അഞ്ചാം ദിവസവും വിപണിയില്‍ ലാഭക്കച്ചവടം, സര്‍വകാല റെക്കോഡില്‍ ബി.എസ്.ഇയും സൊമാറ്റോയും

തുടര്‍ച്ചയായ അഞ്ചാം വ്യാപാര ദിവസത്തിലും ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍ ലാഭത്തില്‍. ഹെവിവെയ്റ്റ് ഓഹരികളായ ഇന്‍ഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.സി.എസ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെ ബലത്തിലാണ് ഇന്ന് നിഫ്റ്റിയും സെന്‍സെക്‌സും ഒരു ശതമാനത്തോളം ഉയര്‍ന്നത്. രാവിലെ പതിഞ്ഞ താളത്തില്‍ തുടങ്ങിയ വ്യാപാരം ശക്തമായി തിരിച്ചു വന്നു.
81,182.74 പോയിന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 809.53 പോയിന്റുകള്‍ കയറി 81,765.86 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ വ്യാപാരത്തിനെത്തിയ 30ല്‍ 28 ഓഹരികളും ഇന്ന് നേട്ടത്തിലായി. ഏഷ്യന്‍ പെയിന്റ്സും എന്‍.ടി.പി.സിയുമാണ് നേരിയ നഷ്ടം നേരിട്ടത്. നിഫ്റ്റിയാകട്ടെ 24,539.15 ല്‍ തുടങ്ങി വ്യാപാരാന്ത്യം 24,708.40 പോയിന്റിലാണ് നിറുത്തിയത്.

വിവിധ സൂചികകളുടെ പ്രകടനം

വിശാലവിപണിയില്‍ പി.എസ്.യു ബാങ്ക്, റിയല്‍റ്റി ഒഴികെയുള്ള സൂചികകളെല്ലാം ഇന്ന് നേട്ടത്തിലാണ് വ്യാപാരം നിറുത്തിയത്.

വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ഇരു സൂചികകള്‍ക്കും വിനയായത്. നിഫ്റ്റി മിഡ്ക്യാപ് 0.57 ശതമാനവും സ്മാള്‍ക്യാപ് 0.83 ശതമാനവും ഉയര്‍ന്നു. ഐ.ടി സൂചിക 1.95 ശതമാനം വര്‍ധിച്ച് ലാഭക്കണക്കിലെ ഒന്നാമനായി. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, പ്രൈവറ്റ് ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓട്ടോ ഇന്‍ഡക്‌സുകള്‍ ഒരു ശതമാനത്തോളവും ഉയര്‍ന്നു.

ലാഭക്കണക്കില്‍ മുന്നില്‍ ബി.എസ്.ഇ

ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബി.എസ്.ഇ) ഓഹരി സര്‍വകാല റെക്കോഡിലെത്തുന്നതിനും ഇന്നത്തെ വ്യാപാരം സാക്ഷ്യം വഹിച്ചു.

4,572.05 രൂപയില്‍ വ്യാപാരം തുടങ്ങിയ ബി.എസ്.ഇ ഓഹരികള്‍ 14.34 ശതമാനം ഉയര്‍ന്ന് 5,227.75 രൂപയിലാണ് അവസാനിച്ചത്. സിറ്റി ഗ്യാസ് വിതരണക്കാരായ ഇന്ധ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് ബോണസ് ഷെയര്‍ ഇഷ്യൂ ചെയ്‌തേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ഓഹരി വില 6.37 ശതമാനം ഉയര്‍ന്നു. 360.25 രൂപയില്‍ തുടങ്ങിയ ഓഹരി വില വ്യാപാരാന്ത്യത്തില്‍ 383.20 രൂപയിലെത്തി. പ്രമുഖ ഭക്ഷണ വിതരണക്കമ്പനിയായ സൊമാറ്റോയുടെ ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഉയര്‍ന്നു. 286.25 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരികള്‍ 4.45 ശതമാനം വര്‍ധിച്ച് സര്‍വകാല റെക്കോഡായ 299 രൂപയിലെത്തി. ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ട്രെന്റ് റീടെയില്‍ ചെയിന്‍, എഞ്ചിനീയറിംഗ് ടെക്‌നോളജി കമ്പനിയായ ബോഷ് ലിമിറ്റഡ് എന്നിവരും ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലുണ്ട്.

നഷ്ടക്കണക്കില്‍ വോഡഫോണ്‍-ഐഡിയ

രാവിലെ 10 ശതമാനം വരെ കുതിച്ച ശേഷം താഴോട്ടിറങ്ങിയ വോഡഫോണ്‍ - ഐഡിയ ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കിലെ മുമ്പന്മാര്‍.

ഇന്‍ഡസ് ടവേഴ്സിലെ വോഡഫോണ്‍ പി.എല്‍.സിയുടെ ഓഹരിവിറ്റ് ടവേഴ്സിനു നല്‍കാനുള്ള തുക നല്‍കിത്തീര്‍ക്കുന്നതു മൂലമാണിത്. ബാക്കി വരുന്ന തുക വോഡഫോണ്‍ പി.എല്‍.സി വോഡഫോണ്‍ ഐഡിയയില്‍ മുടക്കും എന്നാണു സൂചന. ഇതിനായി പ്രിഫറന്‍ഷ്യല്‍ ഇഷ്യു നടത്തുന്നത് ഒന്‍പതിനു തീരുമാനിക്കുമെന്നും വാര്‍ത്തകളുണ്ട്. ഓയില്‍ ഇന്ത്യ, ശ്രീ സിമന്റ്‌സ്, ഡിവിസ് ലബോറട്ടറീസ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവരും ഇന്നത്തെ വ്യാപാരത്തിലെ നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കേരള കമ്പനികളുടെ പ്രകടനം പരിശോധിച്ചാല്‍ ആഡ്‌ടെക് സിസ്റ്റമാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 87.74 രൂപയില്‍ ആരംഭിച്ച കമ്പനിയുടെ ഓഹരികള്‍ വ്യാപാരാന്ത്യത്തില്‍ 7.13 ശതമാനം ഉയര്‍ന്ന് 94 രൂപയിലെത്തി. ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍, ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസ്, കേരള ആയുര്‍വേദ, പോപ്പീസ് കെയര്‍, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നീ കമ്പനികളുടെ ഓഹരി വില ഇന്ന് രണ്ട് ശതമാനത്തിന് മുകളിലേക്ക് കയറി.

4.93 ശതമാനം ഇടിഞ്ഞ ഇന്‍ഡിട്രേഡ് ക്യാപിറ്റലും 3.16 ശതമാനം വീതം ഇടിഞ്ഞ ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് എന്നിവരുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ്, മുത്തൂറ്റ് ഫിനാന്‍സ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവരും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നിറുത്തിയത്.
Related Articles
Next Story
Videos
Share it