യുഎസ് ഷട്ട്ഡൗണ്‍ നീങ്ങുന്നു; വിപണികള്‍ക്ക് ഉണര്‍വ്; ഇന്ത്യന്‍ വിപണിയും ആശ്വാസത്തില്‍; സ്വര്‍ണവും ക്രൂഡ് ഓയിലും കുതിക്കുന്നു

ഇന്നു സെനറ്റും ജനപ്രതിനിധിസഭയും പണബില്ലുകള്‍ പാസാക്കുന്നതാേടെ 40 ദിവസം നീണ്ട ഭരണസ്തംഭനം മാറും
TCM, Morning Business News
Morning business newscanva
Published on

അമേരിക്കയിലെ ഭരണസ്തംഭനം മാറുന്നതു വിപണികള്‍ക്ക് ഇന്ന് ഉണര്‍വ് നല്‍കും. നിര്‍മിതബുദ്ധി (എഐ) മേഖലയിലെ ആശങ്ക തീര്‍ത്തും മാറിയിട്ടില്ല. ഏഷ്യന്‍ വിപണികളില്‍ എഐ കമ്പനി ഓഹരികള്‍ രാവിലെ അല്‍പം താഴ്ന്നു. എങ്കിലും സൂചികകള്‍ കയറ്റത്തിലാണ്.

യുഎസ് ഭരണസ്തംഭനം മാറുന്ന സാഹചര്യത്തില്‍ സ്വര്‍ണവും ക്രൂഡ് ഓയിലും കുതിക്കുകയാണ്. സ്വര്‍ണം രാവിലെ 1.3 ശതമാനം ഉയര്‍ന്ന് 4,050 ഡോളറിനു മുകളിലായി. ക്രൂഡ് ഓയില്‍ 64 ഡോളറിലേക്കു തിരിച്ചു കയറി.

അമേരിക്കന്‍ സര്‍ക്കാര്‍ സ്തംഭനം തീരുകയാണ്. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ചതോടെ ഗവണ്മെന്റിന് പണം അനുവദിക്കുന്ന ബില്ലിനു പിന്തുണ നല്‍കാന്‍ ഡെമോക്രാറ്റ് അംഗങ്ങള്‍ തയാറായി. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് സബ്‌സിഡിയും ഫുഡ് സ്റ്റാംപും തുടരാന്‍ ട്രംപ് ഭരണകൂടം സമ്മതിച്ചു. സ്തംഭനത്തിന്റ പേരില്‍ ജീവനക്കാരെ പിരിച്ചു വിടില്ലെന്നും എല്ലാവരുടെയും ശമ്പളം നല്‍കുമെന്നും ഭരണകൂടം അറിയിച്ചു. ഇന്നു സെനറ്റും ജനപ്രതിനിധിസഭയും പണബില്ലുകള്‍ പാസാക്കുന്നതോടെ 40 ദിവസം നീണ്ട ഭരണസ്തംഭനം മാറും.

ഡെറിവേറ്റീവ് വിപണിയില്‍ നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,594.00 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,580 ലേക്കു താഴ്ന്നിട്ട് തിരിച്ചു കയറി. ഇന്ത്യന്‍ വിപണി ഇന്നു വലിയ മാറ്റം ഇല്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് തളര്‍ച്ച തുടര്‍ന്നു

യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ചയും നഷ്ടത്തില്‍ അവസാനിച്ചു. നിര്‍മിതബുദ്ധി മേഖലയിലെ കമ്പനികളുടെ അമിതവിലയില്‍ വിപണി ആശങ്ക പുലര്‍ത്തുന്നു. നിര്‍മിതബുദ്ധിയില്‍ കനത്ത നിക്ഷേപം വേണ്ടി വരുന്നത് ലാഭം കുറയ്ക്കുമെന്ന ഭീതിയില്‍ റൈറ്റ്മൂവ് ഓഹരി 28 ശതമാനം വരെ ഇടിഞ്ഞു. കോംകാസ്റ്റിനു തങ്ങളുടെ ടെലിവിഷന്‍ ബിസിനസ് വില്‍ക്കാന്‍ ചര്‍ച്ച തുടങ്ങി എന്നറിയിച്ച ഐടിവിയുടെ ഓഹരി 16.6 ശതമാനം കുതിച്ചു.

നാസ്ഡാക് വീണ്ടും താഴ്ന്നു

നിര്‍മിതബുദ്ധി(എഐ) മേഖലയെപ്പറ്റി ആശങ്ക തുടരുന്നത് നാസ്ഡാക് സൂചികയെ വെള്ളിയാഴ്ച വ്യാപാരത്തിനിടെ 490 പോയിന്റ് വലിച്ചു താഴ്ത്തി. പിന്നീടു രണ്ടു ശതമാനത്തിലധികം (450 പോയിന്റ്) കയറിയാണു നാസ്ഡാക് ക്ലോസ് ചെയ്തത്. ഡൗജോണ്‍സ് സൂചികയും 400-ലേറെ പോയിന്റ് ഇടിഞ്ഞിട്ടു തിരിച്ചു കയറി ചെറിയ നേട്ടത്തില്‍ അവസാനിച്ചു. എസ് ആന്‍ഡ് പിയും ഇതേ വഴിയില്‍ നീങ്ങി നേട്ടത്തോടെ ക്ലോസ് ചെയ്തു.

മൂന്നു സൂചികകളും പ്രതിവാരനഷ്ടം രേഖപ്പെടുത്തി. നാസ്ഡാക് മൂന്നു ശതമാനം ഇടിഞ്ഞപ്പോള്‍ എസ്സ് ആന്‍ഡ് പി 1.6ഉം ഡൗ 1.2ഉം ശതമാനം താഴ്ന്നു.

വിപണി തിരുത്തലിലേക്ക്

വിപണി 10 മുതല്‍ 20 വരെ ശതമാനം തിരുത്തലിലേക്കു നീങ്ങുകയാണെന്നു വലിയ ബാങ്കുകളുടെ മേധാവികള്‍ കഴിഞ്ഞ വാരം മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ നിക്ഷേപകര്‍ അതു കാര്യമായി എടുത്തിട്ടില്ലെന്നാണു വെള്ളിയാഴ്ച വിപണി കാണിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ വലിയ താഴ്ചയിലേക്കു പോയ ഓഹരികള്‍ പിന്നീടു തിരിച്ചുകയറി. താഴ്ചയില്‍ വാങ്ങുക എന്ന നയമാണു നിക്ഷേപകരെ നയിക്കുന്നത്. അതു പുതിയ ആഴ്ചയില്‍ കയറ്റത്തിനു വഴിതെളിക്കും എന്നാണു പ്രതീക്ഷ.

യുഎസില്‍ വലിയ തോതില്‍ പിരിച്ചു വിടീല്‍ നടക്കുന്നതായ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ട് ആശങ്കയേക്കാള്‍ പ്രത്യാശയാണു ജനിപ്പിച്ചത്. വര്‍ധിച്ച തൊഴില്‍നഷ്ടം പലിശ കുറയ്ക്കലിനു വഴി തെളിക്കും എന്നതാണു കാരണം. അതേസമയം വര്‍ധിച്ച തൊഴില്‍നഷ്ടം മാന്ദ്യത്തിലേക്കു നീങ്ങുന്നതിന്റെ മുന്നറിയിപ്പാണെന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. മാന്ദ്യഭീതി വളര്‍ന്നാല്‍ വിപണി വീണ്ടും ഇടിയും.

ഡൗ ജോണ്‍സ് സൂചിക വെള്ളിയാഴ്ച 74.80 പോയിന്റ് (0.16%) ഉയര്‍ന്ന് 46,987.10 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 8.48 പോയിന്റ് (0.13%) നേട്ടത്തോടെ 6728.80 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 49.46 പോയിന്റ് (0.22%) താഴ്ന്ന് 23,004.54 ല്‍ ക്ലോസ് ചെയ്തു.

സര്‍ക്കാര്‍ സ്തംഭനം നീങ്ങുന്ന പ്രതീക്ഷയില്‍ യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു നല്ല കയറ്റത്തിലാണ്. ഡൗ 0.28 ഉം എസ് ആന്‍ഡ് പി 0.55 ഉം നാസ്ഡാക് 0.88 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.

ഏഷ്യന്‍ വിപണികള്‍ കയറ്റത്തില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലായി. അമേരിക്കയിലെ സര്‍ക്കാര്‍ സ്തംഭനം അവസാനിക്കുന്നതാണു പ്രധാന കാരണം. നിര്‍മിതബുദ്ധി മേഖലയെ സംബന്ധിച്ച ആശങ്ക വിട്ടു മാറുന്നില്ല

കഴിഞ്ഞ ദിവസങ്ങളില്‍ വന്നചൈനീസ് സാമ്പത്തിക സൂചകങ്ങള്‍ ഭിന്ന ദിശകളിലാണെങ്കിലും വളര്‍ച്ചയെപ്പറ്റി പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്. ചില്ലറ വിലക്കയറ്റം ഒക്ടോബറില്‍ 0.2 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം മിക്ക മാസങ്ങളിലും വിലയിടിവ് കാണിച്ച ശേഷമാണ് അപ്രതീക്ഷിതമായ ഈ കയറ്റം. മൊത്തവില സൂചിക 36 -ാമത്തെ മാസവും ചുരുങ്ങി. എന്നാല്‍ ചുരുങ്ങലിന്റെ തോത് കുറഞ്ഞിട്ടുണ്ട്. ഒക്ടോബറില്‍ ചൈനയുടെ കയറ്റുമതി 25 ശതമാനം ഇടിഞ്ഞു. ഫാക്ടറി ഉല്‍പാദന സൂചികയും കഴിഞ്ഞ മാസം കുറഞ്ഞു. അമേരിക്കയുമായി ധാരണ ഉണ്ടായതും ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുള്ള ചുങ്കം 47 ശതമാനമായി കുറഞ്ഞതും വരും മാസങ്ങളില്‍ കയറ്റുമതി വര്‍ധിപ്പിക്കാം.

ദക്ഷിണ കൊറിയന്‍ കോസ്പി സൂചിക രാവിലെ 0.80 ശതമാനം ഉയര്‍ന്നു. ജപ്പാനില്‍ നിക്കൈ ഒരു ശതമാനം വരെ കയറി. ഹോങ് കോങ് സൂചിക 0.35 ഉം ചൈനീസ് സൂചിക 0.20 ഉം ശതമാനം ഉയര്‍ന്നു.

ഇന്ത്യന്‍ വിപണിയില്‍ തിരിച്ചുകയറ്റം

വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി നേട്ടത്തില്‍ ആരംഭിച്ച് താഴോട്ടു പോയെങ്കിലും മികച്ച തിരിച്ചു കയറ്റം നടത്തി. താഴ്ചയില്‍ നിന്നു സെന്‍സെക്‌സ് 536 പോയിന്റും നിഫ്റ്റി 174 ഉം പോയിന്റ് കയറി നാമമാത്ര നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ആഴ്ചയില്‍ ഒരു ശതമാനത്തോളം നഷ്ടത്തിലാണ് മുഖ്യസൂചികകള്‍ അവസാനിച്ചത്. വെള്ളിയാഴ്ച വിദേശനിക്ഷേപകര്‍ വലിയ വാങ്ങലുകാരായി മാറിയതു വിപണിയുടെ തിരിച്ചുകയറ്റത്തിനു വലിയ കാരണമായി. എന്നാല്‍ അവര്‍ കഴിഞ്ഞ ആഴ്ച 141 കോടി ഡോളര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നു പിന്‍വലിച്ചു. അവര്‍ വീണ്ടും നിക്ഷേപകരായി മാറിയാലേ വിപണി മുന്നേറ്റത്തിലാകൂ.

വെള്ളിയാഴ്ച മെറ്റല്‍, ബാങ്ക്, ധനകാര്യ, വാഹന ഓഹരികള്‍ ഗണ്യമായി ഉയര്‍ന്നു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, ഐടി, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ എന്നിവ താഴ്ന്നു.

വെള്ളിയാഴ്ച നിഫ്റ്റി 17.40 പോയിന്റ് (0.07%) താഴ്ന്ന് 25,492.30 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 94.73 പോയിന്റ് (0.11%) കുറഞ്ഞ് 83,216.28 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 322.55 പോയിന്റ് (0.56%) നേട്ടത്തോടെ 57,876.80 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 374.55 പോയിന്റ് (0.63%) ഉയര്‍ന്ന് 59,843.15 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 29.05 പോയിന്റ് (0.16%) താഴ്ന്ന് 18,075.95 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിനൊപ്പം തുടര്‍ന്നു. എങ്കിലും അകലം കുറഞ്ഞു. ബിഎസ്ഇയില്‍ 2016 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 257 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1583 എണ്ണം. താഴ്ന്നത് 15 12 ഓഹരികള്‍.

എന്‍എസ്ഇയില്‍ 54 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 172 എണ്ണമാണ്. അഞ്ച് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 81 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച വലിയ വാങ്ങലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 4581.34 കാേടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകള്‍ 6674.77 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

വെള്ളിയാഴ്ച 25,500 നു തൊട്ടു താഴെ ക്ലോസ് ചെയ്ത നിഫ്റ്റി ഇനിയും താഴ്ന്നാല്‍ 25,300 ലാണു പിന്തുണ കിട്ടുക. 50 ദിവസ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിംഗ് ആവരേജ് ആണ് അവിടെ. അതിനു മുകളില്‍ തുടര്‍ന്നാല്‍ ക്രമേണ 25,650 -25,800 മേഖലയിലേക്കും പിന്നീട് 26,000 ലേക്കും കയറാം.

ഇന്നു നിഫ്റ്റിക്ക് 25,375 ലും 25,315 ലും പിന്തുണ ഉണ്ടാകും. 25,545ഉം 25,600 ഉം തടസമാകാം.

റിസല്‍ട്ടുകള്‍ ഈയാഴ്ച

ഇന്നു രണ്ടാം പാദ റിസല്‍ട്ട്: ബജാജ് ഫിനാന്‍സ്, സെല്ലോ വേള്‍ഡ്, വോഡഫോണ്‍ ഐഡിയ, ഒഎന്‍ജിസി, എമിമി, ഗ്രാഫൈറ്റ് ഇന്ത്യ, ഹഡ്‌കോ, ജിന്‍ഡല്‍ സ്റ്റെയിന്‍ലെസ്, കെഇസി ഇന്റര്‍നാഷണല്‍, സുല വിന്യാഡ്‌സ്, വീനസ് റെമഡീസ്, വി മാര്‍ട്ട് റീട്ടെയില്‍, സോളര്‍ ഇന്‍ഡസ്ട്രീസ്.

നാളെ റിസല്‍ട്ട്: ബജാജ് ഫിന്‍സെര്‍വ്, ബല്‍റാംപുര്‍ ചീനി, ഭാരത് ഫോര്‍ജ്, ബിക്കാജി, സേറ സാനിട്ടറി, കോണ്‍കോര്‍, ധാംപുര്‍ ഷുഗര്‍, ഇസാഫ്, ഫിനോലെക്‌സ് കേബിള്‍സ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്, ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ്, ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്‌സ്, ജിഎസ്എഫ്‌സി, എച്ച് ടി മീഡിയ, ജൂപ്പിറ്റര്‍ വാഗണ്‍സ്, പിസി ജ്വല്ലേഴ്‌സ്, ആര്‍വിഎന്‍എല്‍, ടാറ്റാ പവര്‍ ടെക്‌സ്മാകോ റെയില്‍, തെര്‍മാക്‌സ്.

ബുധനാഴ്ച റിസല്‍ട്ട്: അശോക് ലെയ്‌ലന്‍ഡ്, ഏഷ്യന്‍ പെയിന്റ്‌സ്, കാംപസ് ആക്ടീവ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഡാറ്റാ പാറ്റേണ്‍സ്, ജിഎന്‍എഫ്‌സി, എച്ച്എഎല്‍, ഹോനസ കണ്‍സ്യൂമര്‍, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഇര്‍കോണ്‍, ഐആര്‍എഫ്‌സി, ജ്യോതി ലാബ്‌സ്, ലെമണ്‍ ട്രീ, നാസറ ടെക്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ഷാലിമാര്‍ പെയിന്റ്‌സ്, ടാറ്റാ സ്റ്റീല്‍, വെല്‍സ്പണ്‍ ലിവിംഗ്.

വ്യാഴാഴ്ച റിസല്‍ട്ട്: ആഥര്‍ ഇന്‍ഡ്, ആല്‍കെം ലാബ്‌സ്, അപ്പോളോ ടയേഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാന്യൂള്‍സ് ഇന്ത്യ, ഹീറോ മോട്ടോ കോര്‍പ്, ഇപ്കാ ലാബ്, ജൂബിലന്റ് ഫുഡ്, എല്‍ജി ഇലക്ട്രോണിക്‌സ്, സംവര്‍ധന മദര്‍സണ്‍, മുത്തൂറ്റ് ഫിനാന്‍സ്, എന്‍എസ്ഡിഎല്‍, പരസ് ഡിഫന്‍സ്, ശില്‍പ മെഡി, സൊനാറ്റ, ടിറ്റാഗഢ് റെയില്‍, വോള്‍ട്ടാസ്, വിശാല്‍ മെഗാ മാര്‍ട്ട്.

വെള്ളിയാഴ്ച റിസല്‍ട്ട്: അശോകാ ബില്‍ഡ് കോണ്‍, ഗ്ലെന്‍ മാര്‍ക്ക്, മാരികോ, എംആര്‍എഫ്, നാറ്റ്‌കോ ഫാര്‍മ, നാരായണ ഹെല്‍ത്ത്, ഓയില്‍ ഇന്ത്യ, ആര്‍സിഎഫ്, സണ്‍ ടിവി, വി2 റീട്ടെയില്‍.

കമ്പനികള്‍, വാര്‍ത്തകള്‍

ഹാവല്‍സ് ഇന്ത്യയും എച്ച്പിഎല്‍ ഗ്രൂപ്പും തമ്മില്‍ ഹാവല്‍സ് എന്ന പേരിനെ ചൊല്ലി നടന്ന പോര് അവസാനിച്ചു. ഹാവല്‍സ് 129.6 കോടി രൂപ എച്ച്പിഎല്‍ ഗ്രൂപ്പിനു നല്‍കി പേര് നിലനിര്‍ത്തും.

പെട്രോനെറ്റ് എല്‍എന്‍ജിക്കു രണ്ടാം പാദത്തില്‍ വരുമാനം 7.3 ശതമാനവും അറ്റാദായം 5.3 ശതമാനവും കുറഞ്ഞു.

ഫോഴ്‌സ് മോട്ടോഴ്‌സിനു വിറ്റുവരവ് 7.2% കൂടിയപ്പോള്‍ പ്രവര്‍ത്തനലാഭം 28.3 ശതമാനം ആയി ഉയര്‍ന്നു. ലാഭമാര്‍ജിന്‍ 17.4 ശതമാനം ആയി. അറ്റാദായം 135 കോടിയില്‍ നിന്ന് 350.6 കോടി രൂപയായി കുതിച്ചു.

ബജാജ് ഓട്ടോയുടെ വിറ്റുവരവ് 13.7% കൂടിയപ്പോള്‍ പ്രവര്‍ത്തനലാഭം 15% ഉയര്‍ന്നു. അറ്റാദായം 23.6% കയറി 2479 കോടി രൂപയായി.

ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വിറ്റുവരവ് 7.7% താണപ്പോള്‍ പ്രവര്‍ത്തനലാഭം 23.7% ഇടിഞ്ഞു. ലാഭമാര്‍ജിന്‍ 36.7% ല്‍ നിന്നു 30.3% ആയി താഴ്ന്നു. അറ്റാദായം 35% ഇടിഞ്ഞ് 189 കോടി ആയി.

അലൂമിനിയം വില കുതിച്ചു കയറിയതിനെ തുടര്‍ന്നു നാല്‍കോയുടെ രണ്ടാം പാദ വരുമാനം 31.5 ഉം പ്രവര്‍ത്തനലാഭം 24.8 ഉം ശതമാനം വര്‍ധിച്ചു. അറ്റാദായം 36.7% കുതിച്ചു.

ടൊറന്റ് ഫാര്‍മ വരുമാനം 14.3% കൂട്ടിയപ്പോള്‍ പ്രവര്‍ത്തനലാഭം 15.3 ഉം അറ്റാദായം 30.4 ഉം ശതമാനം ഉയര്‍ത്തി. 32.3 ശതമാനം ഉണ്ട് ലാഭ മാര്‍ജിന്‍.

ടാറ്റാ ഗ്രൂപ്പിലെ റീട്ടെയില്‍ കമ്പനി ട്രെന്റ് ലിമിറ്റഡ് വിറ്റുവരവ് 15.9% കൂടിയപ്പോള്‍ പ്രവര്‍ത്തനലാഭം 26.5% വര്‍ധിപ്പിച്ചു. അറ്റാദായം 11.3 ശതമാനം ഉയര്‍ന്നു.

കല്യാണ്‍ ജ്വല്ലേഴ്‌സ് വിറ്റുവരവ് 37.4% വര്‍ധിച്ച് 7856 കോടി രൂപയില്‍ എത്തി. പ്രവര്‍ത്തനലാഭം 55.8% കൂടി. അറ്റാദായം 99.5% വര്‍ധിച്ച് 260 കോടി രൂപയായി.

നൈകാ രണ്ടാം പാദത്തില്‍ വരുമാനം 25.1% വും പ്രവര്‍ത്തന ലാഭം 53% വും വര്‍ധിപ്പിച്ചു. അറ്റാദായ വര്‍ധന 34.4 ശതമാനം.

കര്‍ണാടക ബാങ്കിന്റെ അറ്റ പലിശ വരുമാനം 12.6 ശതമാനം കുറഞ്ഞപ്പോള്‍ അറ്റാദായം 5.1 ശതമാനം താഴ്ന്നു. നിഷ്‌ക്രിയ ആസ്തി അനുപാതം കുറഞ്ഞു.

റിയല്‍റ്റി കമ്പനിയായ അനന്ത് രാജിന്റെ വിറ്റു വരവ് 23% വര്‍ധിച്ചപ്പോള്‍ അറ്റാദായം 30.8% കുതിച്ചു.

പുറവങ്കര ലിമിറ്റഡ് വരവ് 29.9 ശതമാനം ഉയര്‍ത്തിയപ്പോള്‍ അറ്റനഷ്ടം 16.78 കോടി രൂപയില്‍ നിന്ന് 41.79 കോടിയായി വര്‍ധിച്ചു. പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 22.7% ല്‍ നിന്ന് 16.2% ആയി താണു. പ്രവര്‍ത്തനലാഭം 7.3% കുറഞ്ഞു.

സ്വര്‍ണം കുതിച്ചു

വെള്ളിയാഴ്ച ഔണ്‍സിന് 4027.90 ഡോളര്‍ വരെ കയറിയ സ്വര്‍ണവില 4000 ഡോളറിനു തൊട്ടുമുകളില്‍ അവസാനിച്ചു. തലേ ആഴ്ചയിലെ ക്ലോസിംഗില്‍ നിന്നു നാമമാത്ര കുറവിലാണ് (ഔണ്‍സിന് 4001.76 ഡോളര്‍) വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചത്. ഇന്നു രാവിലെ സ്വര്‍ണം ഉയര്‍ന്നു 4052 ഡോളറില്‍ എത്തി. യുഎസ് സര്‍ക്കാര്‍ സ്തംഭനം തീരുന്നതിന്റെ പേരിലാണു സ്വര്‍ണവില ഇന്നു രാവിലെ കുതിക്കുന്നത്.

വോള്‍സ്ട്രീറ്റ് അനാലിസ്റ്റുകള്‍ക്കിടയിലെ അഭിപ്രായ സര്‍വേയില്‍ 59 ശതമാനം പേര്‍ ഈയാഴ്ച വില കാര്യമായ മാറ്റമില്ലാതെ തുടരും എന്ന് അഭിപ്രായപ്പെട്ടു. 32 ശതമാനം പേര്‍ വില കൂടുമെന്നും ഒന്‍പതു ശതമാനം വില കുറയുമെന്നും കരുതുന്നു.

മിക്ക അനാലിസ്റ്റുകളും ഡിസംബര്‍ അവസാനം സ്വര്‍ണം 4200 ഡോളറില്‍ എത്തും എന്ന അഭിപ്രായക്കാരാണ്. എന്നാല്‍ ഈയാഴ്ച 3950 നു താഴേക്കു വില നീങ്ങിയാല്‍ 3900- 3800 ഡോളര്‍ മേഖല വരെ എത്താം എന്നു മറ്റു പലരും കരുതുന്നു.

സ്വര്‍ണം അവധിവില 4040 ഡോളറിനു മുകളിലാണ്.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില വെള്ളിയാഴ്ച 400 രൂപ കുറഞ്ഞ് 89,480 രൂപയില്‍ എത്തി. ശനിയാഴ്ചയും ആ വില തുടര്‍ന്നു.

വെള്ളിയുടെ സ്‌പോട്ട് വില 48.23 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 49.33 ഡോളര്‍ ആയി. അവധിവില ഇന്നു 49.15 ലേക്കു കയറി.

പ്ലാറ്റിനം 1562 ഡോളര്‍, പല്ലാഡിയം 1385 ഡോളര്‍, റോഡിയം 7825 ഡോളര്‍ എന്നിങ്ങനെയാണു വില.

ലോഹങ്ങള്‍ പല ദിശയില്‍

വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ചയും ഭിന്നദിശകളിലായി. ചെമ്പ് 0.03 ശതമാനം താഴ്ന്നു ടണ്ണിന് 10,720.00 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.26 ശതമാനം കയറി 2851.77 ഡോളറില്‍ എത്തി. സിങ്കും ടിന്നും ലെഡും ഉയര്‍ന്നപ്പോള്‍ നിക്കല്‍ താഴ്ന്നു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.77 ശതമാനം കൂടി കിലോഗ്രാമിന് 169.50 സെന്റില്‍ എത്തി. കൊക്കോ 2.78 ശതമാനം താഴ്ന്ന് ടണ്ണിന് 6013.00 ഡോളറില്‍ എത്തി. കാപ്പി 3.69 ശതമാനം കയറി. തേയില വില 2.4 ശതമാനം ഉയര്‍ന്നു. പാം ഓയില്‍ വില 0.94 ശതമാനം താഴ്ന്നു.

ഡോളര്‍ സൂചിക താഴ്ചയില്‍

ഡോളര്‍ സൂചിക വെള്ളിയാഴ്ച താഴ്ന്ന് 99.60 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.68 ലേക്കു കയറി.

കറന്‍സി വിപണിയില്‍ ഡോളര്‍ ദുര്‍ബലമായി. യൂറോ 1.1557 ഡോളറിലേക്കും പൗണ്ട് 1.3154 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 153.80 യെന്‍ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം ഇന്ന് 4.125 ശതമാനം വരെ കയറി.

വ്യാഴാഴ്ച ഡോളര്‍ അഞ്ചു പൈസ ഉയര്‍ന്ന് 88.66 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെടല്‍ തുടരുന്നുണ്ട്.

ചൈനയുടെ കറന്‍സി ഡോളറിന് 7.12 യുവാന്‍ എന്ന നിലയില്‍ തുടര്‍ന്നു.

ക്രൂഡ് ഓയില്‍ കയറി

ക്രൂഡ് ഓയില്‍ വില ചെറിയ കയറ്റിറക്കങ്ങള്‍ക്കു ശേഷം കാര്യമായ മാറ്റമില്ലാതെ ക്ലോസ് ചെയ്തു. ബ്രെന്റ് ഇനം വെള്ളിയാഴ്ച വീപ്പയ്ക്ക് 63.63 ഡോളറില്‍ ക്ലാേസ് ചെയ്തു. യുഎസ് ഭരണസ്തംഭനം നീങ്ങുന്ന വാര്‍ത്ത വന്നതോടെ വില ഉയര്‍ന്നു. ബ്രെന്റ് ഇന്നു രാവിലെ 64.09 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ ഇനം 60.22 ഡോളറിലും മര്‍ബന്‍ ക്രൂഡ് 66.21 ഡോളറിലും ആണ്. പ്രകൃതിവാതക വില മൂന്നുശതമാനം കൂടി 4.46 ഡോളര്‍ ആയി.

ക്രിപ്‌റ്റോകള്‍ ഉയരുന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ വെള്ളിയാഴ്ച താഴ്ന്നിട്ട് വാരാന്ത്യത്തില്‍ ഉയര്‍ന്നു. ചില വലിയ ക്രിപ്‌റ്റോ നിക്ഷേപകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പനക്കാരായി മാറിയിരുന്നു. യുഎസ് ഭരണസ്തംഭനം മാറുന്നതു രാവിലെ ക്രിപ്‌റ്റോകളെ ഉയര്‍ത്തി.

ബിറ്റ് കോയിന്‍ ഇന്നു രാവിലെ 1,06,300 ഡോളറിലാണ്. ഈഥര്‍ 3640 നു തൊട്ടടുത്തു നില്‍ക്കുന്നു. സൊലാന 167 ഡോളറിലേക്കു കയറി.

വിപണിസൂചനകള്‍

(2025 നവംബര്‍ 07, വെള്ളി)

സെന്‍സെക്‌സ്30 83,216.28 -0.11%

നിഫ്റ്റി50 25,492.30 -0.07%

ബാങ്ക് നിഫ്റ്റി 57,876.80 +0.56%

മിഡ് ക്യാപ്100 59,843.15 +0.63%

സ്‌മോള്‍ക്യാപ്100 18,075.95 -0.16%

ഡൗജോണ്‍സ് 46,987.10 +0.16%

എസ്ആന്‍ഡ്പി 6728.80 +0.13%

നാസ്ഡാക് 23,004.54 -0.22%

ഡോളര്‍($) ₹88.66 +₹0.05

സ്വര്‍ണം(ഔണ്‍സ്)$4001.60 +$23.40

സ്വര്‍ണം(പവന്‍) ₹89,480 -₹400

ക്രൂഡ്(ബ്രെന്റ്)ഓയില്‍$63.63 +$0.01

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com