില്‍ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഹരികള്‍ കടുത്ത നഷ്ടത്തിലായി. മാരുതി സുസുക്കിക്ക് താഴെ രണ്ടാം സ്ഥാനക്കാരായിരുന്ന ഹ്യൂണ്ടായ് മോട്ടോഴ്‌സിന് ആദ്യ പകുതിയില്‍ 12 ശതമാനം വില്‍പ്പന കുറഞ്ഞെന്നാണ് കണക്ക്. സുസ്‌ലോണ്‍ എനര്‍ജീസ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യ, ഫീനിക്‌സ് മില്‍സ്, വാരി എനര്‍ജീസ് എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് കനത്ത നഷ്ടമാണ് നേരിട്ടത്.
വിപണിയില്‍ മൊത്തത്തിലുണ്ടായ ക്ഷീണം കേരള കമ്പനികളെയും ബാധിച്ചിട്ടുണ്ട്. 5 ശതമാനം നേട്ടമുണ്ടാക്കി അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ പോപ്പീസ് കെയര്‍ ഓഹരികളാണ് ശതമാനക്കണക്കില്‍ മുന്നില്‍. ആഡ്‌ടെക് സിസ്റ്റംസ്, അപ്പോളോ ടയേഴ്‌സ്, സെല്ല സ്‌പേസ്, കല്യാണ്‍ ജുവലേഴ്‌സ്, കിംഗ്‌സ് ഇന്‍ഫ്ര, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങിയ കമ്പനികളാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
3.10 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുള്ളത്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, ധനലക്ഷ്മി ബാങ്ക്, സി.എസ്.ബി ബാങ്ക്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി തുടങ്ങിയ കമ്പനികളും ഇന്ന് വലിയ നഷ്ടത്തിലായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine