അരങ്ങിൽ ബുള്ളുകൾ; ഏഴാം ദിവസവും കയറാൻ കരുത്തുണ്ടോ? വിദേശ സൂചനകൾ അനുകൂലം; രൂപ ഇന്ന് ഏതു ദിശയിലാകും?

അനുകൂല സൂചനകൾ എത്ര ചെറുതായിരുന്നാലും അതിനോട് ആവേശപൂർവം പ്രതികരിക്കുന്നതാണ് ഇപ്പോൾ ഇന്ത്യൻ വിപണിയുടെ സ്വഭാവം. ബുൾ തരംഗത്തിൻ്റെ ഈ സ്വഭാവ വിശേഷം തുടർച്ചയായ ആറു ദിവസം മുഖ്യസൂചികകളെ നേട്ടത്തിലെത്തിച്ചു. ഇന്ന് ഏഴാം ദിവസവും നേട്ടത്തിന് എല്ലാം ഒരുങ്ങിയിട്ടുണ്ട്. നാളെ റിസർവ് ബാങ്ക് പ്രഖ്യാപിക്കാനിരിക്കുന്ന പണനയത്തെപ്പറ്റി വിപണി വലിയ ആശങ്ക പുലർത്തുന്നുമില്ല.

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിലിൻ്റെ വില 100 ഡോളറിൽ താഴെയായതും വൈകാതെ 90 ഡോളറിൽ എത്തുമെന്ന സൂചനയും അനുകൂല വാർത്തയാണ്. രാജ്യത്തിൻ്റെ വാണിജ്യ കമ്മി മുതൽ വിലക്കയറ്റം വരെ കുറയ്ക്കുന്നതിന് വഴിതെളിക്കുന്നതാണു ക്രൂഡ് വിലയിടിവ്. എന്നാൽ വിലയിടിവിനുള്ള കാരണം -യുഎസിലും ചൈനയിലും സാമ്പത്തിക പ്രവർത്തനങ്ങളിലെ മാന്ദ്യം - അത്ര നല്ല കാര്യമല്ല എന്നതു വിപണി തൽക്കാലം അവഗണിക്കും.
അങ്ങനെ ആവേശത്തോടെയാണ് ഇന്ന് ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുക. മുഖ്യസൂചികകളുടെ പ്രധാന തടസ മേഖല മറികടന്നുള്ള ഒരു തുടക്കം തന്നെ പലരും പ്രതീക്ഷിക്കുന്നുണ്ട്. ഡെറിവേറ്റീവ് വ്യാപാരവും അതു സൂചിപ്പിക്കുന്നു. ആഗോള സൂചനകളും കുതിപ്പിനു സഹായകമാണ്.
തുടക്കത്തിലെ വലിയ താഴ്ചയ്ക്കും തുടർന്നു ചാഞ്ചാട്ടങ്ങൾക്കും ശേഷം തരക്കേടില്ലാത്ത നേട്ടത്തോടെയാണ് ഇന്ത്യൻ വിപണിയുടെ മുഖ്യ സൂചികകൾ ഇന്നലെ ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ ഒന്നു മുതൽ ഒന്നര വരെ ശതമാനം കയറി. യുഎസ് വിപണിയിൽ ഡൗ ജോൺസ് സൂചിക 1.29 ശതമാനം ഉയർന്നപ്പോൾ നാസ്ഡാക് 2.59 ശതമാനം കുതിച്ചു. കമ്പനികളുടെ റിസൽട്ടുകൾ മെച്ചപ്പെട്ടതും പലരും ലാഭപ്രതീക്ഷ ഉയർന്നതും സേവന മേഖലയുടെ പിഎംഐ സൂചിക അപ്രതീക്ഷിതമായി കുതിച്ചതും ജൂണിൽ ബിസിനസ് ഓർഡറുകൾ വർധിച്ചതായ റിപ്പോർട്ടും ഒക്കെ നേട്ടത്തിനു സഹായകമായി.
യുഎസ് ഫ്യൂച്ചേഴ്സ് രാവിലെ നേരിയ താഴ്ചയേ കാണിക്കുന്നുള്ളൂ. ഏഷ്യൻ വിപണികൾ ഇന്നു രാവിലെ നല്ല നേട്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,510 ഡോളറിൽ എത്തിയിരുന്നു. ഇന്നു രാവിലെ സൂചിക വീണ്ടും കയറിയിട്ട് 17,485 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു കയറ്റത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ബുധനാഴ്ച ഇന്ത്യൻ വിപണിയിൽ മുഖ്യ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 214.17 പോയിൻ്റ് (0.37%) ഉയർന്ന് 58,350.53-ലും നിഫ്റ്റി 42.7 പോയിൻ്റ് (0.25%) കയറി 17,388.15 ലും വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് ഇന്നലെ 57,788 വരെ താഴുകയും 58,476 വരെ കയറുകയും ചെയ്തു.
ഇതേ സമയം മിഡ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.7- ഉം 0.48-ഉം ശതമാനം താഴുകയായിരുന്നു. നിഫ്റ്റി ഐടി സൂചിക 1.35 ശതമാനം നേട്ടമുണ്ടാക്കി. ധനകാര്യ സേവന കമ്പനികളും ഓയിൽ - ഗ്യാസ് കമ്പനികളും നേരിയ നേട്ടത്തിലായി.
വിദേശ നിക്ഷേപകർ ഇന്നലെ 765.17 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 518.42 കോടി രൂപയുടെ ഓഹരികൾ വിറ്റു.
വിപണി പോസിറ്റീവ് സൂചനകളാണു നൽകുന്നത്. നിഫ്റ്റി 17,450 മേഖലയിലെ തടസം മറികടന്നാൽ 17,800 വരെ സുഗമ നീക്കം ഉണ്ടാകുമെന്നാണ് സങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. ഈ ബുൾ മുന്നേറ്റം 17,800- 17950-ലെ തടസങ്ങൾ തകർത്താൽ പുതിയ ഉയരങ്ങളിലേക്കു വിപണിയെ നയിച്ചെന്നു വരും.
നിഫ്റ്റിക്ക് 17,275 ലും 17,160-ലും സപ്പോർട്ട് ഉണ്ട്. 17,455-ഉം 17,525-ഉം തടസങ്ങൾ ആകാം.

ക്രൂഡ് ഓയിൽ വീണ്ടും 100 ഡോളറിനു താഴെ

ക്രൂഡ് ഓയിൽ ഡിമാൻഡ് കുറയുന്നു എന്നാണു പുതിയ വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഉപയോക്താക്കളായ യുഎസിലും ചൈനയിലും ഉപയോഗം കുറയും എന്നാണു വിപണിയുടെ കണക്കുകൂട്ടൽ. ഡബ്ള്യുടിഐ ഇനം ഇന്നലെ 90 ഡോളറിനു താഴെ എത്തിയിട്ട് അൽപം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 97 ഡോളറിനു താഴെയാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അൽപം ഉയർന്ന് 97.2 ഡോളറിൽ എത്തി. വില ഇനിയും താഴുമെന്നാണു സൂചന. ബ്രെൻ്റ് 90 ഡോളറിൽ താഴെ എത്തുമെന്നു പലരും പ്രവചിക്കുന്നുണ്ട്. ചൈനയിലെയും യുഎസിലെയും വ്യാവസായിക പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കുന്നു വിപണി ഗതി.
വ്യാവസായിക ലോഹങ്ങൾക്കു താഴ്ച ഉണ്ടാകില്ല എന്ന പ്രവചനങ്ങളെ അസ്ഥാനത്താക്കുന്ന വിധമാണു വിപണിവില നീങ്ങുന്നത്. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ലോഹങ്ങൾക്കെല്ലാം വിലയിടിഞ്ഞു. ചെമ്പ് 7800 ഡോളറിനും അലൂമിനിയം 2400 ഡാേളറിനും താഴോട്ടു നീങ്ങി. ഇരുമ്പയിര് 110 ഡോളറിലായി. ഊഹക്കച്ചവടം കൂടുതലുള്ള ലോഹങ്ങൾ മൂന്നും നാലും ശതമാനമാണു പ്രതിദിനം ഇടിയുന്നത്.
സ്വർണം വീണ്ടും താഴ്ചയിലേക്കാണ്. ഇന്നലെ 1754-1774 മേഖലയിൽ കയറിയിറങ്ങിയ മഞ്ഞലോഹം ഇന്നു രാവിലെ 1767- 17686 ഡാേളറിലാണു വ്യാപാരം. കേരളത്തിൽ ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി.
ഡോളർ സൂചിക വീണ്ടും കയറ്റത്തിലായതു സ്വർണത്തിന് ക്ഷീണം ചെയ്തു.

രൂപയ്ക്കു തിരിച്ചിറക്കം

ഡോളർ സൂചികയുടെ കയറ്റത്തിനൊപ്പം ഇന്ത്യയുടെ വാണിജ്യകമ്മി കുത്തനേ കൂടിയതും രൂപയെ ഇന്നലെ താഴാേട്ടു വലിച്ചു. ഡോളർ 78 പൈസ നേട്ടത്തോടെ 79.15 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ക്രൂഡ് ഓയിൽ വില കുറഞ്ഞതിൻ്റെ പേരിൽ ഇന്നു രൂപ നേട്ടമുണ്ടാക്കുമോ എന്നാണു വിപണി നോക്കുന്നത്.
യുഎസ് ഫെഡ് വർധിപ്പിക്കുന്നതിന് ആനുപാതികമായി ഇന്ത്യ പലിശ നിരക്കു വർധിപ്പിക്കുകയില്ല എന്ന സൂചനയും രൂപയ്ക്കു ക്ഷീണമായി.

റീപോ നിരക്ക് നാളെ അറിയാം

റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റിയുടെ തീരുമാനം നാളെ രാവിലെ പ്രഖ്യാപിക്കും. റീപോ നിരക്കിൽ 25 മുതൽ 50 വരെ ബേസിസ് പോയിൻ്റ് വർധനയാണ് കണക്കാക്കപ്പെടുന്നത്. കൂടുതൽ പേരുടെ നിഗമനം 35 ബേസിസ് പോയിൻ്റാണ്. ഇപ്പോൾ 4.9 ശതമാനത്തിലുള്ള റീപോ നിരക്ക് അതാേടെ 5.25 ശതമാനമാകും.
വിലക്കയറ്റം പിടിച്ചു നിർത്താൻ കുറേക്കൂടി ഉയർന്ന നിരക്കു വർധന വേണമെന്ന് പൊതുവേ അഭിപ്രായമുണ്ട്. എന്നാൽ വളർച്ചയെ ബാധിക്കാത്ത വിധമേ നിരക്കു കൂട്ടൂ എന്നാണു റിസർവ് ബാങ്ക് നിലപാട്. രൂപയുടെ നിരക്ക് താഴാതിരിക്കാനും ഉയർന്ന പലിശവർധന ആവശ്യമാണ്.

സേവനമേഖലയിൽ ദൗർബല്യം

ജൂലൈയിൽ രാജ്യത്തെ സേവന മേഖലയുടെ പിഎംഐ സർവേ നാലു മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്ക് കാണിച്ചു. ജൂണിൽ 59.2 ആയിരുന്ന സൂചിക ജൂലൈയിൽ 55.5 ആയി കുറഞ്ഞു. നിരീക്ഷകരുടെ നിഗമനത്തേക്കാളും മോശമാണു സൂചിക.
ഉൽപന്ന കയറ്റുമതി കുറയുന്നതായി കയറ്റിറക്കുമതി കണക്കുകൾ കഴിഞ്ഞ ദിവസം കാണിച്ചു. സേവന മേഖലയിലെ കയറ്റുമതിയും കുറയുന്നതായി സർവീസസ് പിഎംഐ സർവേ കാണിക്കുന്നു.ആറുമാസത്തിനിടയിൽ വിദേശ ഓർഡറുകൾ ഏറ്റവും കുറവായ മാസമാണു ജൂലൈ. വിലക്കയറ്റം ബിസിനസുകൾക്കു ഗുരുതര വിഷയമാണെന്നും സർവേ കാണിച്ചു. അഞ്ചു ശതമാനം കമ്പനികൾ മാത്രമേ ഈ വർഷം കൂടുതൽ ഉൽപ്പാദനം പ്രതീക്ഷിക്കുന്നുള്ളു. 94 ശതമാനവും മാറ്റമൊന്നും കാണുന്നില്ല.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it