ഇന്ന് ഓഹരി വ്യാപാരം തുടങ്ങും മുമ്പ് അറിയാം ഇക്കാര്യങ്ങൾ, എസ്ബിഐക്കു ലാഭം കൂടിയത് എങ്ങനെ? വോഡഫോണിനെ നിലനിർത്തണമെന്ന് എയർടെൽ

ബുൾ തരംഗം തുടർന്നപ്പോൾ സെൻസെക്സ് 54,000 നു മുകളിൽ സ്ഥാനമുറപ്പിച്ചു; നിഫ്റ്റി 16,250 നു മുകളിലും. ഇന്നലെ ഉയരങ്ങളിൽ ലാഭമെടുക്കലിനു സമ്മർദമുണ്ടായത് ഇന്നും തുടരാനാണു സാധ്യത. നിഫ്റ്റി 16,300 അടുത്തപ്പോൾ ഉണ്ടായ വിൽപന സമ്മർദം മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളെ വലിച്ചു താഴ്ത്തി. ഇന്നു മുഖ്യസൂചികകളിലും ഇതിൻ്റെ ആഘാതമുണ്ടാകാം. വിദേശികൾ വിപണിയിൽ വലിയ വാങ്ങലുകാരായത് കുതിപ്പിനു സഹായിച്ചു. അത് ഇന്നും തുടരാം.

ഇന്നലെ യൂറോപ്യൻ ഓഹരികൾ ഉയർന്നെങ്കിലും അമേരിക്കയിൽ മുഖ്യസൂചികകൾ താഴാേട്ടായിരുന്നു. ഇന്നു രാവിലെ ഏഷ്യൻ വിപണികളും ഉണർവിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിൻ്റെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 16, 287ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 16,260 ലാണു വ്യാപാരം തുടങ്ങിയത്. രണ്ടു ദിവസത്തെ കുതിപ്പിനു ശേഷം ഇന്ന് ലാഭമെടുക്കലിനുള്ള വിൽപന സമ്മർദം നിക്ഷേപകർ കാണുന്നുണ്ട്.
അമേരിക്കൻ വിപണിയിലെ ഇടിവും അമേരിക്കയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തായതും വിപണിയെ സ്വാധീനിക്കാം. അമേരിക്കയിലും ചൈനയിലും ഫാക്ടറി ഉൽപാദന വളർച്ച കുറയുന്നതു മൂലം ലോഹങ്ങൾക്കും ക്രൂഡ് ഓയിലിനും വിലയിടിഞ്ഞതു വിപണി നിരീക്ഷിക്കുന്നുണ്ട്.

ബാങ്കുകൾ കുതിച്ചു

ബാങ്കുകളും ധനകാര്യ കമ്പനികളുമാണ് ഇന്നലെത്തെ കുതിപ്പിനു നേതൃത്വം നൽകിയത്. ബാങ്ക് നിഫ്റ്റി 821 പോയിൻ്റ് ( 23 ശതമാനം) ഉയർന്നു. എച്ച്ഡിഎഫ്സി (4.8% ഉയർച്ച), കൊട്ടക് മഹീന്ദ്ര ബാങ്ക് ( 3.74%), ഐസിഐസിഐ ബാങ്ക് (3.6%), എച്ച്ഡിഎഫ്സി ബാങ്ക് (2%) എന്നീ നാലു സ്ഥാപനങ്ങളുടെ ഉയർച്ച സെൻസെക്സിലേക്ക് 543 പോയിൻ്റ് ചേർത്തു.
ഐടി കമ്പനികൾ തുടക്കത്തിൽ മുന്നിലായിരുന്നെങ്കിലും ലാഭമെടുക്കലിനെ തുടർന്നു താണു. ടെലികോമും റിയൽറ്റിയും കുത്തനെ ഇടിഞ്ഞു. വോഡഫോൺ ഐഡിയ 18 ശതമാനം താഴോട്ടു പോയി.

വിശാലവിപണിയിൽ ഇടിവ്

ഇന്നലെ മുഖ്യസൂചികകൾ റിക്കാർഡ് കുറിച്ചപ്പോൾ വിശാല വിപണി താഴോട്ടു പോയി. 1137 ഓഹരികൾക്കു വില കൂടിയപ്പോൾ 2119 എണ്ണത്തിനു വില കുറഞ്ഞു. മിഡ് ക്യാപ് സൂചിക 1.19 ശതമാനവും സ്മോൾ ക്യാപ്സൂചിക 1.01 ശതമാനവും താണു. മൊത്തം വിപണി മൂല്യത്തിൽ അര ലക്ഷം കോടി രൂപയുടെ ഇടിവുമുണ്ടായി.
അത്ര നല്ല സൂചനയല്ല ഇതു നൽകുന്നതെന്നു പലരും കരുതുന്നു. എന്നാൽ ഇപ്പോഴത്തെ ബുൾ തരംഗത്തിന് ഇനിയും കരുത്തു ശേഷിക്കുന്നുണ്ടെന്ന നിലപാടാണു ബ്രോക്കറേജുകളുടേത്. 16,400-16,700 മേഖല ലക്ഷ്യം വയ്ക്കാനും അവർ മടിക്കുന്നില്ല. വിൽപന സമ്മർദം വന്നാലും 16,145 ലെ സപ്പോർട്ടിൽ വിപണി നിൽക്കുമെന്നാണ് സാങ്കേതിക വിശകലനക്കാരിലെ ബുള്ളുകൾ വിലയിരുത്തുന്നത്.

വിദേശികൾ ആവേശത്തോടെ

വിദേശ നിക്ഷേപകർ വീണ്ടും ഓഹരികളിൽ അവേശപൂർവം നിക്ഷേപിക്കുന്നുണ്ട്. ഇന്നലെ 2828.57 കോടി രൂപ അവർ ഓഹരികളിലേക്കു പുതുതായി ഒഴുക്കി. ചൊവ്വാഴ്ച 2116.6 കോടിയുടെ ഓഹരികൾ വാങ്ങിയിരുന്നു. ജൂലൈയിൽ വിൽപനക്കാരായിരുന്ന വിദേശികൾ വിപണിയിൽ തിരിച്ചെത്തിയത് ഇനിയും ഉയരത്തിലേക്കു നീങ്ങാൻ കരുത്തു പകരും. അമേരിക്കയിൽ കടപ്പത്ര വില ഉയരുന്നത് പലിശ വർധന ഉടനെ ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ്. അവിടെ പലിശ താണു നിൽക്കുമ്പോൾ ഇന്ത്യ പോലുള്ള വികസ്വര വിപണികളിലാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ലാഭം കാണുന്നത്.

19 ദിവസം കൊണ്ട്

സെൻസെക്സ് 19 വ്യാപാര ദിനങ്ങൾ കൊണ്ടാണ് 53,000-ൽ നിന്ന് 54,000-ലെത്തിയത്. 52,000 ൽ നിന്ന് 53,000-ലെത്താൻ 96 ദിവസം വേണ്ടി വന്നിരുന്നു.എന്നാൽ 50,000-ൽ നിന്ന് 51,000-ലെത്താൻ മൂന്നു ദിവസവും തുടർന്ന് ആയിരം കയറാൻ അഞ്ചു ദിവസവും മാത്രമേ വേണ്ടി വന്നിരുന്നുള്ളു. കഴിഞ്ഞ വർഷം നവംബർ ഒൻപതിന് 42,000 കടന്ന സെൻസെക്സ് പത്തു മാസം കൊണ്ട് 12,000 പോയിൻ്റ് ഉയർന്നു.

ക്രൂഡിനും ലോഹങ്ങൾക്കും ക്ഷീണം

ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും താണു. ഡബ്ള്യുടിഐ ഇനം 68.26 ഡോളറിലെത്തിയപ്പോൾ ബ്രെൻ്റ് ഇനം 70.48 ആയി. ഒറ്റ ദിവസം കൊണ്ട് മൂന്നു ശതമാനം താഴ്ച. ചൈനീസ് ഇറക്കുമതി കുറഞ്ഞു; അവിടെ ഫാക്ടറി ഉൽപാദന വളർച്ച മന്ദഗതിയിലായി. ഇതോടൊപ്പം അമേരിക്കയിൽ ക്രൂഡ് സ്റ്റോക്ക് വർധിക്കുകയും വാഹന നിർമാണമടക്കം പല മേഖലകളിലും വളർച്ച നിരക്കു താഴുകയും ചെയ്തു. മൈക്രാേചിപ്പുകളുടെ ക്ഷാമവും കോവിഡ് വ്യാപനവും ജനറൽ മോട്ടോഴ്സിനെയും ഫോഡിനെയും ഉൽപാദനം കുറയ്ക്കാൻ നിർബന്ധിതരാക്കി. ജനറൽ മോട്ടോഴ്സ് ഓഹരി വില ഇന്നലെ 8.9 ശതമാനം ഇടിഞ്ഞു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും താണു. ചെമ്പ് 1.58 ശതമാനവും അലൂമിനിയം 1.14 ശതമാനവും താണു. സ്റ്റീലും താഴ്ചയിലാണ്.
സ്വർണ വില ഉയരാൻ ശ്രമിച്ചെങ്കിലും വീണ്ടും പിന്നോട്ടടിച്ചു. ഇന്നലെ 1834 ഡോളർ വരെ കയറിയ സ്വർണം വീണ്ടും താണ് ഇന്ന് രാവിലെ 1810-1812 ഡോളർ മേഖലയിൽ വ്യാപാരം നടക്കുന്നു.

മൈക്രോ ചിപ് ദൗർലഭ്യം: കാർ ഉൽപാദനം കുറയും

മൈക്രോ ചിപ്പുകളുടെ ദൗർലഭ്യം ഇന്ത്യയുടെ കാർ വിപണിയെ സാരമായി ബാധിക്കുന്ന അവസ്ഥയിലേക്കു നീങ്ങുന്നു. ചിപ് ദൗർലഭ്യം ഒരു വർഷം കൂടി തുടരുമെന്നാണു സൂചന. മാരുതി സുസുകി അടക്കമുള്ള കമ്പനികൾ ഉൽപാദനം കുറയ്ക്കാൻ നിർബന്ധിതരായി.
ജൂലൈ - സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ കാർ ഉൽപാദനത്തിൽ ഒരു ലക്ഷം എണ്ണത്തിൻ്റെ കുറവുണ്ടാകും എന്നാണു നിഗമനം. വരുമാനത്തിൽ 10,000 കോടിയുടെ കുറവ് വരും.
മാരുതി ജൂണിലെ ഉൽപാദനം 1.99 ലക്ഷം എണ്ണത്തിൽ നിന്ന് 1.71 ലക്ഷമായി കുറച്ചിരുന്നു. ഇപ്പോൾ ഓഗസ്റ്റിലെ ഉൽപാദനം 1.57 ലക്ഷത്തിലേക്കു കുറയ്ക്കുകയാണ്. ഗുജറാത്തിലെ പ്ലാൻ്റിൽ ഉൽപാദനം രണ്ടു ഷിഫ്റ്റിൽ നിന്ന് ഒരു ഷിഫ്റ്റിലേക്കു കുറച്ചു. കൂടുതൽ ഡിമാൻഡും ലാഭമാർജിനും ഉള്ള സ്വിഫ്റ്റ്, ഡിസയർ, ബലേനോ മോഡലുകൾ നിർമിക്കുന്നത് ഗുജറാത്ത് പ്ലാൻ്റിലാണ്.
ഹ്യുണ്ടായി, ടാറ്റാ മോട്ടോഴ്സ്, കിയ, എംജി, ടൊയോട്ട തുടങ്ങിയ മറ്റു കാർ നിർമാതാക്കളും ചിപ് ദൗർലഭ്യം മൂലം ഉൽപാദനം കുറയ്ക്കാൻ നിർബന്ധിതരാകും.

പ്രതീക്ഷയിലും മികച്ച റിസൽട്ടുമായി ടൈറ്റൻ

ആഭരണ-വാച്ച് കമ്പനി ടൈറ്റൻ പ്രതീക്ഷകളെ മറികടന്ന റിസൽട്ട് പുറത്തിറക്കി. വരുമാനം അനാലിസ്റ്റുകളുടെ എസ്റ്റിമേറ്റിനേക്കാൾ വർധിച്ചപ്പോൾ കമ്പനി തരക്കേടില്ലാത്ത ലാഭം നേടി. 2856 കോടി വിറ്റുവരവിൽ 10.7 കോടി നഷ്ടമാണ് അനാലിസ്റ്റുകൾ കണക്കാക്കിയിരുന്നത്. എന്നാൽ ഒന്നാം പാദ വിറ്റുവരവ് 3249 കോടിയായി. അറ്റാദായം 61 കോടിയിലെത്തി.
കഴിഞ്ഞ വർഷം ലോക്ക് ഡൗൺ മൂലം ഒന്നാം പാദത്തിൽ 270 കോടി രൂപ നഷ്ടം ടൈറ്റനു സംഭവിച്ചിരുന്നു. ഇത്തവണ ബുള്ളിയൻ വ്യാപാരത്തിലെ വരുമാനം 601 കോടിയിൽ നിന്ന് 424 കോടിയിലേക്കു കുറഞ്ഞു. അതേ സമയം ആഭരണവിൽപന 1182 കോടിയിൽ നിന്ന് 2467 കോടിയിലേക്കു വർധിച്ചു.

എസ്ബിഐ ലാഭം കുതിച്ചു; വായ്പാവർധന വേണ്ടത്ര ഇല്ല

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ ഒന്നാം പാദ റിസൽട്ട് മികച്ചതായി. കോവിഡ് പ്രതിസന്ധിക്കിടയിലും ലാഭം ഗണ്യമായി കൂടി. 6504 കോടി രൂപയുടെ ഒന്നാം പാദ ലാഭത്തിൽ 1692 കോടി രൂപ കിംഗ്ഫിഷർ എയർലൈൻസിൻ്റെ വായ്പാ ഈടുകൾ വിറ്റ് ലഭിച്ചതാണ്.
രണ്ടാം കോവിഡ് തരംഗം മൂലം വായ്പാ തിരിച്ചടവിൽ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും ജൂലൈയിൽ അവയിൽ സിംഹഭാഗവും പരിഹരിക്കാനായെന്നു മാനേജ്മെൻറ് പറഞ്ഞു. ഭവന, ചെറുകിട വ്യവസായ, സ്വർണപ്പണയ വായ്പകളിൽ തിരിച്ചടവ് പ്രശ്നമാകുന്നുണ്ട്. വായ്പാ വർധന 5.79 ശതമാനം മാത്രമാണ്. കമ്പനികളുടെ വായ്പയെടുക്കൽ 2.33 ശതമാനം കുറഞ്ഞു. ഭവന വായ്പകൾ കഴിഞ്ഞ വർഷം ഒന്നാം പാദത്തെ അപേക്ഷിച്ചു 11 ശതമാനം കൂടിയെങ്കിലും ജനുവരി- മാർച്ചിനെ അപേക്ഷിച്ചു കുറവാണ്. ബ്രോക്കറേജുകൾ കണക്കാക്കിയതിലും മെച്ചമാണു ബാങ്കിൻ്റെ റിസൽട്ട്.

ബിർല ഒഴിഞ്ഞു; വോഡഫോൺ ഐഡിയയ്ക്കു രക്ഷാ വഴി തെളിഞ്ഞില്ല

തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന വോഡഫോൺ ഐഡിയയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു നിന്ന് കുമാർ മംഗളം ബിർല ഒഴിഞ്ഞു. ഡയറക്ടർ ബോർഡിൽ നിന്നും പിന്മാറി. കമ്പനിയിലെ തങ്ങളുടെ 27 ശതമാനം ഓഹരി ഗവണ്മെൻ്റിനു നൽകാൻ ആദിത്യ ബിർല ഗ്രൂപ്പ് സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് ഈ പിന്മാറ്റം. 44.4 ശതമാനം ഓഹരിയുള്ള ബ്രിട്ടീഷ് ഗ്രൂപ്പ് വോഡഫോണും ഓഹരി കൈമാറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വോഡഫോൺ ഐഡിയയെ ഏറ്റെടുക്കാനോ അവരാവശ്യപ്പെട്ട ആനുകൂല്യങ്ങൾ നൽകാനോ ഗവണ്മെൻ്റ് ഉദ്ദേശിക്കുന്നതായി സൂചനയില്ല. ഏറ്റെടുത്താൽ രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ ബാധ്യത വരും. ടെലികോം നിരക്കുകളിൽ തറവില നിശ്ചയിക്കാനുള്ള അപേക്ഷ അംഗീകരിച്ചാൽ നിയമ പ്രശ്നങ്ങൾ ഉണ്ടാകും. നിരക്കു കൂട്ടിയാലും മറ്റ് ആനുകൂല്യങ്ങൾ വഴി എതിർ കമ്പനികൾ വോഡഫോൺ ഐഡിയയെ തുടർന്നും ഞെരുക്കും .വരുമാനവിഹിത കുടിശിക ഒഴിവാക്കാനുള്ള അപേക്ഷ സ്വീകരിച്ചാൽ മറ്റു കമ്പനികൾക്കും ആ ഇളവ് നൽകണം. അതു സർക്കാരിനു വലിയ ബാധ്യതയാകും. ഇതൊക്കെയാണു ഗവണ്മെൻ്റിൻ്റെ വാദങ്ങൾ.
വോഡഫോൺ ഐഡിയ ഇല്ലാതാകുന്നത് ടെലികോം വിപണിക്കു തന്നെ ആഘാതമാകുമെന്ന് ഭാരതി എയർടെൽ സിഇഒ ഗോപാൽ വിട്ടൽ ഇന്നലെ പറഞ്ഞു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it