നാല് ദിവസത്തെ കുതിപ്പിന് വിരാമം! നിക്ഷേപകര്‍ക്ക് രണ്ട് ലക്ഷം കോടിയുടെ നഷ്ടം, നേട്ടം തുടര്‍ന്ന് ആസ്റ്റര്‍ ഓഹരികള്‍

വിപണിയെ ബാധിക്കുന്ന വലിയ സംഭവവികാസങ്ങള്‍ ഉണ്ടാകാത്തതും നിക്ഷേപകരെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍
stock market closing chart, nse and bse
NSE, BSE, Canva
Published on

നാല് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് ശേഷം ഓഹരി വിപണിയില്‍ നഷ്ടക്കച്ചവടം. കമ്പനികളുടെ രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് ലാഭമെടുപ്പ് ശക്തമായതാണ് തിരിച്ചടിയായത്. മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 153 പോയിന്റുകള്‍ (0.19 ശതമാനം) നഷ്ടത്തില്‍ 81,773.66ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 62 പോയിന്റുകള്‍ (0.25 ശതമാനം) ഇടിഞ്ഞ് 25,046.15ലെത്തി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണി മൂല്യം 460 ലക്ഷം കോടി രൂപയില്‍ നിന്ന് 458 ലക്ഷം കോടി രൂപയിലെത്തി. ഒറ്റദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടം രണ്ട് ലക്ഷം കോടി രൂപ.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.73 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.52 ശതമാനവും നഷ്ടത്തിലായി. സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി ഐ.ടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി റിയല്‍റ്റി, മീഡിയ, ഓട്ടോ മേഖലകള്‍ ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതാണ് ഈ സെക്ടറുകള്‍ക്ക് തിരിച്ചടിയായത്. നിഫ്റ്റി ബാങ്കും ഇന്ന് സമ്മര്‍ദ്ദത്തിലായിരുന്നു.

ഇടിവിന് പിന്നിലെന്ത്?

കമ്പനികളുടെ രണ്ടാം പാദഫല സീസണിന് തുടക്കമിട്ട് ഐ.ടി ഭീമന്മാരായ ടി.സി.എസും ടാറ്റ എല്‍ക്‌സിയും അടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ട് പുറത്തുവിടും. സെപ്റ്റംബര്‍ 30ന് ശേഷം തുടര്‍ച്ചയായ നാല് ദിവസം വിപണി നേട്ടത്തിലുമായിരുന്നു. ഇക്കാരണങ്ങളാണ് ഇന്നത്തെ ലാഭമെടുപ്പ് ശക്തമാക്കിയത്. വിപണിയെ ബാധിക്കുന്ന വലിയ സംഭവവികാസങ്ങള്‍ ഉണ്ടാകാത്തതും നിക്ഷേപകരെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.

അടുത്ത ദിവസങ്ങളില്‍ പുറത്തുവരുന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ (FOMC) യോഗ മിനിറ്റിലാകും ഇനി നിക്ഷേപകരുടെ ശ്രദ്ധ. യു.എസ് ഫെഡ് നിരക്ക് മാറ്റവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതില്‍ വെളിവാകുമെന്നാണ് പ്രതീക്ഷ. ആഗോള സൂചനകള്‍ക്കൊപ്പം തന്നെ ഇന്ത്യന്‍ കമ്പനികളുടെ രണ്ടാം പാദ ഫലങ്ങളും വരാനിരിക്കുന്ന ഉത്സവ സീസണും നിര്‍ണായകമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

ലാഭവും നഷ്ടവും

വിപണി നഷ്ടത്തിലായെങ്കിലും ഐ.ടി കമ്പനികള്‍ക്ക് ഇന്ന് ചാകരയായിരുന്നു. രണ്ടാം പാദ ഫലങ്ങള്‍ മികച്ചതാകുമെന്ന പ്രതീക്ഷയില്‍ പ്രമുഖ ഐ.ടി കമ്പനികളുടെ ഓഹരികള്‍ കുതിച്ചു. പോസിറ്റീവായ ബിസിനസ് അപ്‌ഡേറ്റ് പുറത്തിറക്കിയ ടൈറ്റാന്‍ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. നാല് ശതമാനത്തോളമാണ് ഓഹരി ഉയര്‍ന്നത്. പ്രമുഖ ഐ.ടി കമ്പനികളായ ടി.സി.എസ്, ഇന്‍ഫോസിസ് എന്നിവയും മികച്ച നേട്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. പൊതുമേഖലാ കമ്പനിയായ നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡും ഇന്ന് വിപണിയിലെ താരമായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് വായ്പാ ചട്ടങ്ങളില്‍ ആര്‍.ബി.ഐ മാറ്റം വരുത്തിയതും ബ്രോക്കറേജുകള്‍ മികച്ച റിപ്പോര്‍ട്ടും എസ്.ബി.ഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസിനെയും നേട്ടപ്പട്ടികയിലെത്തിച്ചു.

നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തിടുക്കം കാട്ടിയതാണ് ഇന്ന് പല കമ്പനികളെയും നഷ്ടത്തിലാക്കിയത്. ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, ആദിത്യ ബിര്‍ല ക്യാപിറ്റല്‍ ലിമിറ്റഡ്, ഇന്ത്യന്‍ റിന്യൂവബില്‍ എനര്‍ജി ദേവ് ഏജന്‍സി ലിമിറ്റഡ്, ഡാബര്‍ ഇന്ത്യ എന്നീ ഓഹരികള്‍ ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലെത്തി. കമ്പനികളുടെ വിഭജനവുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഇന്ന് ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ക്ക് തിരിച്ചടിയായത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ നഷ്ടത്തിലാകുന്നത്.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കുതിച്ച് ആസ്റ്റര്‍ ഓഹരികള്‍

കേരള കമ്പനികളില്‍ ഇന്ന് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറാണ്. 5.15 ശതമാനം ഉയര്‍ന്ന് ഓഹരിയൊന്നിന് 695.70 രൂപയിലാണ് ആസ്റ്റര്‍ ക്ലോസ് ചെയ്തത്. കാസര്‍ഗോഡ് 190 കോടി രൂപ ചെലവില്‍ മള്‍ട്ടിസ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ തുറന്നതാണ് ഓഹരികള്‍ക്ക് ഗുണമായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10 ശതമാനത്തിലധികമാണ് ഓഹരികള്‍ കുതിച്ചത്. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, സി.എസ്.ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, സെല്ലസ്‌പേസ്, അപ്പോളോ ടയേഴ്‌സ്, അബേറ്റ് എ.എസ് ഇന്‍ഡസ്ട്രീസ്, കെ.എസ്.ഇ, ടി.സി.എം തുടങ്ങിയ ഓഹരികളും ഇന്ന് മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

അതേസമയം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കിറ്റെക്‌സ് ഗാര്‍മെന്റ്‌സും അടക്കമുള്ള കേരള കമ്പനികള്‍ ഇന്ന് നഷ്ടത്തിലായി. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് പ്രൈമ അഗ്രോയാണ്. പ്രൈമ ഇന്‍ഡസ്ട്രീസ്, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ്, കേരള ആയുര്‍വേദ, ബി.പി.എല്‍, ആഡ്‌ടെക് സിസ്റ്റംസ് തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നിറുത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com