Begin typing your search above and press return to search.
യു.എസ് പേടിയില്‍ വിപണിയില്‍ ചോരപ്പുഴ, നാലാം ദിവസവും നഷ്ടക്കച്ചവടം! അപ്പര്‍ സര്‍ക്യൂട്ടില്‍ നേട്ടം തുടര്‍ന്ന് സ്‌കൂബീ ഡേ
തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടക്കച്ചവടം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിരക്ക് കുറക്കല്‍ 2025ല്‍ പരിമിതപ്പെടുത്തുമെന്ന വാര്‍ത്തകളാണ് വിനയായത്. പ്രധാന സൂചികയായ സെന്‍സെക്‌സ് 1.2 ശതമാനം ഇടിഞ്ഞ് 79,218.05 എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 1.02 ശതമാനം ഇടിഞ്ഞ് വ്യാപാരാന്ത്യം 23,951.7 പോയിന്റെന്ന നിലയിലെത്തി. അവസാന നാല് ദിവസത്തെ നഷ്ടക്കച്ചവടത്തോടെ സെന്‍സെക്‌സിന് 3.5 ശതമാനവും നിഫ്റ്റിക്ക് 3.3 ശതമാനം ഇടിവ് നേരിട്ടു.
പ്രതീക്ഷിച്ചത് പോലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിരക്കുകളില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയെങ്കിലും അടുത്ത വര്‍ഷം രണ്ടു തവണയേ പലിശ കുറക്കൂ എന്ന സൂചന വിപണിയെ ആശങ്കയിലാഴ്ത്തി. നാല് തവണ പലിശ കുറക്കുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. വിദേശനിക്ഷേപത്തെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്കാണ് തീരുമാനം കൂടുതല്‍ തിരിച്ചടിയായത്. ഫെഡ് തീരുമാനം പ്രതീക്ഷിച്ചത് പോലെ അല്ലാത്തത് വിദേശ നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍. ഇതോടെ റിസ്‌ക് എടുക്കാന്‍ മടിക്കുന്ന വിദേശ നിക്ഷേപകര്‍ ഇന്ത്യ പോലുള്ള വിപണികളില്‍ നിന്ന് മാറി നില്‍ക്കും. ഇക്കാര്യമാണ് ഇന്ന് വിപണിയില്‍ വിദേശ നിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദ്ദത്തിലൂടെ കണ്ടതെന്നും വിദഗ്ധര്‍ പറയുന്നു. മൂന്ന് ദിവസത്തിനിടെ 8,000 കോടി രൂപയോളം നിക്ഷേപം പുറത്തേക്ക് ഒഴുകിയതും രൂപ സര്‍വകാല റെക്കോഡിലേക്ക് താഴ്ന്നതും രാജ്യത്തിന്റെ മൊത്ത കടം ഉയര്‍ന്നതും വീഴ്ചയെ ശക്തമാക്കിയെന്നാണ് വിലയിരുത്തല്‍.
വിശാലവിപണിയില്‍ ഫാര്‍മ, ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സ് ഒഴികെയുള്ള എല്ലാ സൂചികകളും കുത്തനെയിടിഞ്ഞു. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഐ.റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിനക്കാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. എന്നാല്‍ ഫാര്‍മ 1.72 ശതമാനവും ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സ് 1.26 ശതമാനവും ഉയര്‍ന്നു.
നഷ്ടക്കണക്കും ലാഭക്കണക്കും
ഓഹരി വിപണിയിലെ നഷ്ടക്കച്ചവടം ഏറ്റവും കൂടുതല്‍ ബാധിച്ചത് എല്‍.റ്റി.ഐ മൈന്‍ഡ്രീ ലിമിറ്റഡിനെയാണ്.
5.29 ശതമാനമാണ് ഇന്ന് കമ്പനിയുടെ ഓഹരി വിലയില്‍ ഇടിവ് സംഭവിച്ചത്. രാജ്യത്തെ പ്രമുഖ മാന്യുഫാക്ചറിംഗ് കമ്പനിയായ കമ്മിന്‍സ് ഇന്ത്യക്കും ഇന്ന് വലിയ നഷ്ടം സംഭവിച്ചു. 4.60 ശതമാനമാണ് കമ്പനിയുടെ ഓഹരി വിലയില്‍ ഇന്ന് നഷ്ടം സംഭവിച്ചത്. എ.ബി.ബി ഇന്ത്യ, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഭാരതി ഹെക്‌സാകോം തുടങ്ങിയ കമ്പനികളും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.
ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ ബൈ സ്റ്റാറ്റസ് നല്‍കിയതിനെ തുടര്‍ന്ന് ഫാര്‍മസൂട്ടിക്കല്‍ ഭീമനായ ഡോ.റെഡ്ഡീസ് ലബോറട്ടറീസിന്റെ ഓഹരി വില ഇന്ന് കുതിച്ചുയര്‍ന്നു.
4.04 ശതമാനം ഉയര്‍ന്ന കമ്പനിയുടെ ഓഹരി വില ഇന്ന് 1326.90 രൂപ എന്ന നിലയിലാണ്. തുടക്കത്തില്‍ നഷ്ടം നേരിട്ട ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഓഹരികള്‍ വ്യാപാരാന്ത്യം നേട്ടത്തിലായി. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് കമ്പനി ഇന്ന് രേഖപ്പെടുത്തിയത്. ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികളായ ലുപിന്‍, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയും ബി.എസ്.ഇയും ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലുണ്ട്.
കേരള കമ്പനികള്‍
4.99 ശതമാനം ലാഭം സ്വന്തമാക്കിയ സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സ് ഇന്ത്യ ലിമിറ്റഡാണ് ഇന്നത്തെ കേരള കമ്പനികളില്‍ മുന്നില്‍. ഈ മാസം 13ാം തീയതി മുതല്‍ കമ്പനിയുടെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ്. ഡിസംബര്‍ 9ന് 89.02 രൂപയായിരുന്ന ഓഹരി വില കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 129.49 രൂപയെന്ന നിലയിലെത്തി. യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, വെസ്‌റ്റേണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ തുടങ്ങിയ കമ്പനികളും ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലുണ്ട്.
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, പ്രൈമ അഗ്രോ, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ്, കൊച്ചിന്‍ മിനറല്‍സ് ആന്ഡ് റൂട്ടൈല്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സി.എസ്.ബി ബാങ്ക്, ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക്, കല്യാണ്‍ ജുവലേഴ്‌സ് എന്നിവരാണ് ഇന്നത്തെ വ്യാപാരത്തില്‍ നഷ്ടം നേരിട്ട പ്രധാന കേരള കമ്പനികള്‍.
Next Story
Videos