യു.എസ് പലിശയില്‍ പ്രതീക്ഷ, വിപണിക്ക് ഒറ്റക്കുതിപ്പ്! നിഫ്റ്റി ഒരുമാസത്തെ ഉയര്‍ന്ന നിലയില്‍, നിക്ഷേപകരുടെ പോക്കറ്റിലെത്തിയത് 4 ലക്ഷം കോടി

മുഖ്യസൂചികയായ സെന്‍സെക്‌സ് 575 പോയിന്റുകള്‍ (0.70%) നേട്ടത്തില്‍ 82,605.43ലെത്തി. 178 പോയിന്റുകള്‍ (0.73%) കുതിച്ച നിഫ്റ്റി 25,323.55ലാണ് ക്ലോസ് ചെയ്തത്
Stock Watch summary for 15 October 2025 showing BSE Sensex at 82,605.43 (+0.70%) and Nifty 50 at 25,323.55 (+0.71%) with green bullish icons indicating market gains
Published on

എല്ലാ മേഖലകളിലും വാങ്ങല്‍ ശക്തമായതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍. ആഗോള സൂചനകള്‍ പോസിറ്റീവായതാണ് വിപണിയെ നേട്ടത്തിലെത്തിച്ചത്. നിഫ്റ്റി സൂചിക ഒരു മാസത്തെ ഉയര്‍ന്ന നിലയിലെത്തുന്നതിനും വിപണി സാക്ഷിയായി. ബാങ്കിതര ധനകാര്യ (എന്‍.ബി.എഫ്.സി) ഓഹരികള്‍ വിപണിയുടെ കുതിപ്പിന് കരുത്തേകി. രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവരാനിരിക്കെ എഫ്.എം.സി.ജി ഓഹരികളും മികച്ച നേട്ടത്തിലായിരുന്നു.

മുഖ്യസൂചികയായ സെന്‍സെക്‌സ് 575 പോയിന്റുകള്‍ (0.70%) നേട്ടത്തില്‍ 82,605.43ലെത്തി. 178 പോയിന്റുകള്‍ (0.73%) കുതിച്ച നിഫ്റ്റി 25,323.55ലാണ് ക്ലോസ് ചെയ്തത്. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 460 ലക്ഷം കോടി രൂപയില്‍ നിന്ന് 464 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതോടെ ഒറ്റ ദിവസത്തെ വ്യാപാരത്തില്‍ നിക്ഷേപകരുടെ പോക്കറ്റിലെത്തിയത് 4 ലക്ഷം കോടി രൂപയാണെന്നും കണക്കുകള്‍ പറയുന്നു.

നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.11 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.82 ശതമാനവും നേട്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി മീഡിയ ഒഴികെയുള്ളതെല്ലാം ഇന്ന് നേട്ടത്തിലായി. കൂട്ടത്തില്‍ നിഫ്റ്റി റിയല്‍റ്റി സൂചികയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 3.04 ശതമാനമാണ് റിയല്‍റ്റി കുതിച്ചത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം എത്തുമെന്ന പ്രതീക്ഷയാണ് റിയല്‍റ്റി സൂചികയില്‍ പ്രകടമായത്. കൂടാതെ രാജ്യത്തെ ഹൗസിംഗ് വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകളും തുണയായി. പി.എസ്.യു ബാങ്ക്, മെറ്റല്‍, എഫ്.എം.സി.ജി, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകളും നല്ല നേട്ടമുണ്ടാക്കി.

ഇതെങ്ങനെ കൂടി

അമേരിക്കയില്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന കടപത്രങ്ങളുടെ പലിശ നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന സൂചന ശക്തമായതോടെ ഇന്ന് മിക്ക ഓഹരി വിപണികളും നേട്ടത്തിലായിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും നേട്ടത്തിലേക്ക് മാറി. യു.എസിലെ പലിശ നിരക്ക് കുറക്കുമെന്ന തരത്തില്‍ ഫെഡ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. സാമ്പത്തിക രംഗം മികച്ചതായി തുടരുന്നുണ്ടെങ്കിലും തൊഴില്‍ വിപണി ദുര്‍ബലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഒക്ടോബറിലും ഡിസംബറിലും ഫെഡ് നിരക്ക് കുറച്ചേക്കുമെന്നും അദ്ദേഹം സൂചന നല്‍കി.

യു.എസ് ഫെഡ് ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (FOMC) ഇനി ഒക്ടോബര്‍ 28,29 തീയതികളിലും ഡിസംബര്‍ 9,10 തീയതികളിലുമാണ് യോഗം ചേരുന്നത്. രണ്ട് യോഗങ്ങളിലും 25 ബേസിസ് പോയിന്റ് വെച്ച് പലിശ നിരക്ക് കുറക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്താന്‍ സാധ്യതയുണ്ട്. ഇതിനൊപ്പം ക്രൂഡ് ഓയില്‍ വില കുറഞ്ഞതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍.

ലാഭവും നഷ്ടവും

രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐ.സി.ഐ.സി.ഐ ലമ്പാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ഓഹരികള്‍ ഇന്ന് നേട്ടക്കണക്കില്‍ മുന്നിലെത്തി. 9.18 ശതമാനം ഉയര്‍ന്ന് ഓഹരിയൊന്നിന് 2,025 രൂപയെന്ന നിലയിലാണ് വ്യാപാരം നിറുത്തിയത്. രണ്ടാം പാദ ഫലങ്ങള്‍ക്ക് പിന്നാലെ മികച്ച വളര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലാണ് ഓഹരിയെ തുണച്ചത്. ടെക്‌നോളജി കമ്പനിയായ പെര്‍സിസ്റ്റന്റ് സിസ്റ്റംസിന്റെ (Persistent systems) ഓഹരികള്‍ക്ക് കരുത്തേകിയതും രണ്ടാം പാദ ഫലമായിരുന്നു. അനലിസ്റ്റുകളുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി കമ്പനി രണ്ടാം പാദത്തിലെ വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 45 ശതമാനം വളര്‍ച്ച നേടിയിരുന്നു. ഇതിനൊപ്പം ബ്രോക്കറേജുകള്‍ ലക്ഷ്യവില ഉയര്‍ത്തിയതും ഓഹരിയെ നേട്ടത്തിലാക്കി.

കുടിശിക കേസില്‍ ഒക്ടോബര്‍ 27ന് സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെ വോഡഫോണ്‍-ഐഡിയ ഓഹരികളും ഇന്ന് നേട്ടത്തിലായി. വിപണിയില്‍ എന്‍.ബി.എഫ്.സി ഓഹരികള്‍ക്കാകെയുണ്ടായ ഉണര്‍വാണ് ബജാജ് ഫിനാന്‍സിനെ മുകളിലേക്ക് ഉയര്‍ത്തിയത്. ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് തുടങ്ങിയ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്. ജി.എസ്.ടി നിരക്ക് കുറച്ചതോടെ ഗാര്‍ഹിക ഉപഭോഗം (Household consumption) വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് എന്‍.ബി.എഫ്.സി ഓഹരികളെ സഹായിച്ചത്.

ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ പോളിസിബസാറിന്റെ മാതൃകമ്പനിയായ പി.ബി ഫിന്‍ടെക്കാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. സീമെന്‍സ് എനര്‍ജി ലിമിറ്റഡ്, എം.ആര്‍.എഫ് ലിമിറ്റഡ്, ഇന്‍ഡസ് ഇന്ത്യ ലിമിറ്റഡ്, അരവിന്ദോ ഫാര്‍മ തുടങ്ങിയ കമ്പനികളാണ് നഷ്ടത്തില്‍ മുന്നിലുള്ളത്.

കേരള കമ്പനികള്‍

ശതമാനക്കണക്കില്‍ കേരള കമ്പനികളില്‍ ഇന്നേറ്റവും നേട്ടമുണ്ടാക്കിയത് പാറ്റ്‌സ്പിന്‍ ഇന്ത്യ ഓഹരികളാണ്. 6.37 ശതമാനമാണ് ഇന്ന് ഓഹരികള്‍ ഉയര്‍ന്നത്. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, പ്രൈമ ഇന്‍ഡസ്ട്രീസ്, പ്രൈമ അഗ്രോ, കേരള ആയുര്‍വേദ, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് എന്നീ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കല്യാണ്‍ ജുവലേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ് എന്നീ ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു.

ശതമാനക്കണക്കില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടത്തിലായത് അബേറ്റ് എ.എസ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ്. 4.95 ശതമാനം ഇടിഞ്ഞ ഓഹരി ലോവര്‍ സര്‍ക്യൂട്ടിലെത്തി. ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, പോപ്പീസ് കെയര്‍, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോട്ടേഴ്‌സ്, കിംഗ്‌സ് ഇന്‍ഫ്ര, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി എന്നീ ഓഹരികളും ഇന്ന് നഷ്ടക്കണക്കിലുണ്ട്.

Indian stock market jumps as US rate cut hopes lift sentiment; Nifty hits one-month high adding ₹4 lakh crore to investor wealth.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com