

വിപണികളില്‍ വീണ്ടും കാളകളുടെ കുതിപ്പ്. അമേരിക്കന്‍ ഭരണസ്തംഭനം മാറാനുളള നടപടികള്‍ മുന്നേറുന്നതിന്റെ ചുവടു പിടിച്ച് ഓഹരി വിപണികള്‍ കുതിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്ന നിര്‍മിതബുദ്ധി കമ്പനികളിലും നിക്ഷേപകര്‍ ആവേശത്തോടെ വീണ്ടും എത്തി. ഇന്നലെ യുഎസിലും യൂറോപ്പിലും ഇന്നു രാവിലെ ഏഷ്യയിലും നിര്‍മിതബുദ്ധി ഓഹരികള്‍ ഉയര്‍ന്നു. ഇന്ത്യന്‍ വിപണിയും നേട്ടത്തിനുള്ള തയാറെടുപ്പിലാണ്.
ഓഹരികളുടെ കയറ്റത്തേക്കാള്‍ വേഗത്തില്‍ സ്വര്‍ണവും വെള്ളിയും കയറുകയാണ്. 24 മണിക്കൂര്‍ കൊണ്ടു സ്വര്‍ണം മൂന്നര ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളി അഞ്ചു ശതമാനം കുതിച്ചു. ക്രൂഡ് ഓയില്‍ വില ഉയരത്തില്‍ നിന്ന് അല്‍പം താഴ്ന്നു.
ഡല്‍ഹിയിലെ ഭീകരാക്രമണം ഇന്ത്യന്‍ വിപണിയെ ഇന്നു നെഗറ്റീവ് ആയി ബാധിക്കുകയില്ല എന്നാണു വിലയിരുത്തല്‍.
ഡെറിവേറ്റീവ് വിപണിയില്‍ നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,685.00 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,730 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നു ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്പ് മുന്നേറി
യുഎസ് ഭരണസ്തംഭനം മാറുന്നതിന്റെ ആവേശത്തില്‍ യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച മികച്ച മുന്നേറ്റം നടത്തി. നിര്‍മിതബുദ്ധി മേഖലയിലെ ആശങ്ക വിപണി മാറ്റി വച്ചു. മദ്യഭീമന്‍ ഡിയാജിയോ പുതിയ സിഇഒയെ നിയമിച്ചതിനെ തുടര്‍ന്ന് 6.9 ശതമാനം വരെ കയറി. ശരീരഭാരം കുറയ്ക്കുന്ന പുതിയ ഔഷധത്തിന്റെ പരീക്ഷണം വിജയകരമായത് സ്വീഡനിലെ ഔഷധ കമ്പനി കാമുറൂസിന്റെ ഓഹരിയെ 14.6 ശതമാനം ഉയര്‍ത്തി.
യുഎസ് വിപണി കുതിച്ചു
ഭരണസ്തംഭനം മാറ്റാനുള്ള നടപടിക്രമം തുടങ്ങിയത് യുഎസ് വിപണികളെ ഇന്നലെ വലിയ കുതിപ്പിലേക്കു നയിച്ചു. സെനറ്റ് ആദ്യ നീക്കം നടത്തി. ഇനി ജനപ്രതിനിധി സഭ ബില്‍ പാസാക്കണം. ഈയാഴ്ച സഭ ചേരും എന്നാണു സൂചന. അതിനു ശേഷം സെനറ്റ് ഒന്നുകൂടി ചേര്‍ന്നു ബില്‍ പാസാക്കിയാലേ സ്തംഭനം നീങ്ങൂ.
നിര്‍മിതബുദ്ധി (എഐ) യിലെ അമിതനിക്ഷേപം, എഐ ഓഹരികളുടെ അമിതവില, വിലക്കയറ്റവും സാമ്പത്തിക മുരടിപ്പും ഒന്നിച്ചു വരുന്ന സ്റ്റാഗ്ഫ്‌ലേഷന്‍ തുടങ്ങിയ വിഷയങ്ങളിലെ ആശങ്കകള്‍ക്കു വിപണി ഇന്നലെ അവധി നല്‍കി. എഐ കമ്പനികള്‍ ഇന്നലെ കുതിച്ചു. എന്‍വിഡിയ 5.8 ശതമാനം കയറി.
ഡൗ ജോണ്‍സ് സൂചിക തിങ്കളാഴ്ച 381.53 പോയിന്റ് (0.81%) ഉയര്‍ന്ന് 47,368.63 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 103.63 പോയിന്റ് (1.54%) നേട്ടത്തോടെ 6832. 43 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 522.64 പോയിന്റ് (2.27%) കുതിച്ച് 23,527.17 ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.05 ഉം എസ് ആന്‍ഡ് പി 0.08 ഉം നാസ്ഡാക് 0.11 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നും കയറ്റത്തിലാണ്. അമേരിക്കയിലെ സര്‍ക്കാര്‍ സ്തംഭനം മാറുന്നതും നിര്‍മിതബുദ്ധി മേഖലയിലേക്കു നിക്ഷേപകര്‍ വീണ്ടും താല്‍പര്യം എടുക്കുന്നതുമാണു കാരണം.
ഇന്നലെ രണ്ടര ശതമാനം കുതിച്ച ദക്ഷിണ കൊറിയന്‍ കോസ്പി സൂചിക ഇന്നു രാവിലെ രണ്ടു ശതമാനം കൂടി ഉയര്‍ന്നു. ജപ്പാനില്‍ നിക്കൈ ഒരു ശതമാനം വരെ കയറി. ഹോങ് കോങ് സൂചിക തുടക്കത്തില്‍ 0.40 ഉം ചൈനീസ് സൂചിക 0.10 ഉം ശതമാനം ഉയര്‍ന്നു.
തിങ്കളാഴ്ച ഇന്ത്യന്‍ വിപണി ആഗോള ആവേശത്തോടു ചേര്‍ന്നു നീങ്ങാന്‍ ശ്രമിച്ചെങ്കിലും വിദേശനിക്ഷേപകരുടെ വലിയ വില്‍പനസമ്മര്‍ദത്തില്‍ നേട്ടം മിതമായി ചുരുങ്ങി. ദിവസത്തിലെ ഉയരത്തില്‍ നിന്നു സെന്‍സെക്‌സ് 219 ഉം നിഫ്റ്റി 79 ഉം പോയിന്റ് താഴ്ന്നാണു ക്ലോസ് ചെയ്തത്. 25,653 വരെ കയറിയ നിഫ്റ്റിക്ക് 25,600 നു താഴെ വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നു.
ഐടി, മെറ്റല്‍, ഫാര്‍മ എന്നിവയാണ് ഇന്നലെ വിപണിയെ ഉയര്‍ത്തിയത്. മീഡിയ, റിയല്‍റ്റി, എഫ്എംസിജി എന്നിവ താഴ്ന്നു.
തിങ്കളാഴ്ച നിഫ്റ്റി 82.05 പോയിന്റ് (0.32%) ഉയര്‍ന്ന് 25,574.35 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 319.07 പോയിന്റ് (0.38%) ഉയര്‍ന്ന് 83,535.35 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 60.75 പോയിന്റ് (0.10%) നേട്ടത്തോടെ 57,937.55 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 281.10 പോയിന്റ് (0.47%) ഉയര്‍ന്ന് 60,124. 25 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 62.65 പോയിന്റ് (0.35%) താഴ്ന്ന് 18,138.60 ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിനൊപ്പം തുടര്‍ന്നു. ബിഎസ്ഇയില്‍ 1918 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2423 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1496 എണ്ണം. താഴ്ന്നത് 1629 ഓഹരികള്‍.
എന്‍എസ്ഇയില്‍ 109 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 163 എണ്ണമാണ്. അഞ്ച് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ മൂന്നെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച വലിയ വില്‍പനക്കാരായി. അവര്‍ ക്യാഷ് വിപണിയില്‍ 4114.85 കാേടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 5805.26 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വിപണി വീണ്ടും മുന്നേറ്റവഴിയില്‍ ആയെങ്കിലും വിദേശികള്‍ വില്‍പന സമ്മര്‍ദം തുടര്‍ന്നാല്‍ ദിശമാറാം. ഇന്നു കയറുന്ന പക്ഷം വരും ദിവസങ്ങളില്‍ 25,700- 25,800 മേഖലയിലേക്കു നീങ്ങാന്‍ നിഫ്റ്റി ശ്രമിക്കും. ഇന്നു നിഫ്റ്റിക്ക് 25,515 ലും 25,485 ലും പിന്തുണ ഉണ്ടാകും. 25,645ഉം 25,675 ഉം തടസമാകാം.
ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസില്‍ വലിയ മാറ്റം. എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍, എംഡി, സിഇഒ എന്നീ പദവികള്‍ വഹിച്ചിരുന്ന വരുണ്‍ ബെറി രാജിവച്ചു. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് ഇന്നലെ പ്രാബല്യത്തില്‍ വരും വിധം രാജി സ്വീകരിച്ചു. ആദിത്യ ബിര്‍ലാ ഗ്രൂപ്പിന്റെ ബിര്‍ലാ ഓപ്പുസ് പെയിന്റ്‌സിന്റെ സിഇഒ സ്ഥാനത്തു നിന്നു രാജി വച്ച രക്ഷിത് ഹര്‍ഗവേയെ പകരം സിഇഒയും എംഡിയുമായി നിയമിച്ചു. ഹര്‍ഗവേ ഡിസംബറില്‍ ബ്രിട്ടാനിയയില്‍ ബെറിയുടെ കീഴിലാകും ചേരുക എന്നായിരുന്നു മുന്‍ അറിയിപ്പ്. സാഹചര്യം മാറിയതിനു കമ്പനി വിശദീകരണം നല്‍കിയിട്ടില്ല. ദീര്‍ഘകാലം എഫ്എംസിജി മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണു ഹര്‍ഗവേ. ബെറി പത്തു വര്‍ഷത്തിലേറെ ബ്രിട്ടാനിയയെ നയിച്ചു.
ഇന്നു റിസല്‍ട്ട് പ്രഖ്യാപിക്കുന്ന ചില കമ്പനികള്‍: ബജാജ് ഫിന്‍സെര്‍വ്, ബല്‍റാംപുര്‍ ചീനി, ഭാരത് ഫോര്‍ജ്, ബിക്കാജി, സേറ സാനിട്ടറി, കോണ്‍കോര്‍, ധാംപുര്‍ ഷുഗര്‍, ഇസാഫ്, ഫിനോലെക്‌സ് കേബിള്‍സ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്, ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ്, ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്‌സ്, ജിഎസ്എഫ്‌സി, എച്ച് ടി മീഡിയ, ജൂപ്പിറ്റര്‍ വാഗണ്‍സ്, പിസി ജ്വല്ലേഴ്‌സ്, ആര്‍വിഎന്‍എല്‍, ടാറ്റാ പവര്‍ ടെക്‌സ്മാകോ റെയില്‍, തെര്‍മാക്‌സ്.
ടാറ്റാ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന വിഭാഗം ഓഹരികള്‍ ടാറ്റാ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ് എന്ന പേരില്‍ ഇന്ന് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. യാത്രാവാഹന വിഭാഗം കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്തിരുന്നു.
ബജാജ് ഫിനാന്‍സ് രണ്ടാം പാദത്തില്‍ അറ്റ പലിശ വരുമാനം 22 ശതമാനം വര്‍ധിപ്പിച്ച് 10,785 കോടി രൂപയാക്കി. അറ്റാദായം 21.9% ഉയര്‍ന്ന് 4875 കോടി രൂപയായി. കമ്പനി ആസ്തി വളര്‍ച്ച പ്രതീക്ഷ 24-25 ശതമാനത്തില്‍ നിന്ന് 22-23 ശതമാനമായി കുറച്ചു.
ഹഡ്‌കോയുടെ രണ്ടാം പാദ അറ്റ പലിശ വരുമാനം 31.8% കുതിച്ച് 1050 കോടി രൂപയായി. അറ്റാദായം മൂന്നു ശതമാനം കൂടി 709.8 കോടി രൂപയായി.
വോഡഫോണ്‍ ഐഡിയ രണ്ടാം പാദത്തില്‍ നഷ്ടം 5524 കോടി രൂപയായി കുറച്ചു. 19 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നഷ്ടമാണിത്. വരുമാനം 1.6 ശതമാനം വര്‍ധിച്ച് 11,022 കോടിയായി. പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 41.9 ശതമാനമായി.
ഒഎന്‍ജിസി രണ്ടാം പാദത്തില്‍ വരുമാനം 0.9 ശതമാനം കുറഞ്ഞെങ്കിലും സംയുക്ത അറ്റാദായം 28.2 ശതമാനം വര്‍ധിപ്പിച്ച് 12,615 കോടി രൂപയാക്കി. കമ്പനി ഓഹരി ഒന്നിന് ആറു രൂപ ലാഭവീതം പ്രഖ്യാപിച്ചു.
ഭാരത് ഇലക്ട്രോണിക്‌സിന് ഒക്ടോബര്‍ 30 നു ശേഷം 792 കോടി രൂപക്കാ കരാറുകള്‍ ലഭിച്ചു. ഡ്രോണുകളും കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും അടക്കമാണു കരാറുകള്‍.
ഓണ്‍ലൈന്‍ വാഹന വിപണിയായ കാര്‍ട്രേഡ് ടെക് ഇതേ രംഗത്തെ കാര്‍ദേഖോയെ ഏറ്റെടുക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലായി.
യുഎസ് ഭരണസ്തംഭനം തീരുന്നു എന്നതിന്റെ പേരില്‍ ഉയര്‍ച്ച തുടങ്ങിയ സ്വര്‍ണം മൂന്നു ശതമാനത്തോളം കുതിച്ചു കയറി. തിരുത്തല്‍ കഴിഞ്ഞു പുതിയ ഉയരങ്ങളിലേക്കു വര്‍ധിത വീര്യത്തോടെ സ്വര്‍ണവില നീങ്ങുകയാണ് എന്ന വ്യാഖ്യാനവും ഉയര്‍ന്നു. ഒക്ടോബറിലെ റെക്കോര്‍ഡില്‍ നിന്ന് ഇപ്പോഴും ആറു ശതമാനം താഴ്ന്നാണു സ്വര്‍ണം നില്‍ക്കുന്നത്.
ഒരു വര്‍ഷം മുമ്പു ചിന്തിക്കാന്‍ പറ്റാത്ത ഉയരത്തില്‍ കഴിഞ്ഞ മാസം സ്വര്‍ണവും വെള്ളിയും എത്തി. അവിടെ നിന്നു 10 ശതമാനത്തോളം ഇടിഞ്ഞു. വീണ്ടും ആരംഭിച്ച കുതിപ്പ് സ്വര്‍ണത്തെ എവിടെ എത്തിക്കും എന്നതില്‍ വിപണിനിരീക്ഷകര്‍ ഭിന്നാഭിപ്രായത്തിലാണ്. 12 പ്രമുഖ ബാങ്കുകള്‍ ഒക്ടോബര്‍ അവസാനം പ്രവചിച്ചത് ഡിസംബര്‍ ഒടുവില്‍ വില 3290 മുതല്‍ 4000 വരെ ഡോളര്‍ ആകാം എന്നാണ്. ഔണ്‍സിന് 3400 ഡോളര്‍ ആയിരുന്നു ശരാശരി നിഗമനം. വില കൂടുതല്‍ ഇടിയും എന്ന് അവര്‍ കണക്കാക്കിയിരുന്നു. 2026-ല്‍ 4500 മുതല്‍ 5000 വരെ ഡോളര്‍ ആണു മിക്ക ബാങ്കുകളും പ്രവചിച്ചത്. ഈ പ്രവചനങ്ങള്‍ തിരുത്തേണ്ടി വരും എന്നാണ് വിലയുടെ ഗതി കാണിക്കുന്നത്.
ഇന്നലെ ഔണ്‍സിന് 115 .30 ഡോളര്‍ (2.88 ശതമാനം) ഉയര്‍ന്ന സ്വര്‍ണം 4116.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 0.60 ശതമാനം കയറി 4142 ഡോളറില്‍ എത്തി.
സ്വര്‍ണം അവധിവില 4150 ഡോളറിനു മുകളില്‍ എത്തി.
കേരളത്തില്‍ 22 കാരറ്റ് പവന്‍വില തിങ്കളാഴ്ച രണ്ടു തവണയായി 1320 രൂപ ഉയര്‍ന്ന് 90,800 രൂപയില്‍ എത്തി. വില ഇന്നും കയറും. 97,360 രൂപയാണ് കഴിഞ്ഞ മാസം എത്തിയ റെക്കോര്‍ഡ് വില.
വെള്ളിയുടെ സ്‌പോട്ട് വില നാലര ശതമാനം ഉയര്‍ന്ന് 50.56 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കൂടി 50.91 ഡോളറില്‍ എത്തി. അവധിവില ഇന്ന് 51.00 ലേക്കു കയറി.
ലണ്ടന്‍ ബുള്ളിയന്‍ വിപണിയില്‍ വെള്ളിയുടെ കമ്മി തുടരുകയാണ്. വ്യാവസായിക ആവശ്യം വര്‍ധിക്കുന്നതിനനുസരിച്ച് ലഭ്യത കൂടുന്നില്ല. പുതിയ ഖനികള്‍ കണ്ടെത്തിയിട്ടില്ല. അമേരിക്കന്‍ ജിയോളജിക്കല്‍ വിഭാഗം വെള്ളിയെ അപൂര്‍വ (Critical) മൂലകങ്ങളുടെ പട്ടികയില്‍ പെടുത്തി. ഇതെല്ലാം വെള്ളിവിലയില്‍ വലിയ മുന്നേറ്റത്തിനു വഴി തെളിക്കുന്നു.
പ്ലാറ്റിനം 1580 ഡോളര്‍, പല്ലാഡിയം 1400 ഡോളര്‍, റോഡിയം 7825 ഡോളര്‍ എന്നിങ്ങനെയാണു വില.
വ്യാവസായിക ലോഹങ്ങള്‍ തിങ്കളാഴ്ചയും കുതിച്ചു കയറി. ചെമ്പ് 0.78 ശതമാനം ഉയര്‍ന്നു ടണ്ണിന് 10,798.80 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.51 ശതമാനം കയറി 2866.44 ഡോളറില്‍ എത്തി. സിങ്കും ടിന്നും നിക്കലും ഉയര്‍ന്നപ്പോള്‍ ലെഡ് താഴ്ന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.24 ശതമാനം കൂടി കിലോഗ്രാമിന് 169.10 സെന്റില്‍ എത്തി. കൊക്കോ 1.08 ശതമാനം ഉയര്‍ന്നു ടണ്ണിന് 6078.03 ഡോളര്‍ ആയി. കാപ്പി 1.98 ശതമാനം കയറി. തേയില വില 173 ശതമാനം താഴ്ന്നു. പാം ഓയില്‍ വില 0.02 ശതമാനം കയറി.
ഡോളര്‍ സൂചിക തിങ്കളാഴ്ച കാര്യമായ വ്യത്യാസം ഇല്ലാതെ 99.59 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.72 ലേക്കു കയറി.
കറന്‍സി വിപണിയില്‍ ഡോളര്‍ അല്‍പം കരുത്തു നേടി. യൂറോ 1.1556 ഡോളറിലേക്കും പൗണ്ട് 1.3169 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 154.14 യെന്‍ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു. അവയിലെ നിക്ഷേപനേട്ടം ഇന്ന് 4.122 ശതമാനം ആയി.
തിങ്കളാഴ്ച ഡോളര്‍ നാലു പൈസ ഉയര്‍ന്ന് 88.70 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ ശക്തമായ ഇടപെടല്‍ തുടരുന്നുണ്ട്.
ചൈനയുടെ കറന്‍സി ഡോളറിന് 7.12 യുവാന്‍ എന്ന നിലയില്‍ തുടര്‍ന്നു.
ക്രൂഡ് ഓയില്‍ വില ഇന്നില കാര്യമായ മാറ്റമില്ലാതെ ക്ലോസ് ചെയ്തു. ബ്രെന്റ് ഇനം തിങ്കളാഴ്ച വീപ്പയ്ക്ക് 63.97 ഡോളറില്‍ അവസാനിച്ചു. ചെയ്തു. ഇന്നു രാവിലെ 63.85 ഡോളറിലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 59.92 ഡോളറിലും മര്‍ബന്‍ ക്രൂഡ് 66.37 ഡോളറിലും ആണ്. പ്രകൃതിവാതക വില ഒരു ശതമാനം കൂടി 4.38 ഡോളര്‍ ആയി.
ക്രിപ്‌റ്റോ കറന്‍സികള്‍ തിങ്കളാഴ്ച ഭിന്ന ദിശകളില്‍ നീങ്ങി. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 1,06,000 ഡോളറിനു താഴെയാണ്. ഈഥര്‍ 3570 നു തൊട്ടടുത്തു നില്‍ക്കുന്നു. സൊലാന 167 ഡോളറിനു മുകളില്‍ കയറി.
(2025 നവംബര്‍ 10, തിങ്കള്‍)
സെന്‍സെക്‌സ്30 83,535.35 +0.38%
നിഫ്റ്റി50 25,574.35 +0.32%
ബാങ്ക് നിഫ്റ്റി 57,937.55 +0.10%
മിഡ് ക്യാപ്100 60,124. 25 +0.47%
സ്‌മോള്‍ക്യാപ്100 18,138.60 +0.35%
ഡൗജോണ്‍സ് 47,368.63 +0.81%
എസ്ആന്‍ഡ്പി 6832. 43 +1.54%
നാസ്ഡാക് 23,527.17 +2.27%
ഡോളര്‍($) ₹88.70 +₹0.04
സ്വര്‍ണം(ഔണ്‍സ്)$4116.90 +115.30
സ്വര്‍ണം(പവന്‍) ₹90,800 +₹1320
ക്രൂഡ്(ബ്രെന്റ്)ഓയില്‍$63.97 +$0.34
Read DhanamOnline in English
Subscribe to Dhanam Magazine