ആശ്വാസറാലി തുടരാൻ പ്രേരകങ്ങൾ കിട്ടുന്നില്ല; വിദേശ സൂചനകൾ ഭിന്ന ദിശകളിൽ; ഡോളർ മുന്നോട്ടു തന്നെ

തിങ്കളാഴ്ച ആശ്വാസറാലി നടത്തിയ വിപണി അതു തുടരാൻ തക്ക പ്രേരകങ്ങൾ കാണാത്ത നിലയിലാണ് ഇന്നു വ്യാപാരം തുടങ്ങുക. സാമ്പത്തിക വളർച്ചയെപ്പറ്റി വിപണി പ്രകടിപ്പിച്ചു പോന്ന ആശങ്കകളെ ശരിവച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ധനശാസ്ത്രജ്ഞരുമായി ചർച്ച നടത്തുന്നുണ്ട്. അതേ സമയം ധനകമ്മി കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന സൂചന ധനമന്ത്രാലയം നൽകിയത് സർക്കാർ ചെലവിൽ വർധനയ്ക്കുള്ള സാധ്യത ഇല്ലാതാക്കുന്നു. സർക്കാർ ചെലവ് കുറഞ്ഞതാണു വളർച്ചയെ പിന്നോട്ടു വലിക്കുന്നത്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,800 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,766 ആയി. വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

തിങ്കളാഴ്ച യുഎസ് വിപണി ടെക് ഓഹരികളുടെ ബലത്തിൽ മികച്ച നേട്ടം കുറിച്ചു. എൻവിഡിയ 3.69 ഉം ബ്രോഡ്കോം 5.52 ഉം ടെസ്‌ല 2.27 ഉം ശതമാനം ഉയർന്നു. 2025-ൽ ഏറെ സാധ്യത ഉള്ള ടെക് ഓഹരിയായി പലരും ബ്രോഡ്കോമിനെ കണ്ടു തുടങ്ങി.
ഡൗ ജോൺസ് സൂചിക ഇന്നലെ 66.69 പോയിൻ്റ് (0.16%) ഉയർന്ന് 42,906.95 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 43.22 പോയിൻ്റ് (0.73%) നേട്ടത്തോടെ 5974.07 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 192.29 പോയിൻ്റ് (0.98%) ഉയർന്ന് 19,764.88 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും കയറുകയാണ്. ഡൗ 0.07 ഉം എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.03 ഉം ശതമാനം ഉയർന്നു.
നിക്ഷേപനേട്ടം 4.585 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില താഴ്ന്നു.
യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച ചെറിയ നഷ്ടത്തിലായി. യുകെ ജിഡിപി സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ വളർന്നതേ ഇല്ലെന്ന് പുതുക്കിയ കണക്ക് കാണിച്ചു. 0.1 ശതമാനം വളർന്നെന്നായിരുന്നു ആദ്യ കണക്ക്.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക തുടക്കത്തിൽ 0.35 ശതമാനം താഴ്ന്നു. ഹോണ്ട - നിസാൻ ലയനനീക്കം ഇന്നലെ പ്രഖ്യാപിച്ചു. 2026-ൽ ലയനം പൂർണമാകും. ഹോണ്ട ഓഹരി 15 ശതമാനം കയറി. നിസാൻ അഞ്ചു ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ വിപണി കാൽ ശതമാനം താഴ്ന്നു. ചൈനീസ് ഓഹരികൾ രാവിലെ ഉയർന്നു.

വിപണിയിൽ ആശ്വാസറാലി

പുതിയ ആഴ്ചയുടെ തുടക്കം വിപണിക്ക് ആശ്വാസ റാലി സമ്മാനിച്ചു. അതു നീണ്ടു നിൽക്കുമോ എന്നത് ഇന്നേ അറിയാനാകൂ. 23,700 നു മുകളിൽ നിഫ്റ്റി എത്തിയതു പ്രതീക്ഷ പകരുന്നുണ്ട്. നാളെ (ബുധൻ) ക്രിസ്മസ് അവധി ആണ്.
നിഫ്റ്റി ഇന്നലെ 165.95 പോയിൻ്റ് (0.70%) കയറി 23,753.45 ൽ അവസാനിച്ചു. സെൻസെക്സ് 498.58 പോയിൻ്റ് (0.64%) നേട്ടത്തിൽ 78,540.17 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 558.40 പോയിൻ്റ് (1.10%) ഉയർന്ന് 51,317.60 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.33 ശതമാനം കയറി 57,092.90 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.14 ശതമാനം നഷ്ടത്തോടെ 18,687.80 ൽ ക്ലോസ് ചെയ്തു.
മീഡിയ, ഹെൽത്ത് കെയർ, ഓട്ടോ മേഖലകൾ ചെറിയ നഷ്ടത്തിലായി. റിയൽറ്റി, എഫ്എംസിജി, ഓയിൽ - ഗ്യാസ്, ബാങ്ക്, ധനകാര്യ, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ ഉയർന്നു.
വിദേശ നിക്ഷേപകർ തിങ്കളാഴ്ച വിൽപനക്കാരായിരുന്നെങ്കിലും വ്യാപ്തം കുറവായി. അവർ ക്യാഷ് വിപണിയിൽ 168.71 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2227.68 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1636 ഓഹരികൾ ഉയർന്നപ്പോൾ 2452 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1135 എണ്ണം ഉയർന്നു, താഴ്ന്നത് 1715 എണ്ണം.
നിഫ്റ്റി 200 ദിന എക്സ്പോണൻഷ്യൽ മൂവിംഗ് ശരാശരിയായ 23,700 നു മുകളിൽ കയറിയത് ബുള്ളുകൾക്കു പ്രതീക്ഷ പകരുന്നു. 24,000 എന്ന കടമ്പ കടന്നാലേ സൂചിക മുന്നേറ്റത്തിനു കരുത്തു നേടി എന്നു പറയാനാകൂ.
നിഫ്റ്റിക്ക് ഇന്ന് 23,675 ലും 23,620 ലും പിന്തുണ കിട്ടാം. 23,840 ഉം 23,980 ഉം തടസങ്ങൾ ആകാം.

കമ്പനികൾ, വാർത്തകൾ

വേൾപൂളിൻ്റെ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ നിർമിച്ചു നൽകുന്നതിന് പി ജി ഇലക്ട്രോ പ്ലാസ്റ്റുമായി കരാർ ഉണ്ടാക്കി. വേൾ പൂളിൻ്റെ എയർ കണ്ടീഷണർ നിർമിച്ചു നൽകുന്നതും ഇലക്ട്രോപ്ലാസ്റ്റ് ആണ്.
എച്ച് ജി ഇൻഫ്രാ എൻജിനിയറിംഗുമായി എൻടിപിസി വിദ്യുത് വ്യാപാർ നിഗം, ദീർഘകാല ബാറ്ററി എനർജി സ്റ്റോറേജ് വാങ്ങൽ കരാർ ഉണ്ടാക്കി.
കിർലോസ്കർ ബ്രദേഴ്സിൻ്റെ സിഎഫ്ഒയും വെെസ് പ്രസിഡൻ്റുമായ രവീഷ് മിത്തൽ രാജിവച്ചു.
കോഫോർജും സിഗ്നിറ്റി ടെക്നോളജീസും ലയനത്തിനു ചർച്ച തുടങ്ങി. പഴയ എൻഐഐടി ടെക്നോളജീസ് ആണു കോഫോർജ്. അവർക്ക് സിഗ്നിറ്റിയിൽ 54 ശതമാനം ഓഹരി ഉണ്ട്.

സ്വർണം താഴ്ന്നു

സ്വർണവില അൽപം കുറഞ്ഞു. തിങ്കളാഴ്ച സ്വർണം 9.10 ഡോളർ താഴ്ന്ന് ഔൺസിന് 2614.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2617 ഡോളർ ആയി കയറി.
കേരളത്തിൽ ഇന്നലെ സ്വർണവില മാറ്റമില്ലാതെ പവന് 56,800 രൂപയിൽ തുടർന്നു.
വെള്ളിവില ഔൺസിന് 29.62 ഡോളറിലേക്ക് താഴ്ന്നു.
ഡോളർ കയറുന്നു, രൂപയ്ക്ക് ക്ഷീണം
കറൻസി വിപണിയിൽ ഡോളർ തിങ്കളാഴ്ച ഉയർന്നു. ഡോളർ സൂചിക കുത്തനേ കയറി 108.04 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 108.10 ലേക്കു കയറി.
രൂപ അൽപം ദുർബലമായി. ഡോളർ 85.12 എന്ന റെക്കോർഡ് നിലയിൽ ക്ലാേസ് ചെയ്തു. ഫോർവേഡ് വിപണിയിൽ ജനുവരി അവധിഡോളർ 85.35 രൂപയിലാണ്.
ക്രൂഡ് ഓയിൽ നാമമാത്രമായി കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ രാവിലെ താഴ്ന്ന് 72.92 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 69.49 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.11 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ താഴ്ന്നു തന്നെ

ക്രിപ്റ്റോ കറൻസികൾ താഴ്ന്നു നിൽക്കുന്നു. ബിറ്റ് കോയിൻ 94,000 ഡോളറിനടുത്താണ്. ഈഥർ വില 3380 ഡോളറിലായി.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായി. ചെമ്പ് 0.35 ശതമാനം താഴ്ന്ന് ടണ്ണിന് 8801.35 ഡോളറിൽ എത്തി. അലൂമിനിയം 0.51 ശതമാനം കുറഞ് ടണ്ണിന് 2527.15 ഡോളർ ആയി. സിങ്ക് 1.61 ഉം ലെഡ് 1.40 ഉം ടിൻ 0.75 ഉം ശതമാനം ഉയർന്നു.
നിക്കൽ 0.49 ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 ഡിസംബർ 23, തിങ്കൾ)
സെൻസെക്സ് 30 78,540.17 +0.64%
നിഫ്റ്റി50 23,753.45 +0.70%
ബാങ്ക് നിഫ്റ്റി 51,317.60 +1.10%
മിഡ് ക്യാപ് 100 57,092.90 +0.33%
സ്മോൾ ക്യാപ് 100 18,687.80 -0.14%
ഡൗ ജോൺസ് 42,906.95 +0.16%
എസ് ആൻഡ് പി 5974.07 +0.73%
നാസ്ഡാക് 19,764.88 +0.98%
ഡോളർ($) ₹85.12 +₹0.10
ഡോളർ സൂചിക 108.04 +0.44
സ്വർണം (ഔൺസ്) $2614.30 -$09.70
സ്വർണം(പവൻ) ₹56,800 ₹00.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.00 +$00.06
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it