

ട്രംപിന്റെ തീരുവ ഭീഷണിക്കിടയിലും ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. തുടക്കത്തില്‍ ഇടറിയെങ്കിലും എല്ലാ മേഖലകളിലും വാങ്ങല്‍ ശക്തമായതോടെ സൂചികകളില്‍ പച്ച കത്തി. ദുഖവെള്ളി പ്രമാണിച്ച് നാളെ (ഏപ്രില്‍ 18) വിപണിക്ക് അവധിയാണ്.
മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 1,508.91 പോയിന്റുകള്‍ (1.96%) നേട്ടത്തില്‍ 78,553.20 എന്ന നിലയിലാണ് വ്യാപാരം നിറുത്തിയത്. ബി.എസ്.ഇ മിഡ്ക്യാപ് 0.56 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.52 ശതമാനവും ഉയര്‍ന്നു. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണിമൂല്യം 415 ലക്ഷം കോടി രൂപയില്‍ നിന്നും 419 ലക്ഷം കോടിരൂപയായി. ഒറ്റദിവസത്തെ വര്‍ധന 4 ലക്ഷം കോടി രൂപ. നിഫ്റ്റിയാകട്ടെ 414.45 പോയിന്റുകള്‍ (1.77%) ഉയര്‍ന്ന് വ്യാപാരാന്ത്യം 23,851.65 എന്ന നിലയിലെത്തി. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.60 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.37 ശതമാനവും ഉയര്‍ന്നു.
എല്ലാ സെക്ടറുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് 2.21 ശതമാനവും ഫിനാന്‍ഷ്യല്‍ സര്‍വീസ് 2.27 ശതമാനവും പ്രൈവറ്റ് ബാങ്ക് 2.23 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി ഓട്ടോ, ഫാര്‍മ, പി.എസ്.യു ബാങ്ക്, ഹെല്‍ത്ത് കെയര്‍ ഇന്‍ഡെക്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനത്തിലേറെയും ലാഭത്തിലായി.
കുതിച്ചുയര്‍ന്ന ബാങ്കിംഗ് ഓഹരികളാണ് വിപണിയെ നേട്ടത്തിലേക്ക് നയിച്ചത്. ഹെവിവെയ്റ്റ് ഓഹരികളായ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ മുന്നില്‍ നിന്നു. ഇതിനൊപ്പം വിദേശനിക്ഷേപകര്‍ വാങ്ങലുകാരായതും വിപണിക്ക് ഗുണമായി. ബുധനാഴ്ച 3,936 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയ വിദേശനിക്ഷേപകര്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ വാങ്ങിക്കൂട്ടിയത് 10,000 കോടി രൂപയിലധികം മൂല്യമുള്ള ഓഹരികളാണ്. ഇന്ത്യന്‍ വിപണിയില്‍ വിദേശനിക്ഷേപകരുടെ വിശ്വാസം തുടരുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. അടുത്ത ദിവസങ്ങളിലും വിദേശ നിക്ഷേപകരുടെ വാങ്ങല്‍ തുടരാനാണ് സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു.
അതിനിടെ ജപ്പാനും യു.എസും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ നടത്തിയതും വിപണിയെ സ്വാധീനിച്ചു. ജപ്പാനുമായി നടത്തിയ അനുനയ ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്ന ട്രംപിന്റെ പ്രഖ്യാപനവും ഇന്ന് പുറത്തുവന്നിരുന്നു. ഡോളര്‍ വിനിമയ നിരക്ക് ഇടിയുന്നതും ഇന്ത്യയിലെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇന്ന് ഡോളര്‍ ഇന്‍ഡെക്‌സ് 99.56 ലേക്ക് താഴ്ന്നിരുന്നു. ട്രംപിന്റെ വ്യാപാര യുദ്ധത്തില്‍ ഇന്ത്യക്ക് മെച്ചപ്പെട്ട പരിഗണന ലഭിക്കുമെന്ന സൂചനയും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണലാണ് ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലെത്തിയത്. സൊമാറ്റോ ഓഹരികള്‍ക്ക് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ബൈ (Buy) റേറ്റിംഗ് നല്‍കിയതാണ് തുണയായത്. ടെലികോം സേവനങ്ങള്‍ നല്‍കുന്ന ഭാരതി ഹെക്‌സാകോം കമ്പനിയുടെ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. നാലാം പാദത്തില്‍ മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ വാരി എനര്‍ജീസ് (Waaree Energies) കമ്പനിയുടെ ഓഹരികളും കുതിച്ചു. കോഫോര്‍ജ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും ഇന്ന് ലാഭക്കണക്കില്‍ മുന്നിലുണ്ട്.
മികച്ച നാലാം പാദ ഫലം പുറത്തുവിട്ടെങ്കിലും ഓഹരി വില 4.14 ശതമാനം ഇടിഞ്ഞ ഐ.ടി കമ്പനിയായ വിപ്രോയാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ കമ്പനി 3,569.6 കോടി രൂപയുടെ മൊത്ത ലാഭം നേടിയിരുന്നു. എന്നാല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ആദ്യ പാദത്തില്‍ വളര്‍ച്ച കുറവായിരിക്കുമെന്ന പ്രവചനമാണ് വിപ്രോക്ക് പണിയായത്. എംപ്ലോയി സ്‌റ്റോക്ക് ഓപ്ഷന്‍ പ്ലാനില്‍ (ഇ.എസ്.ഒ.പി) ലഭിച്ച 492 കോടി രൂപ വില വരുന്ന ഓഹരികള്‍ സ്വമേധയാ ഉപേക്ഷിക്കാന്‍ പേടിഎം സി.ഇ.ഒ വിജയ് ശേഖര്‍ തീരുമാനിച്ചത് മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍ ഓഹരികളെയും നഷ്ടത്തിലാക്കി. ഡിവീസ് ലബോറട്ടറീസ്, ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡവലപ്‌മെന്റ് ഏജന്‍സി, ടാറ്റ കമ്യൂണിക്കേഷന്‍സ് എന്നീ ഓഹരികളും നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.
കേരള കമ്പനികള്‍ക്കും ഇന്ന് ഭേദപ്പെട്ട ദിവസമായിരുന്നു. അപ്പര്‍ സര്‍ക്യൂട്ടില്‍ തുടരുന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികളാണ് ഇന്നത്തെയും ശ്രദ്ധാകേന്ദ്രം. ഓഹരിയൊന്നിന് 252.75 രൂപയെന്ന നിലയിലാണ് ഇന്ന് കിറ്റെക്‌സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, സെല്ല സ്‌പേസ്, സി.എസ്.ബി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, പോപ്പീസ് കെയര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടി.സി.എം, എഫ്.എ.സി.റ്റി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, കെ.എസ്.ഇ, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളുടെ വ്യാപാരവും ഇന്ന് മികച്ച രീതിയിലായിരുന്നു.
ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് (4.91%), കേരള ആയുര്‍വേദ (4.35%) എന്നീ കമ്പനികളാണ്.
Read DhanamOnline in English
Subscribe to Dhanam Magazine