

മൂന്ന് ദിവസത്തെ നഷ്ടക്കച്ചവടത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലാഭക്കഥ. തുടക്കം പതറിയ ശേഷമാണ് പിന്നീട് തിരിച്ചുകയറ്റം. എല്ലാവിഭാഗങ്ങളിലും വാങ്ങല്‍ പ്രകടമായിരുന്നു. യു.എസ് ഫെഡ് റിസര്‍വ് പലിശ കുറച്ചതിന്റെ പശ്ചാത്തലത്തിലാണ് വിപണിയുടെ മുന്നേറ്റം.
427 പോയിന്റ് കയറിയ മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 0.51 ശതമാനം മുന്നേറ്റത്തോടെ 84,818.13 എന്ന നിലയിലെത്തി. നിഫ്റ്റിയാകട്ടെ 141 പോയിന്റ് നേട്ടത്തില്‍ 25,898.55 എന്ന നിലയിലും ക്ലോസ് ചെയ്തു. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 464 ലക്ഷം കോടി രൂപയില്‍ നിന്ന് 466.6 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഒറ്റദിവസത്തെ വ്യാപാരത്തില്‍ നിക്ഷേപകരുടെ നേട്ടം 2.6 ലക്ഷം കോടി രൂപ.
നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.97 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.81 ശതമാനവും നേട്ടമുണ്ടാക്കി. സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി മീഡിയ, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒഴികെയുള്ളവയെല്ലാം നേട്ടത്തിലായി. നിഫ്റ്റി ഓട്ടോ, മെറ്റല്‍ സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടത്തിലായി. നിഫ്റ്റി ഐ.ടി, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത് കെയര്‍ ഇന്‍ഡെക്‌സ് എന്നിവയും മികച്ച നേട്ടമുണ്ടാക്കി.
യു.എസ് ഫെഡ് പലിശ 25 ബേസിസ് പോയിന്റ് കുറച്ചതിനൊപ്പം അടുത്ത കൊല്ലം ഒരിക്കല്‍ കൂടി ഇളവുണ്ടാകുമെന്ന സൂചനയും നല്‍കിയിരുന്നു. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നായിരുന്നു പ്രതീക്ഷ. അങ്ങനെ തന്നെ വ്യാപാരം തുടങ്ങിയെങ്കിലും അല്‍പ്പനേരത്തിനുള്ളില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായി. പിന്നാലെ വിപണി ചുവപ്പിലേക്ക് നീങ്ങി. എന്നാല്‍ സ്വര്‍ണം അടക്കമുള്ള ലോഹങ്ങളുടെ വില വര്‍ധിച്ചതോടെ വില്‍പ്പന സമ്മര്‍ദ്ദം കുറയുകയും വിപണി ലാഭത്തിലേക്ക് നീങ്ങുകയുമായിരുന്നു എന്നാണ് വിലയിരുത്തല്‍. 10 വര്‍ഷ കാലാവധിയുള്ള യു.എസ് ബോണ്ടുകളില്‍ നിന്നുള്ള നേട്ടം കുറഞ്ഞതും ഓഹരി വിറ്റൊഴിക്കല്‍ കുറച്ചു.
അതേസമയം, അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് വീണ്ടും ഇടിയുന്നതും യു.എസുമായുള്ള വ്യാപാര കരാര്‍ സാധ്യമാകാത്തതും നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഡോളറിനെതിരെ 90.37 രൂപയെന്ന നിലയിലാണ് ഇന്ന് ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്.
ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലെത്തിയത് സോളാര്‍ പാനലുകളുടെ നിര്‍മാതാക്കളായ പ്രീമിയര്‍ എനര്‍ജീസ് ഓഹരികളാണ്. 52 ആഴ്ചയിലെ ഉയരത്തിലെത്തിയ വോഡഫോണ്‍ ഐഡിയ ഓഹരികളാണ് ഇന്നത്തെ താരം. അഞ്ച് ശതമാനമാണ് ഇന്ന് മാത്രം നേട്ടമുണ്ടാക്കിയത്. ഡിസംബറില്‍ മാത്രം 13 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്കായി. കഴിഞ്ഞ ഓഗസ്റ്റില്‍ 6.12 രൂപയായിരുന്നു ഓഹരികളുടെ വില. അവിടെ നിന്ന് 83 ശതമാനം നേട്ടമുണ്ടാക്കിയാണ് ഓഹരിയൊന്നിന് 11.26 രൂപയിലെത്തിയത്. ഇലക്ട്രോണിക് നിര്‍മാണ കമ്പനിയായ ഡിക്‌സണ്‍ ടെക്‌നോളജീസിനും സമാനമായ കഥയാണ് പറയാനുള്ളത്. നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച ഓഹരികള്‍ അധികം വൈകാതെ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാല്‍ അധികം വൈകാതെ ശക്തമായി തിരിച്ചുവന്ന ഓഹരികള്‍ 4.96 ശതമാനം നേട്ടത്തോടെ ഓഹരിയൊന്നിന് 12,964 രൂപയെന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ബി.എസ്.ഇ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നീ ഓഹരികളും നേട്ടക്കണക്കില്‍ മുന്നിലുണ്ട്.
പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സുപ്രീം ഇന്‍ഡസ്ട്രീസ് ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ ആദ്യമുള്ളത്. എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ആദിത്യ ബിര്‍ള ക്യാപിറ്റല്‍, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിന്‍ കോ ലിമിറ്റഡ് എന്നീ ഓഹരികളും നഷ്ടത്തിലായി.
ശതമാനക്കണക്കില്‍ ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയ കേരള കമ്പനി യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സാണ്. 9.96 ശതമാനമാണ് ഓഹരി വില കുതിച്ചത്. അബേറ്റ് എ.എസ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, കല്യാണ്‍ ജുവലേഴ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, റബ്ഫില ഇന്റര്‍നാഷണല്‍, വെര്‍ടെക്‌സ് സെക്യുരിറ്റീസ് തുടങ്ങിയ കമ്പനികളും മികച്ച നേട്ടമുണ്ടാക്കി.
ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, ആഡ്‌ടെക് സിസ്റ്റംസ്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, സെല്ല സ്‌പേസ്, പ്രൈമ അഗ്രോ, ടി.സി.എം എന്നീ ഓഹരികള്‍ വലിയ നഷ്ടത്തിലായെന്നും കണക്കുകള്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine