

ആഗോള വിപണി സൂചനകളെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണികള്‍ കൂപ്പുകുത്തി. എല്ലാ മേഖലകളിലും വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷമായതോടെ നിക്ഷേപകരുടെ സമ്പത്തില്‍ നിന്നും ഒലിച്ചുപോയത് 12 ലക്ഷം കോടി രൂപയെന്ന് കണക്കുകള്‍. ട്രംപിന്റെ വ്യാപാരയുദ്ധം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏല്‍പ്പിച്ചത് 10 മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ നഷ്ടം.
പ്രധാന ഓഹരി സൂചികയായ സെന്‍സെക്‌സ് 2,226.79 പോയിന്റുകള്‍ അല്ലെങ്കില്‍ 2.95 ശതമാനം ഇടിഞ്ഞ് 73,137.90 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സിലെ മുപ്പത് കമ്പനികളും ഇന്ന് നഷ്ടത്തിലായി. നിഫ്റ്റിയിലും സമാനമായ നഷ്ടമാണ് പ്രകടമായത്. 742.85 പോയിന്റുകള്‍ (3.24 ശതമാനം) ഇടിഞ്ഞ് 22,161.60 എന്ന നിലയിലുമെത്തി.
നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഇന്ന് കനത്ത നഷ്ടമാണ് നേരിട്ടത്. ഇരുസൂചികകളും യഥാക്രമം 3.63%, 3.88% ഇടിഞ്ഞു. വിവിധ സെക്ടറുകള്‍ പരിശോധിച്ചാല്‍ എല്ലായിടത്തും ചുവപ്പ് മാത്രമാണ്. നിഫ്റ്റി മെറ്റല്‍ സൂചികയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്, 6.7 ശതമാനം.
അമേരിക്കന്‍ വിപണിയില്‍ അടുത്ത 12 മാസത്തിനുള്ളില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന പ്രവചനങ്ങളാണ് ഇന്ന് ഏഷ്യയിലെ എല്ലാ വിപണികളിലും വിപത്തായി മാറിയത്. എണ്ണവിലയിലുണ്ടായ കുറവും സാമ്പത്തിക മാന്ദ്യഭീഷണി വര്‍ധിപ്പിച്ചു. അമേരിക്കന്‍ ഓഹരി വിപണിയിലെ കനത്ത നഷ്ടവും നിര്‍ണായകമായി. കഴിഞ്ഞ ദിവസം എസ് ആന്‍ഡ് പി 6 ശതമാനം നഷ്ടമാണ് നേരിട്ടത്, 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം. ഇതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിച്ചെന്നാണ് കരുതുന്നത്. യു.എസ് ഫ്യൂച്ചേഴ്‌സ് നേരിട്ട കനത്ത നഷ്ടവും നിക്ഷേപകരുടെ മനസ് മാറ്റിയെന്നാണ് വിലയിരുത്തല്‍.
ട്രംപിന്റെ തീരുവക്ക് ചൈന ശക്തമായ രീതിയില്‍ പ്രതികരിച്ചതും വിപണിയെ ആശങ്കയിലാഴ്ത്തിയെന്ന് വേണം കരുതാന്‍. യു.എസിന്റെ തീരുവ പ്രഖ്യാപനത്തോട് ഇന്ത്യ എന്ത് സ്വീകരിക്കുമെന്ന കാര്യത്തിലും വിപണിക്ക് ആശങ്കയുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ തീരുവയില്‍ ഇളവ് ആവശ്യപ്പെട്ട് യു.എസിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമാകാതെ നീളുന്നത് വിപണിക്ക് ദോഷകരമാണെന്നും വിദഗ്ധര്‍ പറയുന്നു.
സൗദി അറേബ്യയിലെ ഒരു കമ്പനിയെ ഏറ്റെടുത്ത റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രണ്ട് ശതമാനത്തോളം നേട്ടത്തിലായ ജി.എം.ആര്‍ എയര്‍പോര്‍ട്‌സ് ഓഹരികളാണ് ഇന്നത്തെ താരം. വിപണി തകര്‍ച്ചക്കിടയിലും കമ്പനിയുടെ ഓഹരികള്‍ 80.74 രൂപയില്‍ നിന്നും 82.35 രൂപയിലെത്തി. രാവിലെ മുതല്‍ നഷ്ടത്തിലായ ശേഷം അവസാനം നേട്ടത്തിലേക്ക് മാറിയ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചത്. മികച്ച നാലാം പാദ ഫലങ്ങള്‍ പുറത്തുവന്നെങ്കിലും വിപണിയെ ബാധിച്ച തകര്‍ച്ച വൈകുന്നേരം വരെ കല്യാണ്‍ ഓഹരികളെ കരകയറ്റിയില്ല. എന്നാല്‍ വ്യാപാരം അവസാനിക്കുന്നതിന് മുമ്പ് നേട്ടത്തിലേക്ക് മാറിയ ഓഹരി 491.05 രൂപ എന്ന നിലയില്‍ ക്ലോസ് ചെയ്തു. ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, അംബുജ സിമന്റ്‌സ്, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നീ ഓഹരികളും ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലുണ്ട്.
നാലാം പാദത്തില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെ വന്നതോടെ ടാറ്റയുടെ കീഴിലുള്ള ട്രെന്റ് ലിമിറ്റഡ് നഷ്ടക്കണക്കില്‍ മുന്നിലെത്തി. സുഡിയോ, വെസ്റ്റ്‌സൈഡ് അടക്കമുള്ള റീട്ടെയില്‍ ശൃംഖലയുടെ മാതൃകമ്പനിയാണ് ട്രെന്റ്. 14.70 ശതമാനമാണ് കമ്പനിയുടെ ഓഹരിക്ക് നഷ്ടമുണ്ടായത്. മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിലാണ്. ട്രംപിന്റെ തീരുവ ഭീഷണിയുടെ ഗതിയും വളര്‍ച്ചാ നിരക്കിലെ അനിശ്ചിതത്വങ്ങളും നാഷണൽ അലൂമിനിയം കമ്പനി, ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയ കമ്പനികളെയും നഷ്ടത്തിലാക്കി.
സെല്ല സ്‌പേസ്, കല്യാണ്‍ ജുവലേഴ്‌സ്, കെ.എസ്.ഇ, പാറ്റ്‌സ്പിന്‍ ഇന്ത്യ, സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് എന്നിവ ഒഴിച്ചുള്ള കേരള കമ്പനികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സ് ഓഹരികള്‍ക്ക് മാറ്റമില്ലാതെ തുടര്‍ന്നു. ശതമാനക്കണക്കില്‍ ഈസ്‌റ്റേണ്‍ ട്രെഡ്‌സാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 8.97 ശതമാനമാണ് കമ്പനിയുടെ ഓഹരികള്‍ ഇന്ന് ഇടിഞ്ഞത്. സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര, കിറ്റെക്‌സ്, ടി.സി.എം, ദി വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്, ടോളിന്‍സ് ടയേഴ്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ അഞ്ച് ശതമാനമോ അതില്‍ കൂടുതലോ നഷ്ടത്തിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine