ഏഴാം ദിവസം സെൻസെക്സ് 80,000 കടന്ന മുന്നേറ്റം; ഐ.ടി, ഓട്ടോ ഓഹരികള്‍ വാങ്ങാന്‍ ആളുകൂടി, ഓഹരി വിപണിയില്‍ സംഭവിച്ചതെന്ത്?

ആഗോള സൂചനകള്‍ പോസിറ്റീവായതും യു.എസ് വ്യാപാരയുദ്ധം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന സൂചനകളുമാണ് ഇന്നത്തെ നേട്ടത്തിലേക്ക് നയിച്ചത്
Stock market closing points
Canva, NSE, BSE
Published on

വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. തുടര്‍ച്ചയായ ഏഴാം ദിവസവും വിപണി നേട്ടത്തിലായി. ഐ.ടി, ഓട്ടോ, ഫാര്‍മ മേഖലകളില്‍ വാങ്ങലുകാര്‍ സജീവമായതാണ് വിപണിക്ക് നേട്ടമായത്. എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ നേട്ടത്തിലായ ബാങ്ക് ഓഹരികളില്‍ ലാഭമെടുപ്പ് വര്‍ധിച്ചതോടെ നിഫ്റ്റി ബാങ്ക് സൂചിക നഷ്ടത്തിലായി.

പ്രധാന ഓഹരി സൂചികയായ സെന്‍സെക്‌സ് 520.90 പോയിന്റുകള്‍ (0.65%) ഉയര്‍ന്ന് 80,116.49 ലെത്തി. നാല് മാസത്തിനിടെ ആദ്യമായാണ് സെന്‍സെക്‌സ് 80,000 കടക്കുന്നത്. നിഫ്റ്റിയാകട്ടെ 161.70 പോയിന്റുകള്‍ (0.67%) ഉയര്‍ന്ന് 24,328.95 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് 1.18 ശതമാനവും സ്‌മോള്‍ക്യാപ് 0.44 ശതമാനവും നേട്ടത്തിലായി.

എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ നാലാം പാദ ഫലങ്ങള്‍ പുറത്തുവന്നതോടെ കുതിപ്പിലായ ഐ.ടി ഓഹരികളായിരുന്നു ഇന്നത്തെ താരങ്ങള്‍. നിഫ്റ്റി ഐ.ടി സൂചിക 4.36 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഒറ്റ ദിവസത്തില്‍ നേടിയ വലിയ നേട്ടം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഓഹരികള്‍ മുന്നില്‍ നിന്നതോടെ മിക്ക ഓട്ടോ ഓഹരികളും ഇന്ന് നേട്ടത്തിലായി. നിഫ്റ്റി ഓട്ടോ 2.38 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. നിഫ്റ്റി ഫാര്‍മ, റിയല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ് എന്നിവ ഒരു ശതമാനത്തിന് മുകളില്‍ നേട്ടം കൊയ്തു. എന്നാല്‍ നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, മീഡിയ, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ ഇന്ന് നഷ്ടത്തിലായി. ലാഭമെടുപ്പുകാരുടെ തിരക്ക് വര്‍ധിച്ചതാണ് മിക്ക സെക്ടറുകള്‍ക്കും പണിയായത്.

ഉയര്‍ച്ചക്ക് പിന്നിലെന്ത്?

കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പതിഞ്ഞ താളത്തില്‍ വ്യാപാരം ആരംഭിച്ച വിപണി പത്തരയോടെ ചുവപ്പിലേക്ക് മാറി. എന്നാല്‍ പിന്നീട് പല സെക്ടറുകളിലും വിദേശ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ളവര്‍ വാങ്ങലുകാരായതോടെ സൂചികകള്‍ നേട്ടത്തിലായി. ബാങ്കുകളുടെ നാലാ പാദ ഫലം മികച്ചതായതും യു.എസ് വ്യാപാരയുദ്ധം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന സൂചനകളുമാണ് നിക്ഷേപകരെ മുന്നോട്ട് നയിച്ചത്.

ആഗോള സൂചനകള്‍ പോസിറ്റീവായതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഫെഡ് തലവനെ പുറത്താക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ട്രംപിന്റെ പ്രസ്താവന അമേരിക്കന്‍ വിപണിയെ നഷ്ടത്തില്‍ നിന്നും കരകയറ്റി. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചു. യു.എസ്-ചൈന വ്യാപാര തര്‍ക്കത്തിന് അയവുണ്ടാകുമെന്നും വിപണി കരുതുന്നുണ്ട്. സര്‍ക്കാര്‍ ചെലവിടല്‍ വര്‍ധിച്ചതും വിപണിയിലെ ലിക്വിഡിറ്റി വര്‍ധിച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ആവശ്യമെങ്കില്‍ പണനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന തരത്തില്‍ ആര്‍.ബി.ഐ നിലപാടെടുത്തതും വിപണിയെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തല്‍.

ലാഭവും നഷ്ടവും

നാലാം പാദത്തിലെ ആകെ ലാഭത്തില്‍ 34 ശതമാനം വര്‍ധനയുണ്ടായതിന് പിന്നാലെ 15 ശതമാനത്തോളം ഉയര്‍ന്ന വാരി എനര്‍ജീസ് (Waaree Energies) ആണ് നിഫ്റ്റി 200ലെ ഇന്നത്തെ താരം. മൂന്ന് മാസത്തെ ഏറ്റവും മികച്ച രീതിയിലാണ് കമ്പനിയുടെ ഓഹരികള്‍ ഇന്ന് വ്യാപാരം നടന്നത്. മികച്ച നാലാം പാദഫലമാണ് എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എച്ച്.സി.എല്‍ ടെക് ഓഹരികള്‍ക്കും തുണയായത്. മോട്ടിലാല്‍ ഓസ്‌വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, കോഫോര്‍ജ് എന്നീ ഓഹരികളും ഇന്ന് ലാഭത്തിലാണ്.

അഞ്ച് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് ശേഷം തിരുത്തലിലേക്ക് മാറിയ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഓരോഹരിക്ക് 26 രൂപ വീതം ഡിവിഡെന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി മുന്നേറ്റം നടത്തിയിരുന്നു. ഇക്കൊല്ലം വേനല്‍ കടുക്കാത്തതിനാല്‍ എ.സി അടക്കമുള്ള കൂളിംഗ് ഡിവൈസുകളുടെ ഡിമാന്‍ഡ് കുറയുമെന്ന റിപ്പോര്‍ട്ട് വോള്‍ട്ടാസ്, ഹാവെല്‍സ് ഇന്ത്യ തുടങ്ങിയ ഇലക്ട്രിക് കമ്പനികളുടെ ഓഹരികളെയും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലെത്തിച്ചു. നാലാം പാദ ഫലത്തില്‍ ലാഭം കുറഞ്ഞതിനെ തുടര്‍ന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരികളും ഇന്ന് നഷ്ടക്കണക്കിലെ ആദ്യ അഞ്ചിലുണ്ട്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഓഹരികളും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.

പോപ്പീസ് അപ്പര്‍ സര്‍ക്യൂട്ടില്‍

മികച്ച മുന്നേറ്റം നടത്തി അപ്പര്‍സര്‍ക്യൂട്ടിലെത്തി പോപ്പീസ് കെയര്‍സ് ലിമിറ്റഡ് ഓഹരികളാണ് ഇന്നത്തെ കേരള കമ്പനികളിലെ സൂപ്പര്‍താരം. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് കേരള ആയുര്‍വേദ ഓഹരികളാണ്, 9.99 ശതമാനം. ബി.പി.എല്‍, സെല്ല സ്‌പേസ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്, പ്രൈമ ഇന്‍ഡസ്ട്രീസ്, ടോളിന്‍സ് ടയേഴ്‌സ് എന്നീ ഓഹരികളും ഇന്ന് മികച്ച നേട്ടത്തിലാണ്. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കെ.എസ്.ഇ, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് കേരള കമ്പനികളിലെ നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com