പലിശയില്‍ മോഹഭംഗം, യു.എസ്-ചൈന ഡീലില്‍ മാറാത്ത സംശയം! വിപണിക്ക് നഷ്ടക്കഥ, മൂന്നില്‍ രണ്ട് കേരള കമ്പനികള്‍ക്കും ഇടിവ്

രണ്ടാം പാദത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ സാമ്പത്തിക റിപ്പോര്‍ട്ടുകളിലെ സമ്മിശ്ര പ്രകടനവും ഫ്യൂച്ചര്‍ ആന്റ് ഓപ്ഷന്‍ (F&O) എക്‌സ്‌പെയറിയും വിപണിയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമായെന്നും വിദഗ്ധര്‍ പറയുന്നു
പലിശയില്‍ മോഹഭംഗം, യു.എസ്-ചൈന ഡീലില്‍ മാറാത്ത സംശയം! വിപണിക്ക് നഷ്ടക്കഥ, മൂന്നില്‍ രണ്ട് കേരള കമ്പനികള്‍ക്കും ഇടിവ്
canva, NSE, BSE
Published on

ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന് അവസാനമായില്ല. ഇന്നലെ നേട്ടത്തില്‍ അവസാനിച്ച സൂചികകള്‍ ഇന്ന് ചുവപ്പിലാണ് ക്ലോസ് ചെയ്തത്. യു.എസ് ഫെഡ് നിരക്കുകള്‍ ഡിസംബറില്‍ കുറക്കാനുള്ള സാധ്യത കുറഞ്ഞതും ആഗോള വിപണി സൂചനകളുമാണ് വിപണിക്ക് തിരിച്ചടിയായത്. ഫിനാന്‍ഷ്യല്‍, ഐ.ടി, ബാങ്കിംഗ് മേഖലകളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു.

മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 593 പോയിന്റുകള്‍ നഷ്ടത്തില്‍ 84,404 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 176 പോയിന്റ് ഇടിഞ്ഞ് 25,878ലുമെത്തി. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.09 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.10 ശതമാനവും നഷ്ടത്തിലായി.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി റിയല്‍റ്റി ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലായി. അതും 0.04 ശതമാനം മാത്രമാണ് നേട്ടമുണ്ടാക്കിയതെന്നും ശ്രദ്ധേയം. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് സൂചികയാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. 0.74 ശതമാനം. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഹെല്‍ത്ത് കെയര്‍ ഇന്‍ഡെക്‌സ്, ഐ.ടി, ഫാര്‍മ തുടങ്ങിയ സൂചികകളും കനത്ത നഷ്ടത്തിലായി.

china, us
Image courtesy: Canva

നഷ്ടത്തിന് കാരണമെന്ത്?

ഇക്കൊല്ലം രണ്ടാം തവണയും പലിശ നിരക്ക് കുറക്കാന്‍ കഴിഞ്ഞ ദിവസം യു.എസ് ഫെഡ് തയ്യാറായിരുന്നു. എന്നാല്‍ വിപണി പ്രതീക്ഷിച്ചിരുന്നത് പോലെ 2025ല്‍ ഇനിയൊരു പലിശയിളവ് ഉണ്ടാകില്ലെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു. ഇത് വിപണിയില്‍ പ്രതിഫലിച്ചെന്നാണ് കരുതുന്നത്. കൂടാതെ അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള എമേര്‍ജിംഗ് വിപണികളില്‍ നിന്ന് സുരക്ഷിത നിക്ഷേപങ്ങളിലേക്ക് പണം മാറ്റാനുള്ള പ്രവണതയും നിക്ഷേപകര്‍ക്കിടയില്‍ ശക്തമായി. വിദേശ നിക്ഷേപകര്‍ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടാം പാദത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ സാമ്പത്തിക റിപ്പോര്‍ട്ടുകളിലെ സമ്മിശ്ര പ്രകടനവും ഫ്യൂച്ചര്‍ ആന്റ് ഓപ്ഷന്‍ (F&O) എക്‌സ്‌പെയറിയും വിപണിയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമായെന്നും വിദഗ്ധര്‍ പറയുന്നു.

യു.എസ്-ചൈന വ്യാപാര തര്‍ക്കം രമ്യമായി പരിഹരിക്കപ്പെട്ടതായ വാര്‍ത്തകളുണ്ടെങ്കിലും ഈ നീക്കങ്ങളെയും നിക്ഷേപകര്‍ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതും വിപണിയെ കാര്യമായി ബാധിച്ചു. ഒരു യു.എസ് ഡോളറിന് 88.71 രൂപയെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം ക്ലോസ് ചെയ്തത്.

ഫാര്‍മ കമ്പനികള്‍ക്ക് ഇടിവ്

ഇന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഡോ. റെഡീസ് ലബോറട്ടറീസ് ഓഹരികള്‍ ഏകദേശം 5% ഇടിഞ്ഞു. കാനഡയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഡ്രഗ്‌സ് ഡയറക്ടറേറ്റില്‍ നിന്ന് ഡോ.റെഡീസിന് വിശദീകരണ നോട്ടീസ് ലഭിച്ചതാണ് കാരണം. സെമാഗ്ലൂടൈഡ് ഇഞ്ചക്ഷനുമായി (Semaglutide Injection) ബന്ധപ്പെട്ട് കമ്പനി സമര്‍പ്പിച്ച അപേക്ഷയില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. പ്രമേഹത്തിനുള്ള മരുന്നായ ഓസെംപിക്കിന്റെ (Ozempic) ജനറിക് പതിപ്പാണ്. റിപ്പോര്‍ട്ടില്‍ ആവശ്യമായ വിശദീകരണം നല്‍കാനും പരിശോധനക്കും കൂടുതല്‍ സമയമെടുക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ പിന്നോട്ടുവലിച്ചത്.

കമ്പനികളുടെ പ്രകടനം
കമ്പനികളുടെ പ്രകടനം

ലാഭവും നഷ്ടവും

മികച്ച രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവന്നതാണ് ഇന്ന് മിക്ക കമ്പനികളെയും ലാഭക്കണക്കില്‍ മുന്നിലെത്തിച്ചത്. ഇന്‍ഷുറന്‍സ് മേഖലയില്‍ മികച്ച വില്‍പ്പന കണക്കുകള്‍ രേഖപ്പെടുത്തിയത് പോളിസി ബസാര്‍ ഓഹരികള്‍ക്ക് സഹായകമായി. രണ്ടാം പാദത്തില്‍ 374.89 കോടി രൂപയുടെ മൊത്ത ലാഭം രേഖപ്പെടുത്തിയതാണ് മഹാരത്‌ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (BHEL) ഓഹരികളെ ഉയര്‍ത്തിയത്. മൊത്തലാഭത്തില്‍ മൂന്ന് ശതമാനം വര്‍ധനയുണ്ടെന്ന രണ്ടാം പാദ റിപ്പോര്‍ട്ട് ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ലിമിറ്റഡ് ഓഹരികള്‍ക്കും ഗുണമായി. ഭാരത് പെട്രോളിയം, എന്‍.ആര്‍.എല്‍ എന്ന കമ്പനികളുമായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ ഒപ്പിട്ടതാണ് ഓയില്‍ ഇന്ത്യയുടെ ഓഹരികളെ ഉയര്‍ത്തിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൊത്ത ലാഭം 4,744 കോടി രൂപയായി ഉയര്‍ന്നതോടെ വിപണി തകര്‍ച്ചക്കിടയിലും കാനറ ബാങ്ക് ഓഹരിയും കത്തിക്കയറി.

വിള സംരക്ഷണ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കോറമണ്ഡല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഓഹരികളാണ് ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. ഡോ.റെഡീസ്, എല്‍.ഐ.സി, ഇന്‍ഡസ് ടവര്‍, ഭാരതി ഹെക്‌സാകോം എന്നീ ഓഹരികളും കനത്ത നഷ്ടം നേരിട്ടു.

കേരള കമ്പനികളില്‍ ചുവപ്പ് മയം

ഇന്ന് ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗം കേരള കമ്പനികളും നഷ്ടത്തിലായി. യുണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ട്‌സാണ് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, പോപ്പീസ് കെയര്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്, സെല്ല സ്‌പേസ് എന്നീ കമ്പനികളും കനത്ത ഇടിവിലായി.

എന്നാല്‍ ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് കമ്പനിയുടെ ഓഹരികളാണ്. 19.96 ശതമാനമാണ് ഇന്ന് ഓഹരി ഉയര്‍ന്നത്. ദി വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്, ടി.സി.എം, സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സ്, പ്രൈമ അഗ്രോ, പാറ്റ്‌സ്പിന്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

US rate worries and weak global cues pulled Indian markets lower, with most Kerala-based companies ending in losses.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com