

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍, കോര്‍പറേറ്റ് കമ്പനികളുടെ ഒന്നാം പാദഫലങ്ങള്‍ എന്നിവയില്‍ നിക്ഷേപകര്‍ ജാഗ്രത തുടര്‍ന്നതോടെ വിപണിയില്‍ ഇന്നും നഷ്ടക്കഥ. അവസാന ഏഴ് വ്യാപാര ദിവസങ്ങളില്‍ അഞ്ചിലും വിപണി നഷ്ടം നേരിട്ടു. നാല് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വിപണി ലാഭത്തിലായിരുന്നു. എല്ലാ മേഖലകളിലും വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടതോടെ ഇരുസൂചികകളും നഷ്ടത്തിലാണ് വ്യാപാരം നിറുത്തിയത്.
പ്രതീക്ഷിച്ചത് പോലെ പതിഞ്ഞ വേഗത്തിലായിരുന്നു ഇന്നത്തെ വ്യാപാരം തുടങ്ങിയത്. നഷ്ടത്തില്‍ തുടര്‍ന്ന വിപണി ഉച്ചയോടെ ലാഭത്തിലേക്ക് തിരികെയെത്തുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. വ്യാപാരാന്ത്യം മുഖ്യസൂചികയായ സെന്‍സെക്‌സ് 375.23 പോയിന്റ് (0.45%) നഷ്ടത്തില്‍ 82,259.24 എന്ന നിലയിലെത്തി. നിഫ്റ്റിയാകട്ടെ 100.60 പോയിന്റുകള്‍ (0.40%) നഷ്ടത്തില്‍ 25,111.45ലുമെത്തി. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.17 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.12 ശതമാനവും നഷ്ടത്തിലായി.
സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്.എം.സി.ജി, മെറ്റല്‍, ഫാര്‍മ എന്നിവ ഒഴിച്ചുള്ളവയെല്ലാം നഷ്ടത്തിലായി. കൂട്ടത്തില്‍ നിഫ്റ്റി റിയാലിറ്റിയാണ് 1.24 ശതമാനം നേട്ടവുമായി ലാഭക്കണക്കില്‍ മുന്നിലെത്തിയത്. നിഫ്റ്റി ഐ.ടി 1.39 ശതമാനം നഷ്ടം നേരിട്ടു. പ്രമുഖ ഐ.ടി കമ്പനികളുടെ ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവരാനിരിക്കുന്നതാണ് നഷ്ടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
യു.എസ് തീരുവയും ആഗോള വ്യാപാര യുദ്ധവും കോര്‍പറേറ്റുകളുടെ ഒന്നാം പാദ ഫലവും കണക്കിലെടുത്ത് ജാഗ്രതയോടെയാണ് നിക്ഷേപകര്‍ ഇന്ന് വ്യാപാരത്തിനിറങ്ങിയത്. ഇതിനൊപ്പം ഐ.ടി, ഫിനാന്‍ഷ്യല്‍ സെക്ടറുകളിലെ ലാഭമെടുപ്പ് വര്‍ധിച്ചതും വിപണി നഷ്ടത്തിനുള്ള പ്രധാന കാരണമായെന്നാണ് വിലയിരുത്തല്‍. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ അനുകൂലമായ രീതിയിലാണെങ്കില്‍ വിപണിയില്‍ ഒരു തിരിച്ചുകയറ്റം പ്രതീക്ഷിക്കാമെന്നും നിരീക്ഷകര്‍ പറയുന്നു.
ചൈനീസ് ഇ.വി ഭീമനായ ബി.വൈ.ഡിക്ക് നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സോന ബി.എല്‍.ഡബ്ല്യൂ ഫോര്‍ജിംഗിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു. 6.52 ശതമാനം ഓഹരി ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ എന്‍.എസ്.ഇയും ബി.എസ്.ഇയും കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടു. ബിസിനസ് ആവശ്യങ്ങള്‍ക്കായി വിവിധ കമ്പനികളുമായി ചര്‍ച്ച നടത്താറുണ്ടെന്ന് വ്യക്തമാക്കിയ കമ്പനി പക്ഷേ, ബി.വൈ.ഡിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്‌സ്, യു.പി.എല്‍ എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് നേട്ടക്കണക്കില്‍ മുന്നിലുണ്ട്. മികച്ച ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നതാണ് എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് ഗുണമായത്. റായ്പൂരില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.
പ്രതിരോധ രംഗത്തെ ഓഹരികള്‍ക്ക് നേരിട്ട തിരിച്ചടിയാണ് ഭാരത് ഡൈനാമിക്‌സിന്റെയും ഓഹരി വില ഇടിച്ചതെന്നാണ് വിലയിരുത്തല്‍. ഇന്ന് 3.50 ശതമാനത്തോളം നഷ്ടത്തിലായ ഓഹരി കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആറ് ശതമാനത്തോളം ഇടിഞ്ഞിരുന്നു. പ്രമുഖ ബ്രോക്കറേജുകള്‍ ഓഹരിക്ക് ന്യൂട്രല്‍ റേറ്റിംഗ് നല്‍കിയതും തിരിച്ചടിയായി. എല്‍.ടി.ഐ മൈന്‍ഡ് ട്രീ, ടെക് മഹീന്ദ്ര, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, വാരീ എനര്‍ജീസ് എന്നീ ഓഹരികളും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.
കേരള കമ്പനികളില്‍ ഇന്ന് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് തുടങ്ങിയ കമ്പനികളായിരുന്നു. ബി.പി.എല്‍, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, നിറ്റ ജെലാറ്റിന്‍ ഇന്ത്യ, ടോളിന്‍സ് ടയേഴ്‌സ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വെര്‍ടെക്‌സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളീഡേയ്‌സ് എന്നീ കമ്പനികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.
ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് റബ്ഫില ഇന്റര്‍നാഷണല്‍ ഓഹരികളാണ്. അഞ്ച് ശതമാനമാണ് ഇന്ന് കമ്പനിയുടെ ഓഹരി ഇടിഞ്ഞത്. എ.വി.ടി നാചുറല്‍ പ്രോഡക്ട്‌സ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, പോപ്പീസ് കെയര്‍, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, ദി വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് എന്നീ കമ്പനികളുടെ ഓഹരികളും രണ്ട് ശതമാനത്തിലേറെ നഷ്ടത്തിലായി.
Read DhanamOnline in English
Subscribe to Dhanam Magazine