മോദി-ട്രംപ് ഫോണ്‍ വിളിയില്‍ വിപണിക്ക് പ്രതീക്ഷ, രണ്ടാം ദിനത്തിലും പച്ചതൊട്ട് സൂചികകള്‍, അടുത്ത ദിവസങ്ങളില്‍ കാത്തിരിക്കുന്നതെന്ത്?

കമ്പനികളുടെ വിപണിമൂല്യം 460 ലക്ഷം കോടി രൂപയില്‍ നിന്ന് 462 ലക്ഷം കോടി രൂപയിലെത്തി. ഇന്ന് മാത്രം നിക്ഷേപകര്‍ക്ക് അധികമായി ലഭിച്ചത് രണ്ട് ലക്ഷം കോടി രൂപ
മോദി-ട്രംപ് ഫോണ്‍ വിളിയില്‍ വിപണിക്ക് പ്രതീക്ഷ, രണ്ടാം ദിനത്തിലും പച്ചതൊട്ട് സൂചികകള്‍, അടുത്ത ദിവസങ്ങളില്‍ കാത്തിരിക്കുന്നതെന്ത്?
Published on

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോള വിപണി സാഹചര്യങ്ങള്‍ സമ്മിശ്രമായിരുന്നെങ്കിലും എല്ലാ മേഖലയിലും വാങ്ങല്‍ ശക്തമായിരുന്നു. മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 328.72 പോയിന്റുകള്‍ നേട്ടത്തില്‍ 82,500.82ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 103.55 പോയിന്റുകള്‍ ഉയര്‍ന്ന് 25,285.35ലുമെത്തി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 460 ലക്ഷം കോടി രൂപയില്‍ നിന്ന് 462 ലക്ഷം കോടി രൂപയിലെത്തി. ഇന്ന് മാത്രം നിക്ഷേപകര്‍ക്ക് അധികമായി ലഭിച്ചത് രണ്ട് ലക്ഷം കോടി രൂപയെന്നും കണക്കുകള്‍ പറയുന്നു.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.46 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.74 ശതമാനവും ഉയര്‍ന്നു. സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി ഐ.ടി, നിഫ്റ്റി മെറ്റല്‍ സൂചികകള്‍ ഒഴികെ ഉള്ളവയെല്ലാം നേട്ടത്തിലായി. നിഫ്റ്റി പി.എസ്.യു ബാങ്ക്, റിയല്‍റ്റി, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടത്തിലായി. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്ടറുകളിലും ഇന്ന് പച്ചതെളിഞ്ഞു.

കുതിപ്പിന് കാരണം

ഇന്ത്യയും യു.എസുമായുള്ള വ്യാപാര കരാര്‍ ഉടനുണ്ടാകുമെന്ന സൂചനകളാണ് ഇന്ന് വിപണിക്ക് അനുകൂലമായത്. ഗസയില്‍ സമാധാന കരാറുണ്ടാക്കാന്‍ പരിശ്രമിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ചിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചയുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യ-യു.എസ് വ്യാപാര ചര്‍ച്ചകള്‍ തുടരുകയാണെന്ന് കേന്ദ്രവ്യവസായ മന്ത്രി പിയൂഷ് ഗോയലും പ്രതികരിച്ചിരുന്നു. അടുത്ത മാസത്തിനുള്ളില്‍ വിഷയത്തില്‍ തീരുമാനമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിന് പുറമെ വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായതും വിപണിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. നിലവിലെ സൂചനകള്‍ പോസിറ്റീവാണെന്നും വിപണിക്ക് ഇനിയും ഉയരാനുള്ള കരുത്തുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ വിപണിയിലുണ്ടാകുന്ന ഇടിവ് ദീര്‍ഘകാല നിക്ഷേപകര്‍ അവസരമാക്കണമെന്നും ഇവര്‍ പറയുന്നു.

ലാഭവും നഷ്ടവും

അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഒരു ഗിഗാവാട്ടിന്റെ എ.ഐ ഡാറ്റ സെന്റര്‍ നിര്‍മിക്കുമെന്ന ടി.സി.എസിന്റെ പ്രഖ്യാപനമാണ് ടാറ്റ കമ്യൂണിക്കേഷന്‍ ഓഹരികള്‍ക്ക് തുണയായത്. ടി.സി.എസിന്റെ പ്ലാനില്‍ ടാറ്റ കമ്യൂണിക്കേഷന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ജപ്പാനിലെ സുമിമോട്ടോ മിറ്റ്‌സുയിയുടെ ഓഹരി വാങ്ങല്‍, മികച്ച റേറ്റിംഗ്, രണ്ടാം പാദഫലങ്ങള്‍ എന്നീ ഘടകങ്ങള്‍ ഇന്ന് യെസ് ബാങ്ക് ഓഹരികള്‍ക്കും അനുകൂലമായി. യു.എസ് സെനറ്റ് ബയോസെക്യൂര്‍ ആക്ട് പാസാക്കിയതോടെ ഇന്ന് ഫാര്‍മ മേഖലയിലെ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. ഡിവിസ് ലബോറട്ടറീസ് ഓഹരികള്‍ ഇന്ന് ആറ് ശതമാനമാണ് ഉയര്‍ന്നത്. സിപ്‌ളയും ഇന്ന് മികച്ച നേട്ടത്തിലായിരുന്നു. ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന പ്രതീക്ഷ വോള്‍ട്ടാസ് ഓഹരികളെയും നേട്ടക്കണക്കില്‍ മുന്നിലെത്തിച്ചു.

രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവന്നത് ഐ.ടി കമ്പനിയായ ടാറ്റ എല്‍ക്‌സിയുടെ ഓഹരി വില ഇടിച്ചു. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ മൊത്തലാഭം, വരുമാനം എന്നിവ ഇടിഞ്ഞിരുന്നു. കമ്പനിയുടെ ഭാവി പ്രകടനത്തില്‍ അനലിസ്റ്റുകള്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാവിലെ സ്വര്‍ണവില ഇടിഞ്ഞതാണ് സ്വര്‍ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ക്ക് തിരിച്ചടിയായത്. ഹിന്ദുസ്ഥാന്‍ സിങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, നാഷണല്‍ അലൂമിനിയം എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് ഇടിവിലായിരുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്കിന് റെക്കോഡ്‌

ശതമാനക്കണക്കില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കേരള കമ്പനി സൗത്ത് ഇന്ത്യന്‍ ബാങ്കാണ്. 10.25 ശതമാനമാണ് ഇന്ന് ബാങ്കിന്റെ ഓഹരികള്‍ കുതിച്ചത്. ബ്രോക്കറേജുകള്‍ മികച്ച റേറ്റിംഗ് നല്‍കിയതാണ് ഓഹരികള്‍ക്ക് തുണയായത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 6.86 ശതമാനവും ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ 5.74 ശതമാനവും നേട്ടമുണ്ടാക്കി. അബേറ്റ് എ.എസ് ഇന്‍ഡസ്ട്രീസ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കിംഗ്‌സ് ഇന്‍ഫ്ര, മുത്തൂറ്റ് മൈക്രോഫിന്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, പി.ടി.എല്‍ എന്റര്‍പ്രൈസസ്, ടോളിന്‍സ് ടയേഴ്‌സ് എന്നീ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

നഷ്ടത്തിന്റെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ ഇടിഞ്ഞത് ടി.സി.എം ഓഹരികളാണെന്നും കാണാം. വെര്‍ടെക്‌സ് സെക്യുരിറ്റീസ്, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ്, സ്‌കൂബീഡേ ഗാര്‍മെന്റസ്, പ്രൈമ ഇന്‍ഡസ്ട്രീസ്, പ്രൈമ അഗ്രോ, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, സി.എസ്.ബി ബാങ്ക്, സെല്ല സ്‌പേസ്, ആഡ്‌ടെക് സിസ്റ്റംസ് തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com