

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും ലാഭക്കച്ചവടം. കമ്പനികളുടെ രണ്ടാം പാദഫലങ്ങള്‍ വരുന്നതിന് തൊട്ടുമുമ്പ് പല സെക്ടറുകളിലും വാങ്ങല്‍ ശക്തമായതാണ് നേട്ടത്തിന് കാരണം. ചൊവ്വാഴ്ച ടി.സി.എസ് റിപ്പോര്‍ട്ട് വരുന്നതോടെ രണ്ടാം പാദ ഫലങ്ങള്‍ക്ക് തുടക്കമാകും.
മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 398 പോയിന്റുകള്‍ (0.49 ശതമാനം) ഉയര്‍ന്ന് 82,172.10ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 136 പോയിന്റ് നേട്ടത്തോടെ 25,181.80ലുമെത്തി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 458 ലക്ഷം കോടി രൂപയില്‍ നിന്ന് 460 ലക്ഷം കോടി രൂപയിലെത്തി. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ പോക്കറ്റില്‍ അധികമായെത്തിയത് രണ്ട് ലക്ഷം കോടി രൂപ.
നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.97 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.61 ശതമാനവും ഉയര്‍ന്നു. സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ ഇന്ന് എല്ലാ മേഖലകളും നേട്ടത്തിലായിരുന്നു. ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി, മെറ്റല്‍, പി.എസ്.യു ബാങ്ക്, ഐ.ടി എന്നീ സെക്ടറുകള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
അന്താരാഷ്ട്ര സൂചകങ്ങള്‍ പോസിറ്റീവായതും വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായതുമാണ് ഇന്ന് വിപണിയെ സഹായിച്ചതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദേശനിക്ഷേപകര്‍ കൂടുതലായി നിക്ഷേപം നടത്തുന്നുണ്ട്. ബുധനാഴ്ച്ച 81.28 കോടി രൂപയുടെയും ചൊവ്വാഴ്ച്ച 1,440.66 കോടി രൂപയുടെയും ഓഹരികളാണ് ഇവര്‍ വാങ്ങിക്കൂട്ടിയത്. ഇത് വിപണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കമ്പനികളുടെ രണ്ടാം പാദ ഫലങ്ങള്‍ മികച്ചതായിരിക്കുമെന്നും വിപണി കരുതുന്നു. വിദേശ ഓഹരി വിപണികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും മികച്ചതാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞത്, ഫെഡ് നിരക്കുകള്‍ കുറക്കുമെന്ന സൂചനകള്‍ എന്നിവയും വിപണിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.
തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഐ.ടി ഓഹരികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ടി.സി.എസ് ഐ.ടി കമ്പനിയുടെ രണ്ടാം പാദ ഫലങ്ങള്‍ മികച്ചതായിരിക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ആഗോളതലത്തില്‍ ലോഹങ്ങളുടെ വില വര്‍ധിച്ചത് ഇന്ന് മെറ്റല്‍ ഓഹരികള്‍ക്കും നേട്ടമായി. പ്രതിമാസ ബിസിനസ് കണക്കുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായി ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികളും നേട്ടക്കണക്കില്‍ മുന്നിലെത്തി. ചില ജനറിക് മരുന്നുകളെ യു.എസ് താരിഫില്‍ നിന്ന് ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് ഫാര്‍മ ഓഹരികളെയും നേട്ടത്തിലാക്കി. അരബിന്ദോ ഫാര്‍മ ഓഹരികള്‍ ഇന്ന് 4.49 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്.
സെപ്റ്റംബറിലെ വില്‍പ്പന ഇടിഞ്ഞതിനെ തുടര്‍ന്ന് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ ഇന്നും നഷ്ടത്തിലായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ അഞ്ച് ശതമാനത്തോളം ഓഹരി ഇടിഞ്ഞെന്നാണ് കണക്ക്. ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ് എടുക്കാന്‍ കഴിയുന്ന പോളിസി ബസാറും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. മേഖലയിലെ ജി.എസ്.ടി പരിഷ്‌ക്കാരം, ബീമ സുഗം പോര്‍ട്ടല്‍ ലോഞ്ച് ചെയ്തത്, കമ്മിഷന്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ എന്നിവയാണ് പോളിസി ബസാറിന് തിരിച്ചടിയായത്. നൗക്രി.കോം, 99ഏക്കേര്‍സ്, ജീവന്‍ഷാദി.കോം, ശിക്ഷ എന്നീ വെബ്‌സൈറ്റുകളുടെ മാതൃകമ്പനിയായ ഇന്‍ഫോ എഡ്ജ് (ഇന്ത്യ) ലിമിറ്റഡും ഇന്ന് നഷ്ടത്തിലായി. രണ്ടാം പാദത്തിലെ ബിസിനസ് അപ്‌ഡേറ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഓഹരി ഇടിഞ്ഞത്. ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റും ഇന്ന് നഷ്ടത്തിലാണ് അവസാനിച്ചത്.
കേരള കമ്പനികള്‍ക്കും ഇന്ന് ഭേദപ്പെട്ട ദിവസമായിരുന്നു. ശതമാനക്കണക്കില്‍ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് പ്രൈമ അഗ്രോയാണ്. അബേറ്റ് എ.എസ് ഇന്‍ഡസ്ട്രീസ്, ആഡ്‌ടെക് സിസ്റ്റംസ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, കെ.എസ്.ഇ, ടി.സി.എം, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്, വെര്‍ടെക്‌സ് സെക്യുരിറ്റീസ് എന്നീ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇന്നും നേട്ടം തുടര്‍ന്നു. വിവിധ ബ്രോക്കറേജുകള്‍ ബൈ (buy) റേറ്റിംഗ് നല്‍കിയതാണ് ഓഹരികള്‍ക്ക് തുണയായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം ഓഹരി ഉയര്‍ന്നത് 6.41 ശതമാനമാണ് ഉയര്‍ന്നത്. സി.എസ്.ബി ബാങ്ക് ഓഹരികളും നേട്ടം തുടരുകയാണ്.
ലോവര്‍ സര്‍ക്യൂട്ടിലെത്തിയ പ്രൈമ ഇന്‍ഡസ്ട്രീസ്, യൂണിറോയല്‍ മറൈന്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് ഇന്ന് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, എ.വി.റ്റി നാച്ചുറല്‍ പ്രോഡക്ട്‌സ്, കേരള ആയുര്‍വേദ, മുത്തൂറ്റ് മൈക്രോഫിന്‍, നിറ്റ ജെലാറ്റിന്‍, വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളും ഇന്ന് ചുവപ്പിലാണ് ക്ലോസ് ചെയ്തത്.
Read DhanamOnline in English
Subscribe to Dhanam Magazine